ടിക് ടോക് എന്ന വൻമരം വീണപ്പോൾ മുളച്ചു പൊന്തിയത് ഇന്ത്യയുടെ ചിങ്കാരി

ടിക് ടോക് എന്ന വൻമരം വീണപ്പോൾ മുളച്ചു പൊന്തിയത് ഇന്ത്യയുടെ ചിങ്കാരി

താഴ്വരയിലെ രക്തരൂക്ഷിതമായ സംഘർഷത്തെ തുടർന്ന് ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം അടുത്തിടെ വഷളായിരുന്നു. ചൈനീസ് ആപ്പുകളുടെ കടന്നുകയറ്റത്തെ നിരോധിച്ചു കൊണ്ടുള്ള ഒരു ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്കായിരുന്നു ഇന്ത്യ ചൈനയ്‌ക്കെതിരെ സ്വീകരിച്ച ആദ്യ നടപടി. വിവരം ചോർത്തുന്നതടക്കമുള്ള മുന്നറിയിപ്പുകളെ മുൻനിർത്തിയാണ് സർക്കാർ ഈ ധീരമായ നടപടി സ്വീകരിച്ചത്.

ജനപ്രിയമായ ടിക് ടോക്ക് ഉൾപ്പടെ 59തോളം ചൈനീസ്ആപ്പുകളെയാണ് ഇന്ത്യ നിരോധിച്ചത്. ടിക് ടോക്കിനേറ്റ നിരോധനം ഫലത്തിൽ ഇന്ത്യൻ നിർമ്മിത ആപ്പുകൾക്ക് അനുഗ്രഹം ആയിരിക്കുകയാണ്. അത്തരത്തിൽ കോളടിച്ച ഒരാപ്പാണ് ചിങ്കാരി.

ടിക് ടോക്ക് നിരോധിച്ച ശേഷം ഇതുവരെ പത്ത് ലക്ഷത്തോളം ഡൗൺലോഡുകളാണ് ഗൂഗിൾ പ്ളേസ്റ്റോറിൽചിങ്കാരിക്ക് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ ചിങ്കാരി ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്ന് ചിങ്കാരിയുടെ സഹസ്ഥാപകൻ കൂടിയായ സുമിത് ഘോഷ് അറിയിച്ചു.

നിലവിൽ ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോകളിലും വാർത്തകളിലുമാണ് ചിങ്കാരി ശ്രദ്ധ നൽകുന്നത്. ലക്ഷക്കണക്കിന്ആളുകൾക്ക് ഒരേ സമയം ഫീച്ചറുകൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.

ചിങ്കാരിയിൽ 148 ദശലക്ഷം വീഡിയോകൾ കുറഞ്ഞ സമയത്തിനകം ആളുകൾ കണ്ടതായും 3.5 ദശലക്ഷം വീഡിയോകൾ ലൈക്ക് ചെയ്തതായും കഴിഞ്ഞ ആഴ്ച ഘോഷ് വെളിപ്പെടുത്തിയിരുന്നു.

ജൂലായ് അവസാനത്തോടെ 100 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കാനാണ് കമ്പനിയുടെ പദ്ധതി. ടിക് ടോക്ക് നിരോധിച്ച മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 500,000 ഡൗൺലോഡുകളാണ് ആപ്പിനുണ്ടായത്.

Share this story