എന്തൊരു ഗതികേടാണിത്; ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ കവർച്ച, താരങ്ങളുടെ കിറ്റ് മോഷണം പോയി
Updated: Apr 19, 2023, 15:25 IST

ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാമ്പിൽ വൻ മോഷണം. ക്യാപ്റ്റൻ ഡേവിഡ് വാർണർ അടക്കം വിവിധ താരങ്ങളുടെ ക്രിക്കറ്റ് കിറ്റുകൾ മോഷണം പോയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനായി ബെംഗളൂരുവിൽ നിന്ന് ഡൽഹിയിൽ എത്തിയയതിനു പിന്നാലെയാണ് മോഷണം നടന്നത്.
ഐപിഎൽ ഈ സീസണിൽ കളിച്ച കളിയെല്ലാം തോറ്റ് നിൽക്കുന്നതിനിടെയാണ് ഡൽഹി ക്യാപിറ്റൽസിന് മറ്റൊരു തിരിച്ചടി കൂടി നേരിട്ടത്. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, യാഷ് ധുൽ, ഫിൽ സാൾട്ട് എന്നിവരുടെ കിറ്റ് ബാഗുകളാണ് മോഷണം പോയത്. 16 ലക്ഷം രൂപയോളം വിലമതിയ്ക്കുന്ന സാധനങ്ങളാണ് മോഷണം പോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഞ്ച് മത്സരങ്ങളിൽ അഞ്ചും തോറ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്.