ലോകകപ്പിന്റെ റിഹേഴ്‌സൽ: ഏഷ്യാ കപ്പിന് ഇന്ന് തുടക്കം, ആദ്യ മത്സരം പാക്കിസ്ഥാനിൽ

ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും. ഏകദിന ലോകകപ്പ് നടക്കുന്നതിന് മുമ്പുള്ള പ്രധാന ടൂർണമെന്റ് ആയതിനാൽ ഏഷ്യാ കപ്പിൽ തീപാറുമെന്ന് ഉറപ്പാണ്. ലോക കിരീടം ലക്ഷ്യമിടുന്ന വൻ ടീമുകൾ തന്നെയാണ് ഏഷ്യാ കപ്പിലും നേർക്കുനേർ വരുന്നത്.
ഏഷ്യാ കപ്പിൽ മത്സരിക്കുന്നവരിൽ നേപ്പാൾ ഒഴികെയുള്ള അഞ്ച് ടീമുകൾ ലോകകപ്പിലുമുണ്ട്. ലോകകപ്പിന് മുന്നോടിയായി ടീമിന്റെ ശക്തിയും കുറവുമൊക്കെ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാകും ഓരോ ടീമും ടൂർണമെന്റിൽ ഇറങ്ങുക. അഞ്ച് വർഷത്തിന് ശേഷമാണ് ഏകദിന ഫോർമാറ്റിൽ ഏഷ്യാ കപ്പ് നടക്കുന്നത്.
ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ നേരിടും. പാക്കിസ്ഥാനിലെ മുൾട്ടാനിലാണ് മത്സരം. ബാബർ അസം തന്നെയാണ് പാക്കിസ്ഥാന്റെ കരുത്ത്. നേപ്പാളിനെതിരെ അനായാസ ജയമാണ് പാക്കിസ്ഥാൻ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ രണ്ടിനാണ്. പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. സെപ്റ്റംബർ 17നാണ് ഫൈനൽ.