അരങ്ങേറ്റത്തിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റെടുത്ത് മലയാളി താരം മിന്നു; ബംഗ്ലാദേശ് തകർച്ചയിൽ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനായി അരങ്ങേറ്റം നടത്തി മലയാളി താരം മിന്നു മണി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടുന്ന ആദ്യ കേരളാ താരമാണ് മിന്നു മണി. അരങ്ങേറ്റം ഗംഭീരമാക്കാനും മിന്നുവിന് സാധിച്ചു. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് എടുത്താണ് മിന്നു തന്റെ പ്രതിഭ അറിയിച്ചത്. ഓൾ റൗണ്ടറാണ് വയനാട് സ്വദേശിയായ മിന്നു മണി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 13 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും സഹിതം തകർത്തടിച്ചു കൊണ്ടിരുന്ന ഷമീമ സുൽത്താനയെ തന്റെ ആദ്യ ഓവറിലെ നാലാം പന്തിലാണ് മിന്നു പുറത്താക്കിയത്.
നിലവിൽ ബംഗ്ലാദേശ് 13 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് എന്ന നിലയിലാണ് 18 റൺസുമായി ശോഭന മോസ്‌ട്രേയും മൂന്ന് റൺസുമയാി ഷൊർണ അക്തറുമാണ് ക്രീസിൽ. ഇന്ത്യക്കായി മിന്നു, പൂജ വസ്ത്രകർ, എന്നിവർ ഓരോ വിക്കറ്റെടുത്തു. 22 റൺസെടുത്ത ഷാഥി റാണി, 17 റൺസെടുത്ത ഷമീമ, 2 റൺസെടുത്ത നിഗർ സുൽത്താന എന്നിവരാണ് പുറത്തായത്. നിഗർ റൺ ഔട്ടാകുകയായിരുന്നു.