95 റൺസിലൊതുങ്ങി ഇന്ത്യ, ബംഗ്ലാദേശിനെ 87ന് എറിഞ്ഞിട്ടു; 9 റൺസിന് 2 വിക്കറ്റ് വീഴ്ത്തി മിന്നു മണി

SP

ബംഗ്ലാദേശിനെതിരായ ടി20യിൽ ഇന്ത്യൻ വനിതാ ടീമിന് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് മാത്രമേ എടുക്കാനായുള്ളു. ആരാധകർ പോലും തോൽവി ഉറപ്പിച്ച മത്സരത്തിൽ പക്ഷേ ബൗളർമാരുടെ പ്രകടനം ഇന്ത്യയെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു. ബംഗ്ലാദേശിനെ 87 റൺസിന് പുറത്താക്കിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. എട്ട് റൺസിനാണ് ഇന്ത്യയുടെ ജയം. മലയാളി താരം മിന്നു മണിയുടെ തകർപ്പൻ പ്രകടനവും ഇന്ത്യക്ക് വിജയം സമ്മാനിക്കാൻ സഹായിച്ചു

നാല് ഓവർ എറിഞ്ഞ മിന്നുമണി കേവലം 9 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഒരു ഓവർ മെയ്ഡൻ ആയിരുന്നു. ദീപ്തി ശർമ, ഷഫാലി വർമ എന്നിവർ മൂന്ന് വീതവും അനുഷ ഒരു വിക്കറ്റുമെടുത്തു. 38 റൺസെടുത്ത നിഗർ സുൽത്താനയാണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ ടോപ് സ്‌കോറർ. മറ്റാർക്കും രണ്ടക്കം കടക്കാനുമായില്ല

നേരത്തെ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ഇന്ത്യക്ക് പിന്നീട് താളം നഷ്ടപ്പെടുകയായിരുന്നു. സ്മൃതി മന്ദാന 13 റൺസിനും ഷഫാലി വർമ 19 റൺസിനും വീണു. യാഷിക ഭാട്യ 11 റൺസും ദീപ്തി ശർമ 10 റൺസും അമൻജോത് കൗർ 14 റൺസുമെടുത്തു. മിന്നു മണി അഞ്ച് റൺസുമായി പുറത്താകാതെ നിന്നു

Share this story