തുടരെ രണ്ട് സിക്‌സര്‍; കെകെആറിനെ കരയിച്ച് ജഡേജ: മുംബൈ പ്ലേഓഫില്‍

തുടരെ രണ്ട് സിക്‌സര്‍; കെകെആറിനെ കരയിച്ച് ജഡേജ: മുംബൈ പ്ലേഓഫില്‍

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസിലാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറ്റൊരു ടീമിനെക്കൂടി പുറത്താവലിന്റെ വക്കിലെത്തിച്ചു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ് ഇത്തവണ സിഎസ്‌കെയ്ക്കു മുന്നില്‍ ചുവടു പിഴച്ചത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ കെകെആറിന് അവസാന ഓവറിലെ അവസാന രണ്ടു പന്തുകളില്‍ പിഴയ്ക്കുകയായിരുന്നു. ആറു വിക്കറ്റിനാണ് സിഎസ്‌കെയുടെ വിജയം. കെകെആറിന്റെ പരാജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടുകയും ചെയ്തു.

173 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയുടെ വിജയം പിറന്നത് അവസാന പന്തിലായിരുന്നു. 10 റണ്‍സായിരുന്നു അവസാന ഓവറില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. കമലേഷ് നാഗര്‍കോട്ടിയെറിഞ്ഞ ആദ്യ നാലു പന്തില്‍ മൂന്നു റണ്‍സ് മാത്രമാണ് സിഎസ്‌കെയ്്ക്കു നേടാനായത്. എന്നാല്‍ അഞ്ചാമത്തെ പന്ത് സിക്‌സറിലേക്കു പറത്തി ജഡേജ സ്‌കോര്‍ തുല്യമാക്കി. ഇതോടെ അവസാന പന്തില്‍ വേണ്ടത് സിംഗിള്‍. എന്നാല്‍ ഈ ബോളും സിക്‌സറിലേക്കു പായിച്ച് ജഡേജ ടീമിന് ആവേശോജ്വല വിജയം നേടിക്കൊടുത്തു. 11 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം ജഡേജ 31 റണ്‍സ് വാരിക്കൂട്ടി. യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് (72) സിഎസ്‌കെയുടെ വിജയത്തിന് അടിത്തറയിട്ടത്. ടൂര്‍ണമെന്റില്‍ തുടരെ രണ്ടാമത്തെ കളിയിലാണ് താരം ഫിഫ്റ്റി നേടിയത്. 53 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. അമ്പാട്ടി റായുഡുവാണ് (38) മറ്റൊരു പ്രധാന സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കെകെആര്‍ ഓപ്പണര്‍ നിതീഷ് റാണയുടെ (87) തകര്‍പ്പന്‍ ഇന്നിങ്‌സിലേറിയാണ് അഞ്ചു വിക്കറ്റിനു 172 റണ്‍സെടുത്തത്. 61 പന്തില്‍ 10 ബൗണ്ടറികളും നാലു വമ്പന്‍ സിക്‌സറുകളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കെകെആര്‍ നിരയില്‍ മറ്റാരും 30ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല. ശുഭ്മാന്‍ ഗില്‍ (26), ദിനേഷ് കാര്‍ത്തിക് (21*) എന്നിവരാണ് 20 കടന്നവര്‍. സുനില്‍ നരെയ്ന്‍ (7), നായകന്‍ ഇയോന്‍ മോര്‍ഗന്‍ (15), റിങ്കു സിങ് (11), രാഹുല്‍ ത്രിപാഠി (3*) എന്നിവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. സിഎസ്‌കെയ്ക്കു വേണ്ടി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡി രണ്ടു വിക്കറ്റെടുത്തു.

ടോസ് ലഭിച്ച സിഎസ്‌കെ നായകന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുത്തു. മൂന്നു മാറ്റങ്ങളുമായാണ് സിഎസ്‌കെ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഫാഫ് ഡുപ്ലെസി, ഇമ്രാന്‍ താഹിര്‍, മോനു കുമാര്‍ എന്നിവര്‍ക്കു പകരം ഷെയ്ന്‍ വാട്‌സന്‍, ലുംഗി എന്‍ഗിഡി, കാണ്‍ ശര്‍മ എന്നിവര്‍ കളിച്ചു. കൊല്‍ക്കത്ത ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം റിങ്കു സിങ് ടീമിലെത്തി.

ആദ്യ വിക്കറ്റില്‍ ഫിഫ്റ്റി

കെകെആര്‍ ആഗ്രഹിച്ചൊരു തുടക്കം തന്നെയാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും നിതീഷ് റാണയും നല്‍കിയത്. റാണ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ ഗില്‍ തുടക്കം മുതല്‍ നല്ല ഒഴുക്കോടെ ഷോട്ടുകള്‍ പായിച്ചു. ആദ്യ വിക്കറ്റില്‍ 53 റണ്‍സിന്റെ കൂട്ടുകെട്ട് ഇരുവരും ചേര്‍ന്നു പടുത്തുയര്‍ത്തി.

എട്ടാം ഓവറിലെ രണ്ടാം പന്തില്‍ ഗില്‍ പുറത്തായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. 17 പന്തില്‍ 26 റണ്‍സെടുത്ത ഗില്ലിനെ സ്പിന്നര് കാണ്‍ ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കി. 88.7 കിമി മാത്രം വേഗതയുണ്ടായിരുന്ന പന്തിനെതിരേ ഗില്ലിന് ടൈമിങ് പിഴച്ചപ്പോല്‍ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു.

നരെയ്ന്‍ പെട്ടെന്നു പുറത്ത്

അതിവേഗം റണ്‍സ് അടിച്ചെടുത്ത് സിഎസ്‌കെ ബൗളര്‍മാരുടെ താളം തെറ്റിക്കുകയെന്ന ലക്ഷ്യത്തോടെ സുനില്‍ നരെയ്‌നെയാണ് കെകെആര്‍ മൂന്നാമനായി ഗ്രൗണ്ടിലിറക്കിയത്. നേരിട്ട മൂന്നാമത്തെ പന്തില്‍ സിക്‌സര്‍ പറത്തിയ നരെയ്ന്‍ തുടക്കം മിന്നിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഏഴാമത്തെ പന്തില്‍ അദ്ദേഹം പുറത്തായി. മിച്ചെല്‍ സാന്റ്‌നര്‍ക്കായിരുന്നു വിക്കറ്റ്. വേഗം കുറഞ്ഞ ബോളിനെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച നരെയ്‌ന് പാളി. ഡീപ്പ് മിഡ് വിക്കറ്റില്‍ രവീന്ദ്ര ജഡേജയാണ് ക്യാച്ചെടുത്തത്.

റിങ്കു സിങ് മടങ്ങി

റിങ്കു സിങായിരുന്നു തുടര്‍ന്നു കളിച്ചത്. സ്‌കോറിങിനു വേഗമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു റിങ്കുവിനും പ്രൊമോഷന്‍ നല്‍കിയത്. റാണയ്‌ക്കൊപ്പം 33 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു താരം മടങ്ങിയത്. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്. 11 പന്തില്‍ ഒരു ബൗണ്ടറിയടക്കം 11 റണ്‍സ് മാത്രമാണ് താരമെടുത്തത്.

ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച പന്ത് ആകാശത്തേക്കുയര്‍ന്നപ്പോള്‍ ഫൈന്‍ ലെഗ്ഗില്‍ അമ്പാട്ടി റായുഡു അനായാസം ക്യാച്ച് ചെയ്തു.

റാണ- മോര്‍ഗന്‍ കൂട്ടുകെട്ട്

റാണയും ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനും ചേര്‍ന്ന് ഭേദപ്പെട്ട കൂട്ടുകെട്ടിലൂടെ കെകെആറിനെ ഭദ്രമായ സ്‌കോറിലെത്തിച്ചു. 44 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഇതിനിടെ റാണ തന്റെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. കാണ്‍ ശര്‍മയെറിഞ്ഞ 16ാം ഓവറില്‍ ഹാട്രിക്ക് സിക്‌സറുകളാണ് റാണ പറത്തിയത്. 18ാം ഓവറില്‍ റാണയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിനു തിരശീല വീണു. ലുംഗി എന്‍ഗിഡിക്കായിരുന്നു വിക്കറ്റ്. ലോങ് ഓണിനു മുകളിലൂടെ ഷോട്ടിനു ശ്രമിച്ച റാണയ്ക്കു പിഴച്ചു. ആകാശത്തേക്കുയര്‍ന്ന പന്ത് സാം കറെന്‍ പിടികൂടി.

Share this story