ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വിദ്യാർഥിക്കും കൊറോണ സ്ഥിരീകരിച്ചു; കർമപദ്ധതി തയ്യാറാക്കി ആരോഗ്യവകുപ്പ്

ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വിദ്യാർഥിക്കും കൊറോണ സ്ഥിരീകരിച്ചു; കർമപദ്ധതി തയ്യാറാക്കി ആരോഗ്യവകുപ്പ്

കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് കേസും സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണബാധയെന്ന് നിഗമനത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം രണ്ടായി.

ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആശങ്ക വേണ്ട, ഭയക്കാതെ ഒന്നിച്ച് നേരിടാമെന്ന് കെ കെ ശൈലജ പറഞ്ഞു. ഇന്ന് മുതൽ ആലപ്പുഴയിൽ എല്ലാ പരിശോധനകളും നടത്താൻ സജ്ജീകരണം ഒരുക്കിക്കഴിഞ്ഞു. 124 പേരെ ജില്ലയിൽ വീടുകളിൽ നിരീക്ഷിക്കുന്നുണ്ട്. അടുത്ത 28 ദിവസം ജാഗ്രത തുടരുമെന്ന് മന്ത്രി അറിയിച്ചു

സ്വകാര്യ ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ ക്രമീകരിക്കും. മെഡിക്കൽ കോളജുകളിലും ജനറൽ ആശുപത്രികളിലും സജ്ജീകരണം പൂർത്തിയായിട്ടുണ്ട്. ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ രത്തൻ ഖേൽക്കർ ആലപ്പുഴയിൽ താമസിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

എല്ലാ ദിവസവും വൈകുന്നേരം യോഗം ചേരും. രാത്രി ഏഴ് മണിയോടെ ദിവസവും ജില്ലയിലെ സ്ഥിഗതികൾ മാധ്യമങ്ങളെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു

Share this story