രാജ്യം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു; സൈനിക കരുത്തിൽ ‘രാജ്പഥ്’ പരേഡ്

രാജ്യം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു; സൈനിക കരുത്തിൽ ‘രാജ്പഥ്’ പരേഡ്

ന്യൂഡൽഹി: രാജ്യം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും റിപ്പബ്ലിക് ദിനം ആശംസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷ പരിപാടികൾ നടന്നുവരികയാണ്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാജ്പഥിൽ പതാക ഉയർത്തി. ഇന്ത്യാഗേറ്റിലെ അമർജവാൻജ്യോതിക്ക് പകരം ഇത്തവണ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി വീരമൃത്യുവരിച്ച സൈനികർക്കുള്ള പുഷ്പചക്രം അർപ്പിച്ചു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി എം.എം. നരവനെ, നാവിക-വ്യോമസേനാ മേധാവികൾ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാവലയത്തിലാണു രാജ്യതലസ്ഥാനം. രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്‌കാരിക വൈവിധ്യവും വ്യക്തമാക്കുന്നതായിരിരുന്നു രാജ്പഥിൽ അരങ്ങേറിയ പരേഡ്. വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകൾ, സൈനിക ടാങ്കുകൾ, ആധുനിക ആയുധങ്ങൾ തുടങ്ങിയവ പരേഡിൽ പ്രദർശിപ്പിക്കും.

പോർവിമാനങ്ങളും ഹെലികോപ്ടറുകളും അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനത്തോടെയാണ് പരേഡ് സമാപിക്കുക. ബ്രസീൽ പ്രസിഡന്റ് ജൈർ മെസ്സിയസ് ബൊൽസോനരോ ആണ് ഇത്തവണത്തെ മുഖ്യാതിഥി. ആദ്യമായി സിആർപിഎഫിന്റെ വനിതാ ബൈക്ക് സംഘം പരേഡിൽ പ്രകടനം നടത്തും. 17,000 അടി ഉയരത്തിൽ ദേശീയ പതാകയുമായി റിപ്പബ്ലിക്ക് ദിനം ആഷോഷിച്ച് ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ്. കൊടും തണുപ്പിലായിരുന്നു ആഘോഷങ്ങൾ. ലഡാക്കിൽ മൈനസ് 20 ഡിഗ്രിയാണ് ഇന്നത്തെ താപനില.

Share this story