ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി; അനുകൂലിച്ച് 293 പേർ വോട്ട് ചെയ്തു

ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി; അനുകൂലിച്ച് 293 പേർ വോട്ട് ചെയ്തു

 

ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി ലഭിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾക്കിടെയാണ് അവതരണാനുമതി. ബിൽ അവതരണത്തിനെ അനുകൂലിച്ച് 293 പേരും എതിർത്ത് 83 പേരും വോട്ടു ചെയ്തു

കോൺഗ്രസും ഇടതുപാർട്ടികളും മുസ്ലിം ലീഗും ഡിഎംകെയും എൻ സി പിയും എതിർത്ത് വോട്ട് ചെയ്തപ്പോൾ ശിവസേന അനൂകൂലിച്ച് വോട്ട് ചെയ്തു. ടിഡിപിയും ബിജു ജനതാദളും പിന്തുണച്ചു വോട്ട് ചെയ്തു. ഇന്ത്യൻ ചരിത്രത്തിലെ നിർണായക ബില്ലാണ് ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഒഴികെയുള്ളവർക്ക് പൗരത്വം നൽകുന്ന ബില്ലാണ് സഭയിലെത്തുന്നത്. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നുവെന്നും മുസ്ലിം വിഭാഗത്തെ മാത്രം മാറ്റി നിർത്തുന്നതാണ് ബില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

നേരത്തെ അഭയാർഥികൾക്ക് രാജ്യത്ത് 11 വർഷം താമസിച്ചാൽ മാത്രമായിരുന്നു പൗരത്വം ലഭിക്കുക. എന്നാൽ ഇനി അഞ്ച് വർഷം മാത്രം മതിയാകും. ബില്ലിനെ ശിവസേന അനുകൂലിക്കുന്നതിനെ തടയാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. എന്നാൽ അവതരണത്തെ എതിർക്കേണ്ടതില്ലെന്നും ബില്ലിനെ എതിർക്കണോയെന്ന കാര്യം പിന്നീട് തീരുമാനിക്കാമെനന്നുമായിരുന്നു ശിവസേനയുടെ നിലപാട്.

Share this story