തോല്‍വികള്‍ മറക്കാന്‍ മുംബൈയും ബാംഗ്ലൂരും; ലക്ഷ്യം ഒന്നാം സ്ഥാനം: ബാംഗ്ലുർ ബാറ്റു ചെയ്യും

തോല്‍വികള്‍ മറക്കാന്‍ മുംബൈയും ബാംഗ്ലൂരും; ലക്ഷ്യം ഒന്നാം സ്ഥാനം: ബാംഗ്ലുർ ബാറ്റു ചെയ്യും

അബുദാബി: ഐപിഎൽ 48 ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആദ്യം ബാറ്റു ചെയ്യും. ഷെയ്ഖ് സായദ് സ്റ്റേഡിയത്തിൽ ടോസ് ജയിച്ച മുംബൈ നായകൻ കീറോൺ പൊള്ളാർഡ് ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചത്. ഇന്നത്തെ മത്സരത്തിലും രോഹിത് ശർമ കളിക്കുന്നില്ല.

ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

മുംബൈ ഇന്ത്യൻസ്:
ഇഷന്‍ കിഷന്‍, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് (നായകന്‍), ക്രുണാല്‍ പാണ്ഡ്യ, ജയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചഹര്‍, ട്രെന്‍ഡ് ബൗള്‍ട്ട്, ജസ്പ്രീത് ബുംറ.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:
ദേവ്ദത്ത് പടിക്കല്‍, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), വിരാട് കോലി (നായകന്‍), എബി ഡിവില്ലേഴ്‌സ്, ഗുര്‍കീറത്ത് സിങ് മന്‍, ശിവം ദൂബെ, ക്രിസ് മോറിസ്, വാഷിങ്ടണ്‍ സുന്ദര്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹാല്‍.

പോയിന്റ് തലപ്പത്ത് ഒന്നാമത് തുടരാനുള്ള ശ്രമത്തിലാണ് മുംബൈ ഇന്ത്യന്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാകട്ടെ, മുംബൈയെ പിടിച്ച് താഴെയിട്ട് ഒന്നാം സ്ഥാനം കയ്യടക്കാനുള്ള നീക്കത്തിലും. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റാണ് ബാംഗ്ലൂരിന്റെ വരവ്. കഴിഞ്ഞമത്സരത്തില്‍ ബാംഗ്ലൂരിന്റെ ബാറ്റിങ് നിര അലസമായി കളിച്ചു. കോലിയും ഡിവില്ലേഴ്‌സുമൊഴികെ മറ്റാരും ക്രീസില്‍ നിന്നു കളിക്കാന്‍ ശ്രമിച്ചില്ല. മുന്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് എതിരെ ഗംഭീര പ്രകടനം നടത്തിയ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ ചെന്നൈയ്ക്ക് എതിരെ നിറംമങ്ങുന്നതും ആരാധകര്‍ കാണുകയുണ്ടായി. അന്ന് 8 വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ തോല്‍വി.

മറുഭാഗത്ത് മുംബൈയുടെ കാര്യമെടുത്താല്‍ നായകന്‍ രോഹിത് ശര്‍മ ഇന്നത്തെ മത്സരം കളിക്കാന്‍ സാധ്യത കുറവാണ്. നിലവില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്നത്. കഴിഞ്ഞമത്സരത്തില്‍ രാജസ്ഥാനോടേറ്റ ഭീമന്‍ തോല്‍വി മുംബൈയ്ക്കും ക്ഷീണം ചെയ്യുന്നുണ്ട്. ബെന്‍ സ്‌റ്റോക്ക്‌സിന്റെ അത്യുഗ്രന്‍ പ്രകടനത്തിന് മുന്‍പില്‍ മുംബൈ നാമാവശേഷമാവുകയായിരുന്നു. ഇതേസമയം, വാലറ്റത്ത് ഹാര്‍ദിക് പാണ്ഡ്യയുണ്ടെന്നത് മുംബൈ ഇന്ത്യന്‍സിന് വലിയ ആശ്വാസമേകുന്നുണ്ട്. എന്തായാലും ഇന്നത്തെ മത്സരത്തില്‍ ആര് ജയിക്കുമെന്ന് വൈകാതെ കണ്ടറിയാം.

Share this story