കഥ: ഓഫ് ലൈഫ്

കഥ: ഓഫ് ലൈഫ്

എഴുത്തുകാരൻ: അൻവർ മൂക്കുതല


” ഇതൊരു കഥ മാത്രമാണെന്ന അവസാനവരി കൂടി എഴുതിച്ചേര്‍ത്ത് പോസ്റ്റ് എന്ന ഐക്കൺ അവള്‍ ക്ലിക്ക് ചെയ്തു.”

അവളുടെ പേരിൽ വന്ന പോസ്റ്റ് വായിച്ചതിനു ശേഷം ലോഗ് ഔട്ട് ചെയ്തു ഞാൻ ബെഡിലേക്ക് കിടന്നു.
എഴുതാനിരിക്കുമ്പോള്‍ മനസ്സിലേക്ക് വരുന്ന കഥാപത്രങ്ങൾ അനവധിയാണ്.

നേരിട്ട് അറിയുന്നവരും ഒറ്റത്തവണ മാത്രം കണ്ടവരും ഒരിക്കലും നേരില്‍ കാണാത്തവരുമൊക്കെയായി അങ്ങനെ പലരും . വായനക്കാരനു മുന്നില്‍ നല്ലവളെ വേശ്യയായും , കള്ളനെ സൽപുത്രനായും , മരിച്ചവനെ ജീവിപ്പിച്ചും ഞാൻ വരച്ചു വെച്ചിട്ടുണ്ട്. ആകാംഷയുടെ മുൾമുനയിൽ നിർത്തിയ കഥകളുടെ ചരിത്രവും സത്യസന്ധതയും അന്വേഷിച്ച് ഇൻബോക്സിൽ വരുന്നവരെ കൂടുതൽ ആകാംക്ഷയിലേക്ക് തള്ളിയിട്ടു ഞാൻ ആനന്ദം കണ്ടെത്തിയിരുന്നു .

” എന്‍റെ കഥയെഴുതാമോ അല്ലെങ്കിൽ എനിക്ക് വേണ്ടി എഴുതിത്തരുമോ ”
എന്ന ചോദ്യവുമായി വന്ന ഒരു മെസേജിനു തൂലിക പിടിക്കുന്നവന്‍റെ കൗതുകം കൊണ്ടാണ്
“അതിനെനെന്താ നമുക്ക് എഴുതാലോ”-
എന്നൊരു മറുപടി ഞാന്‍ അവള്‍ക്കു നല്‍കിയത്. പിന്നെ ഏറെ നാളുകൾ അവളുടെ യാതൊരു വിവരവും ഇല്ലായിരുന്നു .ഫേസ്‌ബുക്കിന്‍റെ ആത്മരതിയുടെ ലോകത്തു ആസ്വദിച്ചു നടക്കുന്നതിനിടക്ക് ഞാനും ആ വിഷയം വിട്ടു എന്നുതന്നെ പറയാം.

” മറുപടി കിട്ടുമെന്ന പ്രതീക്ഷയില്ലാതെ അയച്ച മെസേജായതു കൊണ്ടാണ് പിന്നീട് നെറ്റ് ഓഫർ ചെയ്യാതിരുന്നത്. എഴുതാമെന്നു പറഞ്ഞതിന് നന്ദി. അനുഭവ കഥകൾ കൊണ്ടും വർണ്ണനകൾ കൊണ്ടും നിങ്ങൾ ഓൺലൈൻ ലോകത്തു അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ്. പക്ഷെ, ഈ കഥ നിങ്ങളുടെ പേരിലല്ല അറിയപ്പെടേണ്ടത്. എന്‍റെ പേരിൽ ഞാൻ എഴുതിയതായി പോസ്റ്റ് ചെയ്യണം, നിങ്ങളുടെ ചില കഥകൾ പോലെ ആകാംക്ഷ നിറഞ്ഞൊരു അവസാനം വേണം. സമ്മതമെങ്കിൽ നിങ്ങൾക്ക് എന്ത് പ്രതിഫലവും ചോദിക്കാം”
.
അവളുടെ മെസേജ് ഒന്നു രണ്ടാവര്‍ത്തി വായിച്ചു നോക്കി,
അവള്‍ എന്താണ് ഉദേശിക്കുന്നത്? തീവ്രമായ തന്മയീഭാവത്തോടെ അവളുടെ ആവശ്യം എന്നെ ആകാംക്ഷയിലേക്ക് തള്ളിവിടുക തന്നെ ചെയ്തു. കോണ്ടാക്റ്റ് നമ്പർ ചോദിച്ചുകൊണ്ട് അപ്പോള്‍ത്തന്നെ ഞാൻ അവൾക്കൊരു മെസേജ് അയച്ചു.

“നമ്പർ തരു ,നമുക്ക് സംസാരിക്കാം”

മറുപടിയായി വന്നത് ഒരു സ്കൈപ്പ് ഐഡിയാണ് കൂടെ, ഇതുവഴി ബന്ധപ്പെടാം എന്നൊരു കുറിപ്പും.

സ്കൈപ്പ് ഓണ്‍ലൈന്‍ ആക്കി അപ്പോള്‍ തന്നെ ഞാന്‍ വിളിച്ചു. ഫോൺ എടുത്തതും പൊട്ടിച്ചിരിയാണ് ഞാൻ അങ്ങേത്തലയ്ക്കല്‍നിന്നും കേട്ടത്,

” എന്താ ചിരിക്കുന്നത്..?”

” ഇത്ര പെട്ടെന്ന് വിളിക്കുമെന്ന് കരുതിയില്ല. താങ്കളുടെ ആകാംക്ഷയും മാനസികാവസ്ഥയും ഓർത്തു നോക്കിയപ്പോള്‍ ചിരിച്ചു പോയതാണ്. ”

” നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം, ഒരു എഴുത്തുകാരന് തനിക്കു കിട്ടിയ വ്യത്യസ്തമായ ഒരു മെസേജിനോട് തോന്നുന്ന ആകര്‍ഷണമേ നിങ്ങളയച്ച മെസേജിനോട് എനിക്കും തോന്നിയിട്ടുള്ളൂ. .അതിനപ്പുറം എന്‍റെ മാനസികാവസ്ഥയെ പിടിച്ചുലക്കാൻ മാത്രം നിങ്ങളെനിക്ക് ആരുമല്ല ”

അവളുടെ മറുപടി നല്‍കിയ അസ്വസ്ഥതയും മുഷിച്ചിലും ഞാന്‍ മറച്ചു വെച്ചില്ല.

അവള്‍ അപ്പോഴും മനസ്സ് തുറന്നു ചിരിച്ചു,

” താങ്കള്‍ നുണ പറഞ്ഞു ബുദ്ധിമുട്ടേണ്ട, ഞാൻ പറയാൻ പോകുന്ന കഥ നിങ്ങൾ എഴുത്തുകാർ ഒരുപാട് തവണ എഴുതി മടുത്ത വിഷയമാണ്. ഒരു പെണ്ണിന്‍റെ മാംസം പങ്കിട്ട് ആസ്വദിക്കുന്ന കാട്ടാളന്മാരുടെ കാടത്തം പോലെ നിങ്ങള്‍ സ്ത്രീകളെ കഥാപാത്രങ്ങളാക്കി ആത്മരതിയുടെ ലോകത്തു വലിയവരായി സ്വയം നടിക്കുന്നു.”

” കഥയും കഥാപാത്രങ്ങളും എഴുത്തുകാരന്‍റെ സ്വാതന്ത്ര്യമാണ് .അതിനെ ജീവിതമായി കാണുന്ന നിങ്ങളാണ് വിഡ്ഢികൾ ”

“എഴുത്തുകാരാ, ഞാൻ പളുങ്കു പോലെ ശുദ്ധമായ മനസ്സുള്ളവളും എച്ചിൽ പോലെ അഴുക്കായ ശരീരമുള്ളവളുമാണ് .നിങ്ങളൊരു കഥയെഴുതൂ, പലരും പറഞ്ഞു മടുത്ത വിഷയമായ രക്തബന്ധത്താൽ പീഡിപ്പിക്കപ്പെട്ട ഒരു പെണ്ണിന്‍റെ കഥ. അന്ത്യത്തിൽ അപൂർണ്ണമായ ഒരു കഥ പോലെ, ജീവിതം അവസാനിപ്പിച്ച ഒരു പെണ്ണിന്‍റെ കഥ. കഥയുടെ ഉള്ളാഴങ്ങളിലെക്ക് എഴുത്തുകാരൻ അറിയാതെ എത്തിപ്പെടുന്ന കഥ ”

“ഈ കഥയിൽ ഞാൻ ആഗ്രഹിക്കുന്ന ഒരു പുതുമയോ ആകാംക്ഷയോ ഇല്ല .എന്‍റെ വായനക്കാരെ നിരാശരാക്കാന്‍ എനിക്ക് സാധിക്കില്ല.”

” ഒരു നിമിഷം..”
നിങ്ങളുടെ പേരിലല്ല ഈ കഥയെന്നത് ഞാന്‍ ആദ്യമേ പറഞ്ഞതാണ് .ഈ കഥ നാളെ ആയിരങ്ങൾ വായിക്കും. എഴുതിയ എന്‍റെ ഐഡിയിലേക്ക് ആളുകൾ എത്തപ്പെടും. കഥയിൽ പറഞ്ഞ എഴുത്തുകാരനെ വായനക്കാർ തിരയും. അതുകൊണ്ട് നിങ്ങള്‍ എഴുതണം.”

മറുത്തൊന്നും പറയാൻ തോന്നിയില്ല. അവള്‍ പറഞ്ഞതു പോലെ രക്തബന്ധം കൊണ്ട് പീഡിപ്പിക്കപ്പെട്ട ഒരു പെണ്ണിന്‍റെ കഥ ഞാനെഴുതി, കഥയുടെ ഒടുക്കത്തില്‍ ആത്മഹത്യ ചെയ്യുന്ന പെണ്ണിന്‍റെ കഥ. ഇത്തരം കഥകൾ മുൻപ് എഴുതിയതു കൊണ്ടും ഓൺലൈൻ ലോകത്തു ലൈക് വാരിക്കൂട്ടുന്ന വിഷയമായതകൊണ്ടും എനിക്കതിനു വലിയ വിഷമമൊന്നും ഉണ്ടായില്ല. എങ്കിലും എഴുതിക്കൊണ്ടിരുന്നപ്പോള്‍ അക്ഷരങ്ങള്‍ക്കപ്പുറം യാഥാർഥ്യവുമായി അവളുടെ കഥക്ക് എവിടെയൊക്കെയോ ബന്ധമുണ്ടെന്ന തോന്നൽ എന്നെ വല്ലാതെ ഭയപ്പെടുത്തി.

അനുഭവ കഥകൾ കൊണ്ട് വായനക്കാരെ സൃഷ്‌ടിച്ച എനിക്ക്, അവളുടെ കഥയില്‍ ഞാനും ഉൾപ്പെട്ടുവോയെന്ന ചിന്ത ഭയം പോലെ വല്ലാതെ വീർപ്പുമുട്ടിച്ചു .നിർത്തിപ്പോരാൻ കഴിയാത്ത ഏതോ ഒരു അദൃശ്യ ശക്തി അതിലേക്ക് വലിച്ചടുപ്പിക്കുന്ന പോലെ.
അവളുടെ പേരിലാണ് കഥ എഴുതുന്നതെങ്കിലും എന്‍റെ അക്ഷരങ്ങളാണ് ഇവ. ചിന്തകളെ പിടിച്ചു നിർത്തി, ”

* ഇതൊരു കഥ മാത്രമാണെന്ന അവസാനവരി കൂടി എഴുതിച്ചേര്‍ത്ത് പോസ്റ്റ് എന്ന ഐക്കൺ അവള്‍ ക്ലിക്ക് ചെയ്തു*.

എന്ന അവസാനത്തെ വാചകത്തോടെ കഥ മുഴുവനാക്കി ഞാന്‍ അവൾക്ക് അയച്ചു. കുറച്ചു നിമിഷങ്ങൾക്ക് ഉള്ളിൽ സ്കൈപ്പ് റിങ് ചെയ്യാൻ തുടങ്ങി .

കോള്‍ അറ്റൻഡ് ചെയ്തു ഞാൻ നിശബ്ദനായി നിന്നു .
.
“പ്രിയപ്പെട്ട എഴുത്തുകാരാ, നിങ്ങളോടു ഭൂമിയിൽ ഏറ്റവും കടപ്പെട്ടവളായി ഈ ജന്മം അവസാനിക്കും. നിങ്ങളെക്കൂടി ഇതിലേക്ക് വലിച്ചിഴച്ചത് കുറച്ചു മുൻപ് നിങ്ങൾ എഴുതി എനിക്കയച്ച കഥയുടെ തീവ്രമായ വികാരസാധ്യതകൾ കൂടെ പരിഗണിച്ചാണ്, അനുഭവത്തിന്‍റെ അംശം ചേർന്നാൽ മാത്രമേ നിങ്ങളുടെ അക്ഷരങ്ങൾക്ക് ജീവൻ ഉണ്ടാവു എന്ന തിരിച്ചറിവാണ്.”

മറുപടി എന്തെങ്കിലും പറയും മുൻപേ ഫോണ്‍ നിശബ്ധമായി.

നിമിഷങ്ങൾക്കുള്ളിൽതന്നെ അവൾ ആ കഥ പോസ്റ്റ് ചെയ്തു. കൈയ്യിലെ ഞരമ്പ് മുറിച്ച് രക്തം പ്രവഹിക്കുന്ന ചിത്രത്തോടൊപ്പം അവള്‍ എനിക്കയച്ച മെസേജിന്‍റെ സ്ക്രീൻ ഷോട്ട് കൂടി എഡിറ്റ് ചെയ്തു ചേർത്ത ചിത്രമായിരുന്നു അവള്‍ കഥയോടുകൂടി പോസ്റ്റ്‌ ചെയ്തിരുന്നത്.
ഒരുപക്ഷെ ചോര വാര്‍ന്നൊഴുകാൻ തുടങ്ങുന്ന കൈ അവളുടേത്‌ തന്നെയാകാം, പക്ഷെ എന്തിനു വേണ്ടി?

വിയർപ്പിനു പകരം ചോര ചീന്തുന്ന പോലെ എന്‍റെ ശരീരം വികൃതമായിരിക്കുന്നു .
സമയം നോക്കിയപ്പോൾ, അത് അർദ്ധരാത്രിക്കും സൂര്യോദയത്തിനും മദ്ധ്യേ നിശ്ചലമായിരിക്കുന്നു.

ആകാംക്ഷ നിറഞ്ഞ മറ്റൊരു കഥയ്ക്ക്‌ പേന ചലിപ്പിച്ചുകൊണ്ടു എഴുത്തുകാരന്‍റെ സൃഷ്ടിസംഹാരചെയ്തികളിലേക്ക് മറ്റൊന്നുകൂടി. പുലരാതിരിക്കുന്ന ഒരു പുലരിയിലേക്ക് ശരീരത്തെ തള്ളിവിട്ടു കൊണ്ട് ഈ വിരലുകൾ ഇനി നിശ്ചലമാവട്ടെ…

Share this story