യു എസ് നേവിയുടെ 2 വിമാനവാഹിനികള്‍ ചൈനാകടലിന്റെ ദക്ഷിണഭാഗത്ത്

യു എസ് നേവിയുടെ 2 വിമാനവാഹിനികള്‍ ചൈനാകടലിന്റെ ദക്ഷിണഭാഗത്ത്

ചൈനാകടലിന്റെ ദക്ഷിണഭാഗത്ത് യു എസ് നേവിയുടെ 2 വിമാനവാഹിനികള്‍. യു എസ് നേവിയുടെ വിമാനവാഹിനികപ്പലുകളായ യുഎസ്എസ് നിമിറ്റ്‌സും, യുഎസ്എസ് റൊണാള്‍ഡ് റീഗനുമാണ് ചൈനാകടലിന്റെ ദക്ഷിണഭാഗത്തായി നിലയുറപ്പിച്ചിട്ടുള്ളത്. രണ്ടു കപ്പലുകളും ആണവശക്തിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നതും, വിമാനവാഹിനികളാണെന്നതും ചെറുതല്ലാതെ ചൈനെയ ആശങ്കപ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബീജിംഗിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി ചൈനാകടലിന്റെ ദക്ഷിണഭാഗത്ത് സൈനികാഭ്യാസം നടത്തിയതിന് ശേഷമാണ് യുഎസ് വിന്യാസമെന്നത് അന്താരാഷ്ട്രസമൂഹത്തില്‍ പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നതാണ്. ലഡാക്കിലെ യഥാര്‍ത്ഥനിയന്ത്രണരേഖയില്‍ ഇന്ത്യയെ നേരിടുന്നതുള്‍പ്പെടെ ഒന്നിലധികം പ്രശ്‌നങ്ങളെ ഒരേസമയം നേരിടേണ്ടിവരുന്നത് ചൈനയുടെ മേല്‍ അധികസമ്മര്‍ദ്ദം ചെലുത്തുവാനുള്ള നയതന്ത്രമായും കണക്കാക്കപ്പെടുന്നുണ്ട്.

യു എസ് നേവിയുടെ ഈ സൈനികാഭ്യാസം തങ്ങളുടെ സഖ്യകക്ഷികളോടുള്ള സുരക്ഷയിലും, ഉറപ്പിന്‍മേലുമുള്ള സന്ദേശം മറയില്ലാതെ നല്‍കുന്നതാണെന്ന് സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ കമാന്‍ഡര്‍ റിയര്‍അഡ്മിറല്‍ ജോര്‍ജ്ജ് എം വൈക്കോഫ് വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു. വര്‍ഷത്തില്‍ 3ട്രില്ല്യന്‍ ഡോളറിന്റെ കച്ചവടമാണ് ചൈനാകടലിന്റെ ദക്ഷിണഭാഗം വഴി നടക്കുന്നത്. അതുകൊണ്ട് തന്നെ വാണിജ്യപരമായി പ്രാധാന്യമര്‍ഹിക്കുന്ന ഈ പ്രദേശത്തെചൊല്ലി ചൈനയുടെ അവകാശവാദം 90%മാണ്. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് ഇവിടെ മനുഷ്യനിര്‍മ്മിത ദ്വീപുകളും അവയിലായി സൈനിക കേന്ദ്രങ്ങളും ബെയ്ജിംഗ് നിര്‍മ്മിച്ചുകഴിഞ്ഞിരിക്കുന്നു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികാഭ്യാസത്തിനു പുറകേ അയല്‍ സംസ്ഥാനങ്ങളായ വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നും കടുത്ത പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനയുടെ ഈ നടപടിയെ പ്രകോപനപരമെന്ന് വിശേഷിപ്പിച്ചു. ബീജിംഗിന്റെ നിയമവിരുദ്ധ ക്ലെയിമുകളെ തങ്ങള്‍ എതിര്‍ക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Share this story