കോൺസുൽ ജനറലിന് പോലീസ് സുരക്ഷചട്ടം ലംഘിച്ചോ? ആദ്യം അറിയിക്കേണ്ടത് വിദേശകാര്യ മന്ത്രാലയത്തെ

Share with your friends

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർവീസ് ചട്ടം ലംഘിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടി എം ശിവശങ്കറിനെതിനെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് പുതിയ വിവാദം. ഉന്നത സർക്കാർ പദവികളിലിരിക്കുന്നവർ നയതന്ത്ര ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്താൻ പാടില്ലെന്നാണ് ചട്ടം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.

യുഎഇ കോൺസുലേറ്റ് ജനറലിന്റെ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിലെ ഉദ്യോഗസ്ഥരെ വിട്ടുനൽകിയ സംസ്ഥാന സർക്കാർ നടപടി ചട്ടലംഘനമെന്ന് വിലയിരുത്തൽ. സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥരാണ് ഡിജിപി ലോകനാഥ് ബെഹറയ്ക്ക് കത്ത് നൽകുന്നത്. ഇത് പ്രകാരമാണ് കോൺസുൽ ജനറലിന് പോലീസ് സുരക്ഷയൊരുക്കുന്നത്. എന്നാൽ ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി വാങ്ങണമെന്ന ചട്ടം മറികടന്നാണ് സുരക്ഷയ്ക്ക് പോലീസ് ഉദ്യോഗസ്ഥനെ നിയമിച്ചതെന്നാണ് പുറത്തുവരുന്നതെന്നാണ് വിവരം.

ചികിത്സയിൽ കഴിയുന്ന യുഎഇ അറ്റാഷെയുടെ ഗൺമാനായിരുന്ന ജയ്ഘോഷിനെ ആശുപത്രിയിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഇന്റലിജൻസ് ബ്യൂറോയും ജയഘോഷില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അറ്റാഷെ ഇന്ത്യ വിട്ടതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ജയ്ഘോഷിനെ കണ്ടെത്തി ആശുപത്രിയിലാക്കുകയായിരുന്നു. വ്യാഴാഴ്ച കാണാതായ ജയ്ഘോഷിനെ വെള്ളിയാഴ്ചയാണ് കണ്ടെത്തുന്നത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് കാടു നിറഞ്ഞ പ്രദേശത്ത് നിന്ന് ബൈക്കിൽ പോയ ചിലരാണ് കണ്ടെത്തിയത്. തിരുവനന്തപുരം എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ജയ്ഘോഷ് കഴിഞ്ഞ മൂന്ന് വർഷത്തോളമായി യുഎഇ കോൺസുലേറ്റിൽ ഗൺമാനായി ജോലി ചെയ്തുവരികയായിരുന്നു. തുമ്പയിലെ ഭാര്യ വീടിന് സമീപത്തുനിന്നാണ് ഇയാളെ കാണാതാവുന്നത്. ജയ്ഘോഷിനെ കണ്ടെത്തിയതോടെ സുരക്ഷയൊരുക്കാൻ ഡിജിപിയുടെ നിർദേശവുമുണ്ട്.

വിദേശ നയതന്ത്ര പ്രതിനിധികളുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ നേരിട്ട് ആശയവിനിമയം നടത്താൻ പാടില്ലെന്നാണ് ചട്ടം. 1968ലെ ഓൾ ഇന്ത്യ സർവീസ് റൂളിന്റെ ചട്ടലംഘനമാണ് ഇതെന്നാണ് നയതന്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ഇതേ ചട്ടംലംഘനത്തിന്റെ പേരിലാണ് മുൻ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. എല്ലാ സുരക്ഷാ നടപടികളും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് മാത്രമേ നടപ്പിലാക്കാൻ പാടുള്ളുവെന്നാണ് നയതതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ സംബന്ധിച്ച പ്രോട്ടോക്കോളിൽ പറയുന്നത്.

2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് ആരംഭിക്കുന്നത്. എന്നാൽ 2017 ജൂണിലാണ് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് പ്രകാരം കോൺസുൽ ജനറലിന്റെ സുരക്ഷയ്ക്ക് വേണ്ടി സർക്കാർ പോലീസുകാരനെ വിട്ടുനൽകുന്നത്. 2017ലാണ് ജമാൽ ഹുസൈൻ അൽ സാബി യുഎഇ കോൺസുൽ ജനറലായി ഇന്ത്യയിലേക്ക് എത്തുന്നത്. തുടർന്നുള്ള വർഷങ്ങളിൽ കോൺസുലേറ്റ് ജനറലിന്റെ ആവശ്യം അനുസരിച്ച് ഓരോ വർഷവും സേവനം നീട്ടി നൽകുകയും ചെയ്യുകയായിരുന്നു. 2018, 2019 വർഷങ്ങളിൽ പോലീസുകാരന്റെ സേവനം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് കോൺസുൽ ജനറൽ ഡിജിപിക്ക് കത്തുനൽകുന്നത്. 2019 ഡിസംബർ 18നാണ് ഡിജിപിക്ക് കത്തുനൽകുന്നത്. തുടർന്ന് ഒരു വർഷത്തേയ്ക്ക് കൂടി പോലീസുകാരന്റെ സർവീസ് നീട്ടിയിരുന്നു. കേന്ദ്രസർക്കാരിനെയും സംസ്ഥാന സർക്കാരിനെയും ഒഴിവാക്കിക്കൊണ്ട് കോൺസുൽ ജനറൽ നേരിട്ടാണ് സംസ്ഥാനത്തെ പോലീസ് മേധാവിയുമായി ഇക്കാര്യം ചർച്ച ചെയ്തത്.

യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസ് പുറത്തു വന്നതോടെ കോൺസുൽ ജനറലിന്റെ ഗൺമാനായി ജോലി നോക്കിയിരുന്ന ജയഘോഷിന്റെ നീക്കങ്ങളും സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം നിരീക്ഷിച്ച് വരികയായിരുന്നു. യുഎഇ കോൺസുൽ ജനറൽ ഇന്ത്യ വിട്ടതിന് പിന്നാലെയാണ് ജയ്ഘോഷിനെ കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. താൻ ബ്ലേഡ് വിഴുങ്ങിയെന്ന് ആദ്യം ജയ്ഘോഷ് പറഞ്ഞിരുവെങ്കിലും ഇത് കള്ളമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് കോൺസുൽ ജനറലിന് സുരക്ഷയ്ക്കായി പോലീസിനെ നിയോഗിച്ച നടപടിയും വിവാദത്തിലാവുന്നത്.

ചട്ടം അനുസരിച്ച് ഏതെങ്കിലും നയതന്ത്ര പ്രതിനിധിക്ക് സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ അക്കാര്യം ഔദ്യോഗികമായി വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ വിഭാഗത്തെയാണ് അറിയിക്കേണ്ടത്. സംസ്ഥാന സർക്കാരുമായി നയതന്ത്ര ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്തുന്നതിനും പ്രോട്ടോക്കോൾ അനുസരിച്ച് വിലക്കുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ചൈനീസ് എംബസിയിലും പാകിസ്താൻ ഹൈക്കമ്മീഷൻ ഓഫീസിലും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ഇന്ത്യൻ ഓഫീസുകളിലും ഇത്തരത്തിൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!