ഉയിർപ്പ്

ഉയിർപ്പ്

എഴുത്തുകാരൻ: രഘു, കുന്നുമ്മക്കര

നളിനിയുടെ മൃതദേഹം ഫ്രീസറിലാക്കി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസിൽ കൊണ്ടുവന്നിറക്കുമ്പോൾ രാവിലെ ഏഴുമണി കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ.

നഗരത്തിനപ്പുറത്തേ ചേരിയിലേ കുഞ്ഞുവീട്ടിലേക്ക് ആരൊക്കെയോ ഫ്രീസർ പിടിച്ചിറക്കി.
വീട്ടിലപ്പോൾ നാരായണനും ശാരദയും രണ്ടു പെൺമക്കളും, നളിനിയുടെ മകളും മാത്രമേയുണ്ടായിരുന്നുള്ളൂ.
ഇടുങ്ങിയ വഴിയിലൂടെ ഏറെ കഷ്ടപ്പെട്ട് തിരിച്ചശേഷം ആംബുലൻസ് പൊടിപറത്തി അപ്രത്യക്ഷമായി.
ഒപ്പം, മൃതശരീരമിറക്കാൻ സഹായിച്ചവരും.

കുഞ്ഞുവീടിന്നകത്തേ ചെറിയ തളത്തിൽ മൃതദേഹത്തിന്നരികിലായി അവർ നാലുപെണ്ണുങ്ങളിരുന്നു.
ശാരദയും, രണ്ടു പെൺമക്കളും, നളിനിയുടെ മോളും…
ഇന്നലെവരേ ആ വീട്ടിൽ അഞ്ചു പെണ്ണുങ്ങളുണ്ടായിരുന്നു.
ഗുണ്ടാ നാരായണന്റെ രണ്ടു ഭാര്യമാരും, അവർക്കുണ്ടായ മൂന്നു പെൺമക്കളും.
നളിനിയേ ഇന്നലേ രാത്രിയിലാണ് ആശുപത്രിയിൽ കൊണ്ടുപോയത്.
വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.
അർദ്ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.
അതോടെ, ബാക്കിയുള്ള പെണ്ണുങ്ങൾ വീട്ടിലേക്കു മടങ്ങി.

ഉമ്മറത്തിണ്ണയിൽ ആപ്പിൾ ബീഡിയും വലിച്ച് നാരായണനിരുന്നു.
അയാളുടെ കൊമ്പൻ മീശയെ കാലം ശോഷിപ്പിച്ചിരുന്നു.
കരിതേച്ചു ഉഗ്രത നിലനിർത്താനുള്ള പാഴ്ശ്രമങ്ങളുടെ പരിണിതഫലമാകാം,
മീശക്കിപ്പോൾ തവിട്ടു നിറമായിരിക്കുന്നു.
അയൽവക്കങ്ങളിലുള്ളവർ മൃതദേഹം കണ്ടു പുറത്തിറങ്ങി ഇടുങ്ങിയ ചെമ്മൺവഴിയോരത്ത് അങ്ങിങ്ങായി നിലയുറപ്പിച്ചു.
അവർ പരസ്പരം എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.
വരും നടപടികൾ നാരായണനോടു സംസാരിച്ചു വേണം നിശ്ചയിക്കാൻ .
അവർ നാരായണനരികിലേക്കു നീങ്ങി.
കുറുകിയ മിഴികൾ ഒന്നുകൂടി കൂർപ്പിച്ച് നാരായണൻ അകലേക്കെങ്ങോ നോക്കിയിരുന്നു.
ചുണ്ടിലപ്പോഴും ബീഡിയെരിയുന്നുണ്ടായിരുന്നു.

ശാരദ, നളിനിയെത്തന്നെ നോക്കുകയായിരുന്നു.
പെൺമക്കളുടെ വിതുമ്പലുകളുടെ ചീന്തുകൾ നേർത്തു കേൾക്കാം.
ചില്ലുപെട്ടിക്കുള്ളിൽ നളിനി സ്വസ്ഥമായി കിടക്കുന്നു.
സ്വതേ വിളറിയ മുഖം, ഇപ്പോൾ വെള്ളക്കടലാസുപോലെയായിരിക്കുന്നു.
എത്ര വയസ്സുണ്ടായിരിക്കണമിപ്പോൾ.?
സമപ്രായമായിരിക്കണം.
ഏറിയാൽ അമ്പത്.
അതിൽക്കൂടില്ല.
സദാ പാറിപ്പറന്നു കിടക്കാറുള്ള തലമുടി ഫ്രീസർ മരവിപ്പിൽ ഏറെ അനുസരണയോടെ പതിഞ്ഞു കിടക്കുന്നു.
വെള്ളിനാരുകൾ ഇടകലർന്ന മുടിയിഴകൾ കാലത്തിന്റെ കണക്കുകൾ പറയാതെ പറയുന്നുണ്ടായിരുന്നു.
ഉണർന്നിരിക്കയാണെങ്കിൽ എത്ര തവണ ‘ശാരദേച്ചീ’ എന്ന വിളിയുയർന്നേനേ…

നളിനീ….
നീ യാത്ര പറയാതെ പോയില്ലേ…?
നിന്നോടു പിണക്കമില്ല…..
നീ ഭാഗ്യവതി..

സ്വന്തം വീട്ടിലെ ഇല്ലായ്മകളിൽ വട്ടംതിരിഞ്ഞ്, നാരായണന്റെ ഭാര്യാപദവിയെന്ന ദുര്യോഗത്തിലേക്ക് സ്വയം തലവച്ചുകൊടുക്കുമ്പോളും പ്രത്യാശയുടെ ഒരു നേർത്തകിരണം ബാക്കിയുണ്ടായിരുന്നു.
സ്‌നേഹിച്ചും, ക്ഷമാപൂർവ്വം പരിചരിച്ചും നാരായണനിൽ നിന്നും ഒരു മനുഷ്യനെ വേർതിരിച്ചെടുക്കാനാകുമെന്ന്.
ആ മോഹത്തിന്റെ കനൽത്തരികൾ അതിവേഗമണഞ്ഞു.
നാരായണന്റെ രാത്രിയിലെ ക്രൗര്യങ്ങൾക്കുള്ള ശമനോപകരണമായി അധപതിച്ചപ്പോൾ ജീവിതമെന്നത് വെറുമൊരു യാന്ത്രികതയായി.
മരിക്കാൻ ഭയമുള്ളവർ പേറുന്ന അതേ യാന്ത്രികത.

ഓരോ രാത്രിയിലും ദേഹത്തേ ഉടുപുടവകളേ ഉരിഞ്ഞെറിഞ്ഞ് ബലമായിപ്പടരുന്നൊരാൾ..
ദേഹമാകെ പരതുകയും അമർത്തിയുടച്ചു വേദനിപ്പിക്കുകയും ചെയ്യുന്ന പരുക്കൻ കൈകൾ.
ചുണ്ടുകളിൽ കിനിഞ്ഞിറങ്ങുന്ന ചാരായത്തിന്റെ അരുചി.
നാസാദ്വാരങ്ങളിലേക്ക് അടിച്ചുകയറുന്ന ബീഡിയുടേയും ചാരായത്തിന്റെയും സമ്മിശ്രഗന്ധം.
ഉലഞ്ഞിളകുന്ന കട്ടിലിന്റെ ഞെരക്കങ്ങൾക്കൊപ്പം കാതിലേക്കെത്തുന്ന മുരൾച്ചകളും, അശ്ലീലങ്ങളും….
അരക്കെട്ടിനെ തകർക്കുന്ന വേദനകളുടെ അന്ത്യത്തിൽ വഴുതിയൂർന്നിറങ്ങി മറിഞ്ഞു വീണുറങ്ങുന്ന ഭാരം….
പന്നിക്കൂടിനെ അനുസ്മരിപ്പിക്കുന്ന കൂർക്കംവലികൾ….
അതേ….
അതു മാത്രമായിരുന്നു നാരായണൻ.
നാലുവർഷങ്ങൾക്കിടയിൽ രണ്ടു കുട്ടികൾ ജനിക്കാനും അതുമതിയായിരുന്നു.

രണ്ടു പെൺകുട്ടികൾ….
ഒരാൾക്കു മൂന്നു വയസ്സും, ഇളയതിന് പത്തുമാസവും പ്രായം…
നാരായണന്റെ ഗൃഹസന്ദർശനങ്ങൾ വളരേ കുറഞ്ഞുവന്നിരുന്ന കാലം.
വല്ലപ്പോഴുമുള്ള വരവുകളിൽ എറിഞ്ഞു നൽകിയിരുന്ന മുഷിഞ്ഞ നോട്ടുകളിൽ പട്ടിണിയകറ്റിയ ദുരിതപർവ്വം.
നാരായണൻ എവിടെയൊക്കെയോ മദിച്ചു പുളച്ചു.
ആരുടെയൊക്കെയോ വിശ്വസ്തനായ കാവൽനായയായി.
അവർക്കു വേണ്ടി സകലകൊള്ളരുതായ്മകളും ചെയ്തു.
ഇരുട്ടു കട്ടപിടിച്ച വീട്ടിൽ ഒരമ്മയും രണ്ടു മക്കളും കഴിഞ്ഞു കൂടി….

ഒരിക്കലൊരു മിഥുനരാത്രിയിൽ ദുർബ്ബലമായ വാതിലിലുള്ള നിരന്തര മുട്ടൽ കേട്ടാണുണർന്നത്.
പേടിച്ചുകരഞ്ഞ മൂത്ത പെൺകുഞ്ഞിന്റെ വാ പൊത്തി, മറുകയ്യിൽ വെട്ടുകത്തിയെടുത്തു മുറുക്കേപ്പിടിച്ച് പതിയേ വാതിൽ തുറന്നു.
ഒരു ബീഡിക്കനലാണ് ആദ്യം തെളിഞ്ഞത്, അതിനോടനുബന്ധിച്ച് നാരായണന്റെ മുഖവും.
അയാൾക്കു പുറകിലായൊരു രൂപം പതുങ്ങിനിന്നിരുന്നു.
നാരായണന്റെ പുറകേ ആ നിഴൽരൂപവും അകത്തേക്കു കയറി.
മുനിഞ്ഞു കത്തിയ മണ്ണെണ്ണവിളക്കിന്റെ അരണ്ട വെട്ടത്തിലേക്ക് നാരായണൻ ആ അപരിചിതത്വത്തേ നീക്കി നിർത്തി..

‘ശാരദേ….
ഇതു നളിനി….
നീ കിടപ്പിലല്ലേ….
നിന്നെ സഹായിക്കാനും, ശുശ്രൂഷിക്കുവാനും വേണ്ടി ഞാൻ കൊണ്ടുവന്നതാ….
അതിനു പുറകേ, അവൾ എന്നേയും ശുശ്രൂഷിക്കും…..’

മറുപടി പറയാൻ കഴിഞ്ഞില്ല.
ഉപ്പുതൂണുപോലെയുറഞ്ഞു പോയവൾക്ക് വാക്കുകൾ പുറത്തു വന്നില്ല.
നളിനിയെ ആപാദചൂഢം ഒന്നു വീക്ഷിച്ചു.
വെളുത്തു സുന്ദരിയായ ഒരു പെണ്ണ്..
തന്റെ പ്രായം തന്നെ ഏകദേശം കാണുമായിരിക്കും.
ഒരുപക്ഷേ, തന്നെക്കാൾ ഇളപ്പമായിരിക്കും.
അവൾ ഒന്നുമുരിയാടാതെ തലതാഴ്ത്തി നിന്നതേയുള്ളൂ…

‘ശാരദേ….
നീയും പിള്ളാരും കട്ടിലീന്ന് താഴെയിറങ്ങിക്കിടക്ക്….
നളിനി വീട്ടിലെ പുതിയയാളല്ലേ….’

കട്ടിലിൽ നിന്നും തഴപ്പായ വലിച്ചെടുത്തു, കുട്ടികളേ ചുവരരികു ചേർത്തു കിടത്തുമ്പോൾ, ഭർത്താവിനോട് ഒരു ചോദ്യം മനസ്സിൽ സൂക്ഷിച്ചിരുന്നു.
‘നിങ്ങളെവിടെ കിടക്കും..?’

മണ്ണെണ്ണ വിളക്കണഞ്ഞു.
കട്ടിലിൽ ഇണചേരുന്ന പുരുഷന്റേയും സ്ത്രീയുടേയും ശീൽക്കാരങ്ങളുയർന്നു.
ഇരുളിലെ മുരൾച്ചകളും, ചീറ്റലുകളും കേട്ട് ചുവരരികേ കിടന്ന മൂത്തമകൾ ഞെട്ടിയുണർന്നു.
അവളുടെ മുഖത്തു കൂടി പുതപ്പുവലിച്ചിട്ട്, നെഞ്ചോടു ചേർത്തമർത്തി വീണ്ടുമുറക്കി…
കുഞ്ഞായിരുന്ന കാരണം അവളറിയാതെ പോയി.
അവളുടെയമ്മയുടെ നെഞ്ചിലാളിക്കത്തിയ തീയുടെ വേവ്…

കാലം പിന്നേയും മുന്നോട്ടു സഞ്ചരിച്ചു.
നളിനിയേ കൂടുതലടുത്തറിഞ്ഞപ്പോൾ അവളോടുള്ള വെറുപ്പും മാഞ്ഞുപോയി.
താൻ അനുഭവിച്ചതിനിരട്ടി ജീവിതദുരിതങ്ങൾ സഹിച്ചവൾ…
നാരായണന്റെ കെണിയിൽ കുടുങ്ങി വിലപ്പെട്ടതെല്ലാം നഷ്ടമായവൾ…
അയാൾക്കു മറ്റൊരു കുടുംബമുണ്ടെന്നറിഞ്ഞിട്ടും നാരായണനെ ഉപേക്ഷിക്കാൻ കഴിയാതിരുന്നത് താൻ അനുഭവിച്ച മരണഭയം സമാനമായി അവൾക്കുമുള്ളതുകൊണ്ടായിരുന്നു.

കുടുസ്സുമുറിയുടെ പരിമിതികൾക്കുള്ളിൽക്കിടന്ന് അവളൊരു പെൺകുഞ്ഞിനേ പെറ്റു.
നളിനിക്കൊരാൺകുഞ്ഞായിരിക്കാൻ പ്രാർത്ഥിച്ചതൊന്നും ഈശ്വരൻ ശ്രദ്ധിച്ചിട്ടുണ്ടാകില്ല.
അല്ലെങ്കിലും തന്റെ ഏതു പ്രാർത്ഥനകളാണ് ദൈവം കേട്ടത്…

ഏതോ തടി ലോറിയിലെ രാസഞ്ചാരത്തിനിടെയുണ്ടായ അപകടത്തിൽ നടു തകർന്ന നാരായണൻ കാലത്തിന്റെ നൈതികതക്കു കീഴടങ്ങി.
ഏറെക്കാലത്തിനു ശേഷമാണ് പതിയേയെങ്കിലും സഞ്ചരിക്കാനായത്.
ഒരുകാലത്ത്, നാടിനെ വിറപ്പിച്ച,അതിലേറെ വെറുപ്പിച്ച മൂന്നാംകിട ഗുണ്ട നടുവൊടിഞ്ഞ പാമ്പിനേപ്പോലെ ഉമ്മറത്തിണ്ണയിൽ ഇരിപ്പും കിടപ്പുമായി.
ആ വഴിയിലൂടെ കടന്നുപോയ പഴയ എതിരാളികൾ അയാൾക്കു നേരെ കാർക്കിച്ചു തുപ്പി..

കുട്ടികളുടെ പഠനവും, ജീവിതവും ചോദ്യചിഹ്നമായപ്പോൾ അമ്മമാർ രണ്ടുപേരുമൊന്നിച്ചാണ് മൈക്കാട് ജോലിക്കിറങ്ങിയത്.
അത്യദ്ധ്വാനത്തിന്റെ വർഷങ്ങൾ…
ഉമ്മറത്തിണ്ണയിലിരുന്ന പഴയ ഗുണ്ടയെ തീർത്തും അവഗണിച്ച്, അവർ കുടുംബം പുലർത്തി.
പെൺമക്കൾ അസ്സലായി പഠിച്ചു.
പതിയേ അവരുടെ വിജയങ്ങളുടെ കീർത്തിയുടെ നവ്യഗന്ധങ്ങളിൽ നാരായണൻ എന്ന അഴുക്കുചാലിനെ ജനങ്ങൾ വിസ്മരിച്ചു.
അവരുടെ വിജയങ്ങളിൽ അവർ ആഹ്ലാദിക്കുകയും സഹായസഹകരണങ്ങൾ കൊണ്ടുവരികയും ചെയ്തു.
ഒറ്റമുറി വീട് മേയാനും, ദുർബ്ബലതകൾ തീർക്കാനും അനേകം സഹായഹസ്തങ്ങളുണ്ടായി.
മുറിയിലെ പഴയ മേശപ്പുറത്ത് വിവിധ ഉപഹാരങ്ങൾ തിങ്ങിനിറഞ്ഞു.
മൂത്ത മകളുടെ ബിരുദാനന്തര ബിരുദം പൂർത്തിയായ സന്തോഷം കഴിഞ്ഞയാഴ്ച്ചയായിരുന്നു….

ഇന്നലേയും, ഒരുമിച്ചാണ് ജോലിക്കു പോയത്…
കുറേ സംസാരിച്ചു…
അതിലേറെ തമാശകൾ പറഞ്ഞു ചിരിച്ചു…
ഏറെ ചിരിച്ചപ്പോൾ നളിനി പറയുക കൂടി ചെയ്തു…

‘ ചേച്ചീ….
ഇന്നു കുറേ ചിരിച്ചു…
ഇതിനൊക്കെ കരയേണ്ടി വരുമോ ആവോ…?’

കരയേണ്ടി വന്നിരിക്കുന്നു…
ഉറക്കത്തിനിടയിലാണവൾ നെഞ്ചുവേദനയെന്നു പറഞ്ഞുണർന്നത്.
കിട്ടിയ വാഹനത്തിൽ അവളോടൊപ്പം ആശുപത്രിയിലേക്കു പോകുമ്പോളും അവൾ കൈവിരലുകളിൽ മുറുക്കേപ്പിടിച്ചു ‘ശാരദേച്ചീ’ എന്നു വിളിക്കുന്നുണ്ടായിരുന്നു….

‘ശാരദേച്ചീ…..’

നളിനി വിളിച്ചുവോ…?
ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു അവളേ മിഴിച്ചുനോക്കി…
ഇല്ല…
അവൾ സുഖമായുറങ്ങുന്നു…
ചില്ലുപെട്ടിക്കു മുകളിൽ ഒരീച്ചയലഞ്ഞു പാറുന്നു.
അവളുടെ മുഖത്തേ സ്പർശിക്കാനാവാഞ്ഞ്….
കൈകൾ വിരിച്ചു….
മൂന്നു പെൺപക്ഷികൾ ആ കൈത്തണ്ടകളിൻമേൽ ചേക്കേറുവാനൊരു ചില്ല കണ്ടെത്തി…

അമ്മയുടെ സംരക്ഷണത്തിന്റെ സുദൃഢമായ തണൽ…
ആ തണലിൽ അവർ കാത്തിരുന്നു…
നളിനിക്കു യാത്രയയപ്പൊരുക്കാൻ…
മിഴിനീരണിഞ്ഞ്….
വിതുമ്പലോടെ…..

Share this story