ടോസ് മുംബൈയ്ക്ക്; ബാറ്റിങ് തിരഞ്ഞെടുത്തു: രോഹിത് പുറത്ത് തന്നെ

ടോസ് മുംബൈയ്ക്ക്; ബാറ്റിങ് തിരഞ്ഞെടുത്തു: രോഹിത് പുറത്ത് തന്നെ

അബുദാബി: ഐപിഎല്ലിലെ 45ാമത്തെ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച മുംബൈ ക്യാപ്റ്റന്‍ കരെണ്‍ പൊള്ളാര്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് ഭേദമാവാത്തതിനാല്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും സ്ഥിരം നായകന്‍ രോഹിത് ശര്‍മയില്ലാതെയാണ് മുംബൈ ഇറങ്ങിയത്. ഇതോടെ പൊള്ളാര്‍ഡ് തന്നെ നായകനായി തുടരുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് മുംബൈ ഇറങ്ങിയത്. നതാന്‍ കൂള്‍ട്ടര്‍ നൈലിനു പകരം മറ്റൊരു ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണാണ് പകരം പ്ലെയിങ് ഇലവനില്‍ എത്തിയത്. മറുഭാഗത്ത് രാജസ്ഥാന്‍ ടീമില്‍ മാറ്റങ്ങളില്ലായിരുന്നു.

14 പോയിന്റുമായി തലപ്പത്ത് നില്‍ക്കുന്ന മുംബൈയ്ക്കു ഈ മല്‍സരം ജയിച്ചാല്‍ പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാം. മറുഭാഗത്ത് രാജസ്ഥാന് പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയിച്ചേ തീരൂ. ഇനിയൊരു തോല്‍വി കൂടി ഏറ്റുവാങ്ങിയാല്‍ അതോടെ രാജസ്ഥാന്റെ വഴിയടയും. 10 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റോടെയാണ് മുംബൈ ലീഗില്‍ തലപ്പത്ത് നില്‍ക്കുന്നത്. രാജസ്ഥാനാവട്ടെ ഏഴാം സ്ഥാനത്താണ്. എട്ടു പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. മുംബൈയ്‌ക്കെതിരേ മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ രാജസ്ഥാന് പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ സാധിക്കും. പക്ഷെ മിന്നുന്ന ഫോമിലുള്ള മുംബൈയെ കൊമ്പുകുത്തിക്കണമെങ്കില്‍ രാജസ്ഥാന് തങ്ങളുടെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുക്കേണ്ടിവരും.

കഴിഞ്ഞ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു എട്ടു വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. അന്നത്തെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. മുംബൈയാവട്ടെ സിഎസ്‌കെയെ 10 വിക്കറ്റിനു കശാപ്പ് ചെയ്തതിന്റെ ആവേശത്തിലാണ് രാജസ്ഥാനുമായി കൊമ്പുകോര്‍ക്കുന്നത്. ഈ സീസണിലെ ആദ്യപാദത്തില്‍ രാജസ്ഥാനെതിരേ മികച്ച വിജയം കൊയ്യാന്‍ മുംബൈയ്ക്കു കഴിഞ്ഞിരുന്നു. അന്നു 57 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം.

പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്– റോബിന്‍ ഉത്തപ്പ, ബെന്‍ സ്റ്റോക്‌സ്, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത് (ക്യാപ്്റ്റന്‍), റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, അങ്കിത് രാജ്പൂത്ത്, കാര്‍ത്തിക് ത്യാഗി.

മുംബൈ ഇന്ത്യന്‍സ്– ക്വിന്റണ്‍ ഡികോക്ക്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

Share this story