വില്യംസണിന് രക്ഷിക്കാനായില്ല; ഹൈദരാബാദിനെ റബാദ എറിഞ്ഞിട്ടു: ഡല്‍ഹി ഫൈനലില്‍

വില്യംസണിന് രക്ഷിക്കാനായില്ല; ഹൈദരാബാദിനെ റബാദ എറിഞ്ഞിട്ടു: ഡല്‍ഹി ഫൈനലില്‍

അബുദാബി: സ്‌കോര്‍ബോര്‍ഡില്‍ ലക്ഷ്യം 190. 90 റണ്‍സടിച്ചപ്പോഴേക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രധാന ബാറ്റ്‌സ്മാന്മാരെല്ലാം പുറത്ത്. ടീമിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം മുഴുവന്‍ കെയ്ന്‍ വില്യംസണിന്റെ മേല്‍. 14 ആം ഓവര്‍ മുതല്‍ അബ്ദുല്‍ സമദിനെയും കൂട്ടി വില്യംസണ്‍ ആഞ്ഞടിച്ചു. മുന്നോട്ടുള്ള ഓവറുകളില്‍ 12 റണ്‍സെങ്കിലും വേണം റണ്‍നിരക്കിനൊപ്പമെത്താന്‍. നോര്‍ക്കിയയും അശ്വിനുമെല്ലാം കണക്കിന് അടിവാങ്ങുന്നു. മറ്റൊരു അട്ടിമറി ജയം മോഹിച്ച് ഹൈദരാബാദ് ക്യാംപ്. എതിര്‍ഭാഗത്ത് റിക്കി പോണ്ടിങ്ങിന്റെ മുഖം മുറുകി. ജയത്തിനരികെ ഹൈദരാബാദ് എത്തിയിരിക്കുന്നു. എന്നാല്‍ സ്‌റ്റോയിനിസിന്റെ ഒരൊറ്റ ഓവറില്‍ ചിത്രം മാറി; ഡല്‍ഹി ഉയര്‍ത്തെഴുന്നേറ്റു. വില്യംസണ്‍ എന്ന ‘പവര്‍ഹൗസിനെ’ സ്റ്റോയിനിസ് പുറത്താക്കി. ഇവിടെത്തീര്‍ന്നു ഹൈദരാബാദിന്റെ പോരാട്ടവും.

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 17 റണ്‍സിന് തോല്‍പ്പിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റു ചെയ്ത ഹൈദരാബാദിന്റെ ഇന്നിങ്‌സ് 172 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജയത്തോടെ ഡല്‍ഹി ഫൈനല്‍ യോഗ്യത നേടി. ചൊവാഴ്ച്ച ഒരിക്കല്‍ക്കൂടി മുംബൈ ഇന്ത്യന്‍സുമായി ശ്രേയസ് അയ്യറും സംഘവും കൊമ്പുകോര്‍ക്കും, ഐപിഎല്‍ കിരീടത്തിനായി. ഹൈദരാബാദിന് വേണ്ടി കെയ്ന്‍ വില്യംസണും (45 പന്തില്‍ 67) അബ്ദുല്‍ സമദുമാണ് (16 പന്തില്‍ 33) കാര്യമായി പൊരുതിയത്. എന്നാല്‍ ഡല്‍ഹി പേസര്‍മാരുടെ സമയോജിത ഇടപെടല്‍ ഹൈദരാാബദിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു. മത്സരത്തില്‍ കഗീസോ റബാദയ്ക്ക് നാലു വിക്കറ്റുണ്ട്; മാര്‍ക്കസ് സ്‌റ്റോയിനിസിന് മൂന്നും.
രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണറെ (3 പന്തില്‍ 2) നഷ്ടപ്പെട്ടുകൊണ്ടാണ് ഹൈദരാബാദിന്റെ തുടക്കം. ശേഷം പവര്‍പ്ലേയ്ക്ക് മുന്‍പുതന്നെ പ്രിയം ഗാര്‍ഗും (12 പന്തില്‍ 17) മനീഷ് പാണ്ഡെയും (14 പന്തില്‍ 21) തിരിച്ചുകയറി. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച കെയ്ന്‍ വില്യംസണ്‍ – ജേസണ്‍ ഹോള്‍ഡര്‍ സഖ്യം ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിനെ സാവധാനം മുന്നോട്ടുകൊണ്ടുപോയി. 12 ആം ഓവറില്‍ ഹോള്‍ഡര്‍ (15 പന്തില്‍ 11) വീണതോടെയാണ് ഹൈദരാബാദിന്റെ നില വഷളായത്. റണ്‍സടിക്കേണ്ട ഉത്തരവാദിത്വം മുഴുവന്‍ കെയ്ന്‍ വില്യംസണിന് മേലായി. 17 ആം ഓവറില്‍ വില്യംസണ്‍ (45 പന്തില്‍ 67) കൂടി പുറത്തായതോടെ ഹൈദരാബാദിന്റെ വീര്യം അവസാനിച്ചു. വാലറ്റത്ത് ബാറ്റ്‌സ്മാന്മാരെ ‘ചുരുട്ടിക്കൂട്ടാന്‍’ റബാദയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല.

ഡൽഹിയുടെ പോരാട്ടം

ശിഖര്‍ ധവാനെ പിടിച്ചുകെട്ടാനായിരുന്നു മത്സരം മുഴുവന്‍ ഡേവിഡ് വാര്‍ണര്‍ തലപുകച്ചത്. ഹൈദരാബാദിന്റെ പേസിനും സ്പിന്നിനും ധവാനെ തളയ്ക്കാനായില്ല. പൃഥ്വി ഷായ്ക്ക് പകരം മാര്‍ക്കസ് സ്റ്റോയിനിസ് ഓപ്പണറാവട്ടെയെന്ന റിക്കി പോണ്ടിങ്ങിന്റെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ശരിയായി. ഒരുഭാഗത്ത് സ്റ്റോയിനിസ് ആക്രമിച്ചു കളിച്ചതോടെ ധവാന് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിച്ചു.

ഫലമോ, ധവാന്റെ ബാറ്റിങ് മികവില്‍ നിശ്ചിത 20 ഓവറില്‍ 189 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചെടുത്തത്. ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് മുന്നില്‍ കേവലം 3 വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായതും. 50 പന്തില്‍ 78 റണ്‍സെടുത്ത ധവാനാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. ഒന്നാം വിക്കറ്റില്‍ സ്‌റ്റോയിനിസ് – ധവാന്‍ സഖ്യം എഴുതിച്ചേര്‍ത്ത 86 റണ്‍സ് കൂട്ടുകെട്ട് ഡല്‍ഹിയുടെ ഇന്നിങ്‌സിന് നെടുംതൂണായി.

ആക്രമിച്ചു കളിക്കുകയെന്ന തീരുമാനവുമായാണ് ഡല്‍ഹി തുടക്കം മുതല്‍ക്കെ ബാറ്റു വീശിയത്. സ്‌റ്റോയിനിസും ധവാനും ആത്മവിശ്വാസത്തോടെ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ഡല്‍ഹി 5 ഓവര്‍കൊണ്ടുതന്നെ 50 പിന്നിട്ടു. റാഷിദ് ഖാന്റെ ഒന്‍പതാം ഓവറിലാണ് ഹൈദരാബാദ് ആദ്യ വിക്കറ്റ് കണ്ടെത്തുന്നത്. ഓവറിലെ രണ്ടാം പന്തില്‍ സ്റ്റോയിനിസിന്റെ ഓഫ് സ്റ്റംപ് തെറിപ്പിക്കാന്‍ റാഷിദ് ഖാന് കഴിഞ്ഞു. ഈ സമയം ഡല്‍ഹിയുടെ സ്‌കോര്‍ 1 ഒന്നിന് 89. 27 പന്തില്‍ 38 റണ്‍സടിച്ചാണ് സ്റ്റോയിനിസിന്റെ മടക്കം. 5 ഫോറും 1 സിക്‌സും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്. ഒന്‍പതാം ഓവറില്‍ ധവാന്‍ അര്‍ധ സെഞ്ച്വറി പിന്നിട്ടു. കേവലം 26 പന്തിലാണ് ധവാന്‍ 50 കടന്നത്.

ഒരറ്റത്ത് ധവാന്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കവെ ശ്രേയസ് അയ്യറിന് 14 ആം ഓവറില്‍ മടങ്ങേണ്ടി വന്നു. ഹോള്‍ഡറുടെ പന്തിനെ മിഡ് ഓഫിന് മുകൡലൂടെ പറത്താനായിരുന്നു ശ്രേയസ് (20 പന്തില്‍ 21) ശ്രമിച്ചത്. പക്ഷെ പന്തെ ചെന്നെത്തിയത് മനീഷ് പാണ്ഡെയുടെ കൈകളിലും. ശേഷമെത്തിയ ഷിമറോണ്‍ ഹെറ്റ്മയര്‍ നിന്നു കളിക്കണമെന്ന ചിന്തയൊന്നുമുണ്ടായില്ല.

നേരിട്ട ആദ്യ പന്തുതന്നെ നദീമിനെ ഇദ്ദേഹം അതിര്‍ത്തി പായിച്ചു. നടരാജന്‍ എറിഞ്ഞ 17 ആം ഓവറില്‍ ഡീപ്പിന് മുകളിലൂടെ തകര്‍പ്പന്‍ സിക്‌സ് പായിച്ച ഹെറ്റ്മയര്‍ താന്‍ രണ്ടും കല്‍പ്പിച്ചാണെന്ന മുന്നറിയിപ്പും നല്‍കി. ഹോള്‍ഡറുടെ 18 ആം ഓവറിലാണ് താരം സംഹാരരൂപം പൂണ്ടത്. ഈ ഓവറില്‍ മൂന്നുതവണ ഹെറ്റ്മയര്‍ ഹോള്‍ഡറെ അതിര്‍ത്തി പായിച്ചു. ധവാനും ഒരു ഫോറടിച്ച് ഉദ്യമത്തില്‍ പങ്കാളിയായി. എന്നാല്‍ സന്ദീപ് ശര്‍മയുടെ 19 ആം ഓവറില്‍ ധവാന് കടിഞ്ഞാണ് വീണു. സെഞ്ച്വറിയിലേക്ക് കുതിച്ച ധവാനെ താരം വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് അവസാന ഓവറുകളില്‍ ഹെറ്റ്മയറും (22 പന്തിൽ 42) പന്തും (3 പന്തിൽ 2) നടത്തിയ പോരാട്ടമാണ് ഡല്‍ഹിയെ 189 റണ്‍സില്‍ എത്തിച്ചത്.

Share this story