മഹാരാഷ്ട്രയിൽ ഇന്ന് തീരുമാനമായേക്കും; ബിജെപി നേതാക്കൾ ഗവർണറെ കാണും, ശിവസേനയെ അനുനയിപ്പിക്കാൻ ഗഡ്ഗരി

മഹാരാഷ്ട്രയിൽ ഇന്ന് തീരുമാനമായേക്കും; ബിജെപി നേതാക്കൾ ഗവർണറെ കാണും, ശിവസേനയെ അനുനയിപ്പിക്കാൻ ഗഡ്ഗരി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് ഇന്ന് പരിഹാരമായേക്കുമെന്ന് സൂചന. ബിജെപി എംഎൽഎമാർ ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. ശിവസേനയുമായുള്ള സമവായ ചർച്ചകൾ ഒരുഭാഗത്ത് തുടരുകയാണ്

ശിവസേനയും ബിജെപിയും ഒറ്റക്കെട്ടാണ്. നല്ലവാർത്തക്കായി കാത്തിരിക്കു എന്നായിരുന്നു ഇന്നലെ ബിജെപി നേതാക്കൾ പ്രതികരിച്ചത്. എന്നാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയെ ഇപ്പോഴും ശിവസേന വെല്ലുവിളിക്കുകയാണ്.

നവംബർ 9ന് സർക്കാരിന്റെ കാലാവധി തീരാനിരിക്കുകയാണ്. ഇതിന് മുമ്പ് പുതിയ സർക്കാരുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കോ മറ്റൊരു തെരഞ്ഞെടുപ്പിലേക്കോ നീങ്ങേണ്ടതായി വരും. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് ശിവസേനയുടെ സഹായം അത്യാവശ്യമാണ്. എന്നാൽ ശിവസേന ആവശ്യപ്പെടുന്ന മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകാൻ ബിജെപി തയ്യാറുമല്ല

നിതിൻ ഗഡ്ഗരിയെ മുന്നിൽ നിർത്തിയുള്ള സമയവായ ചർച്ചകളാണ് ശിവസേനയുമായി ബിജെപി നടത്തുന്നത്. ശിവസേനയുമായി ചേർന്ന് മാത്രം സർക്കാരുണ്ടാക്കിയാൽ മതിയെന്ന് ആർ എസ് എസ് നിർദേശവും ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതെ ഒപ്പം നിൽക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയ ശിവസേനയെ എന്തുപറഞ്ഞാകും ഗഡ്ഗരി അനുനയിപ്പിക്കുക എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

 

Share this story