രുചിവൈവിധ്യങ്ങളുടെ നിറക്കാഴ്ചയൊരുക്കി ഷാർജ ഫ്‌ലാഗ് ഐലൻഡ്

രുചിവൈവിധ്യങ്ങളുടെ നിറക്കാഴ്ചയൊരുക്കി ഷാർജ ഫ്‌ലാഗ് ഐലൻഡ്

ശൈത്യകാല കാഴ്ചകൾക്കും ആഘോഷങ്ങൾക്കും ‘രുചി’ കൂട്ടുന്ന ആഘോഷങ്ങമൊരുക്കി സഞ്ചാരികളെയും യുഎഇ നിവാസികളെയും സ്വാഗതം ചെയ്യുകയാണ് ഷാർജ ഫ്‌ലാഗ് ഐലൻഡ്. മൂന്നു മാസം നീണ്ടു നിൽക്കുന്ന രുചിമേളയും വിനോദങ്ങളുമാണ് ‘കശ്ത’ എന്ന പേരിൽ കുടുംബസഞ്ചാരികളുടെ പ്രിയപ്പെട്ട ഒഴിവുദിന കേന്ദ്രമായ ഫ്‌ലാഗ് ഐലൻഡിൽ ഒരുക്കിയിട്ടുള്ളത്.

പല ദേശങ്ങളിൽ നിന്നുള്ള രുചികൾ അടുത്തറിയാനും രുചിച്ചറിയാനും അവസരമൊരുക്കുന്ന കശ്തയിൽ പതിനഞ്ചിലേറെ ഫുഡ് ട്രെക്കുകൾ പങ്കെടുക്കുന്നുണ്ട്. ഗ്രിൽ റിപ്പബ്ലിക്ക്, മിനി കരക്ക്, ഹകീകി ഐസ് ക്രീം, നവംബർ കഫേ തുടങ്ങി ഓരോ ട്രെക്കിലും വൈവിധ്യമാർന്ന രുചികളാണ് അതിഥികളെ കാത്തിരിക്കുന്നത്. ഇരിപ്പിടങ്ങളും വർണ്ണവെളിച്ചവുമെല്ലാം ചേരുമ്പോൾ രുചിയോടൊപ്പമുള്ള കാഴ്ചകളും മനോഹരമാവുന്നു.

മൂന്നു മുതൽ പന്ത്രണ്ടു വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മുഖത്ത് ഛായം പൂശി ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളാവാനും അവസരങ്ങളുണ്ട്. മിനി സൂ, കളിയിടങ്ങൾ എന്നിങ്ങനെ മറ്റു വിനോദങ്ങളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ഫുഡ് ട്രെക്കുകൾക്കു ചുറ്റുമായിട്ടാണ് ഇതെല്ലാം സജീകരിച്ചിട്ടുള്ളത്.

രുചിവൈവിധ്യങ്ങളുടെ നിറക്കാഴ്ചയൊരുക്കി ഷാർജ ഫ്‌ലാഗ് ഐലൻഡ്

കാർ പ്രേമികൾക്ക് യുഎഇയിലെ ഹെറിറ്റേജ് കാറുകൾ നേരിട്ട് കാണാനുള്ള അപൂർവ അവസരമാണ് മേളയുടെ മറ്റൊരു സവിശേഷത. ഷാർജ ഓൾഡ് കാർ ക്ലബുമായി ചേർന്നുള്ള ഹെറിറ്റേജ് കാർ പ്രദർശനം നവംബർ 30, ഡിസംബർ 28, ജനുവരി 1 തീയതികളിൽ വൈകുന്നേരം അഞ്ചു മുതൽ ഫ്‌ലാഗ് ഐലൻഡിൽ നടക്കും. മേളയുടെ ഭാഗമായി സൗജന്യമായാണ് പ്രദർശനം.

”കുടുംബസമേതമുള്ള സഞ്ചാരികൾ ധാരാളമായി ഇവിടേക്കെത്തുണ്ട്. ഷാർജയ്ക്ക് പുറത്തുള്ളവരും വിവിധ രുചികൾ പരീക്ഷിക്കാനും വീക്കെൻഡ് ആഘോഷിക്കാനും ഇവിടേക്കെത്തുന്നു. ഒരു ഉത്സവനഗരിയുടെ അനുഭൂതിയാണ് ഇവിടെത്തെ വൈകുന്നേരങ്ങൾ” – ഫ്‌ലാഗ് ഐലൻഡ് മാനേജർ ഖുലൂദ് സലിം അൽ ജുനൈബി പറയുന്നു.

ഷാർജയിലെ വിനോദകേന്ദ്രങ്ങളിലെ പ്രധാന ആകർഷണമാണ് ഫ്‌ലാഗ് ഐലൻഡ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള കൊടിമരവും അതിനു ചുറ്റുമായൊരുക്കിയ പാർക്കും കഫേകളുമെല്ലാം ഫ്‌ലാഗ് ഐലൻഡിനെ മനോഹരമാക്കുന്നു. ഷാർജയിലെ പ്രവാസി മലയാളികളുടെ ‘തലസ്ഥാന’മെന്നറിയപ്പെടുന്ന റോളക്കടുത്ത്, ജുബൈൽ ബസ് സ്റ്റേഷനോട് ചേർന്നാണ് ഫ്‌ലാഗ് ഐലൻഡ്.

രുചിവൈവിധ്യങ്ങളുടെ നിറക്കാഴ്ചയൊരുക്കി ഷാർജ ഫ്‌ലാഗ് ഐലൻഡ്

Share this story