രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 4970 പുതിയ പോസിറ്റീവ് കേസുകള്‍, 134 മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 4970 പുതിയ പോസിറ്റീവ് കേസുകള്‍, 134 മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,139 ആയി. 3163 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4970 പുതിയ പോസിറ്റീവ് കേസുകളും 134 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, 39174 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ ഒരു ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലും ഗുജറാത്തിലും പോസിറ്റീവ് കേസുകള്‍ 12,000 കടന്നു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് നൂറ്റിപ്പത്താം ദിനത്തിലാണ് പോസിറ്റീവ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നത്. കഴിഞ്ഞ രണ്ടാഴ്ച്ച കൊണ്ടാണ് അരലക്ഷത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്കെത്തിയത്. അതേസമയം, രോഗം ഭേദമാകുന്നവരുടെ നിരക്ക് 38.73 ശതമാനമായി വര്‍ധിച്ചു. പരിശോധനകളുടെ എണ്ണവും ഉയര്‍ന്നു.

ഇതുവരെ 24,04267 സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐസിഎംആര്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 101475 സാമ്പിളുകള്‍ പരിശോധിച്ചു. പോസിറ്റീവ് കേസുകളുടെ 70 ശതമാനവും 19 ജില്ലകളില്‍ നിന്നാണെന്ന് നീതി ആയോഗ് വ്യക്തമാക്കി. മുംബൈ, താനെ, അഹമ്മദാബാദ്, ചെന്നൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നാണ് 50 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്.

ചെന്നൈയിലെ ചേരി പ്രദേശങ്ങളില്‍ രോഗം പടരുമോയെന്നാണ് ആശങ്ക. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത 688 കേസുകളില്‍ 552 ഉം ചെന്നൈയിലാണ്. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 12,448 ആയി. മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 84 ആയി. ഗുജറാത്തിലും പോസിറ്റീവ് കേസുകള്‍ 12000 കടന്നു. 24 മണിക്കൂറിനിടെ 395 പോസിറ്റീവ് കേസുകളും 25 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 12141.

ഗുജറാത്തിലെ മരണസംഖ്യ 719 ആയി. ഇതില്‍ അഹമ്മദാബാദില്‍ മാത്രം 8945 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 576 പേര്‍ മരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 500 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 10554 ആയി ഉയര്‍ന്നു. മരണം 166 ആയി. കര്‍ണാടകയില്‍ 127 പേര്‍ കൂടി രോഗബാധിതരായി.

 

Share this story