ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിച്ച് വാറ്റ്കിൻസ്; നെതർലാൻഡിനെ തകർത്ത് യൂറോ ഫൈനലിൽ

eng

യൂറോ കപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഇംഗ്ലണ്ട് ഫൈനലിൽ. സെമിയിൽ നെതർലാൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് ഫൈനലിൽ കയറിയത്. പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിൻസാണ് ഇൻജുറി ടൈമിൽ ഇംഗ്ലണ്ടിനായി വിജയഗോൾ നേടിയത്. 

മത്സരം അധിക സമയത്തേക്ക് നീളുമെന്ന് തോന്നിച്ച സമയത്താണ് വാറ്റ്കിൻസിന്റെ ഗോൾ പിറന്നത്. ഫൈനലിൽ സ്‌പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമാണ് ഡോർട്ട്മുണ്ടിലെ സ്‌റ്റേഡിയത്തിൽ കണ്ടത്. നെതർലാൻഡാണ് ആദ്യം ഗോളടിച്ച് തുടങ്ങിയത്. ഏഴാം മിനിറ്റിൽ സാവി സിമോൺസ് നെതർലാൻഡിനെ മുന്നിലെത്തിച്ചു

18ാം മിനിറ്റിൽ ഹെരി കെയ്‌നെ ഫൗൾ ചെയ്തതിന് വിഎആർ പരിശോധനക്ക് ശേഷം റഫറി ഇംഗ്ലണ്ടിന് പെനാൽറ്റി അനുവദിച്ചു. കിക്ക് എടുത്ത ഹാരി കെയ്ൻ ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചതോടെ 1-1 എന്ന നിലയിലായി. പിന്നീട് ഇംഗ്ലണ്ട് കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്

ബെല്ലിംഗ്ഹാമും ഫോഡനും സാകയും കെയ്‌നുമൊക്കെ ഓറഞ്ച് ബോക്‌സിലേക്ക് ഇരച്ചുകയറി. മറുവശത്ത് അപകടകരമായ കൗണ്ടർ അറ്റാക്കിലൂടെ ഡച്ച് പടയും ഭീതി വിതച്ചു. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിലായിരുന്നു. 

രണ്ടാം പകുതിയിലും കൊണ്ടും കൊടുത്തും മുന്നേറിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് വാറ്റ്കിന്‌സിന്റെ ഗോൾ പിറന്നത്. ഇതോടെ മൈതാനത്ത് ഡച്ച് പടയുടെ കണ്ണീരും വീണു
 

Share this story