അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചൊഴിയണം: കാനം കാശിക്കുപോയോ?; ചെന്നിത്തല

അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചൊഴിയണം: കാനം കാശിക്കുപോയോ?; ചെന്നിത്തല

തിരുവനന്തപുരം: അന്തസ്സുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുപോലെ നാറിയ ഭരണം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ദുർഗന്ധം കാരണം കേരള ജനതയ്ക്ക് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് ഉളളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തേ പാർട്ടി സെക്രട്ടറിയുടെ മകനെ ഇഡി വിളിപ്പിച്ചു. ഇപ്പോൾ മന്ത്രി പുത്രനെതിരെ ആരോപണം ഉയർന്നിരിക്കുന്നു. വരുംദിവസങ്ങളിൽ മന്ത്രിപുത്രന്മാർക്കും പുത്രിമാർക്കും എതിരായ ആരോപണങ്ങളായിരിക്കും പുറത്തുവരിക. പാവപ്പെട്ടവർക്ക് വേണ്ടിയുളള പദ്ധതിയായ ലൈഫ്മിഷനിൽ കമ്മിഷനടിച്ച സ്വപ്ന സുരേഷുമായി മന്ത്രിപുത്രന് എന്താണ് ബന്ധമെന്നുളള കാര്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയേറെ ആരോപണങ്ങൾ ഉയരുമ്പോൾ കാനം രാജേന്ദ്രൻ ഇതേ കുറിച്ച് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. കാനം രാജേന്ദ്രനും സി.പി.ഐക്കാരും എവിടെയാണ്. കാനം കാശിക്ക് പോയിരിക്കുകയാണോ?ഒരക്ഷരം മിണ്ടുന്നില്ല. എല്ലാ കുറ്റങ്ങളും ചെയ്ത ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത് തങ്ങളിയാതെ ഈച്ച പോലും പാറില്ലെന്ന് പറഞ്ഞവരെ തോൽപ്പിച്ചതാണെന്നാണ്. ഈച്ചപോലും അറിയാതെ കാര്യങ്ങൾ ചെയ്യുന്നവരെയാണ് പഠിച്ച കളളന്മാർ എന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ ധാരാളം കളളന്മാർ ഉണ്ട്. താൻ അവരേക്കാൾ മിടുക്കനാണെന്ന് ജലീൽ തെളിയിച്ചിരിക്കുന്നു.

ഗുരുതരമായ കുററങ്ങളും അഴിമതിയും പ്രോട്ടോക്കോൾ ലംഘനവും വെളിയിൽ വന്നിരിക്കുകയാണ് അതുകൊണ്ട് മന്ത്രിസഭ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പ്രതിഷേധം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായും സെപ്റ്റംബർ 22-ന് യുഡിഎഫ് സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റിന്റെ മുന്നിലും യു.ഡി.എഫ്. സത്യാഗ്രഹമിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Share this story