നിർഭയയ്ക്ക് നീതി; നാല് പ്രതികളേയും തൂക്കിലേറ്റി

നിർഭയയ്ക്ക് നീതി; നാല് പ്രതികളേയും തൂക്കിലേറ്റി

നിർഭയാ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. ഇന്ന് രാവിലെ 5.30 ഓടെയാണ് നിർഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരെയാണ് തൂക്കിലേറ്റിയത്. ഏറെ നാളുകൾ നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്.

 

വധശിക്ഷയ്ക്കെതിരെ പ്രതികൾ നൽകിയ ദയാഹർജി രാഷ്ട്രപതിയും തള്ളിയിരുന്നു. തിഹാർ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാല് പ്രതികളെ ഒരേ സമയത്ത് തൂക്കിലേറ്റുന്നത്. 2013 ഫെബ്രുവരി ഒൻപതിന് പാർലമെന്റ് ആക്രമണ കേസിലെ അഫ്സൽ ഗുരുവിനെയാണ് ഒടുവിലായി ഇവിടെ തൂക്കിലേറ്റിയത്. അവസാന മണിക്കൂറുകളിലും നിർഭയ കേസ് പ്രതികൾ വിവിധ കോടതികളെ സമീപിച്ചിരുന്നു.

 

2012 ഡിസംബർ 16 നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. ചികിത്സയിലായിരിക്കെ ഡിസംബർ 29ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ചു മരിച്ചു. ആറ് പ്രതികളുള്ള കേസിൽ ഒന്നാം പ്രതി റാം സിംഗ് ജയിലിൽ വച്ച് തൂങ്ങി മരിച്ചു. ഒരു പ്രതിയെ പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് വിട്ടയച്ചിരുന്നു.

Share this story