സൗദി പ്രോ ലീഗ് സൂപ്പറാകും; മുഹമ്മദ് സലായും സൗദി ക്ലബ്ബിലേക്കെന്ന് റിപ്പോർട്ട്

ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും നെയ്മർക്കും പിന്നാലെ മറ്റൊരു സൂപ്പർ താരമായ മുഹമ്മദ് സലായും സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയേക്കുമെന്ന് വാർത്ത. സൗദി ക്ലബ്ബുകളുമായി ചർച്ച നടത്താൻ ഏജന്റിന് സലാ നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ച മുമ്പ് മുഹമ്മദ് സലാ സൗദിയിലേക്ക് പോകുമെന്ന വാർത്തകൾ ഏജന്റ് റാമി അബ്ബാസ് നിഷേധിച്ചിരുന്നു. എന്നാൽ നിലവിൽ സാഹചര്യങ്ങൾ മാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരുന്ന വാർത്ത
ലിവർപൂൾ താരമായ സലായെ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ പരിശീലകൻ യുർഗൻ ക്ലോപ് കളിപ്പിച്ചിരുന്നില്ല. കളിച്ച മത്സരത്തിൽ 77ാം മിനിറ്റിൽ തിരിച്ചു വിളിക്കുകയും ചെയ്തു. ഇതിൽ താരം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ക്ലോപ്പും സലായും തമ്മിലുള്ള ബന്ധം വഷളായെന്നും സൗദി ക്ലബ്ബുകളുമായി ചർച്ച നടത്താൻ താരം നിർദേശം നൽകിയെന്നുമാണ് വാർത്ത
അൽ ഇത്തിഹാദാണ് സലായെ ലക്ഷ്യമിട്ടിരിക്കുന്നത്. പ്രതിവർഷം 60 ദശലക്ഷം യൂറോ സലായ്ക്ക് ഇത്തിഹാദ് വാഗ്ദാനം ചെയ്തിട്ടുണ്ട്. സൗദി പ്രോ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ഇത്തിഹാദ് കരീം ബെൻസേമ, എൻകോളോ കാന്റെ, ഫാബീഞ്ഞോ തുടങ്ങിയ സൂപ്പർ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്.