ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 1

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 1

എഴുത്തുകാരി: റിൻസി പ്രിൻസ്‌

രാവിലെ അലാറം അടിച്ചപ്പോൾ അല്പം മടിയോടെ തന്നെയാണ് അപർണ എഴുന്നേറ്റത്….. കുളിരുകോരി നിൽക്കുന്ന പ്രഭാതത്തിലെ ഉറക്കത്തിന് പതിവിലും സുഖം അവൾക്ക് തോന്നിയിരുന്നു….. അല്ലെങ്കിലും പരീക്ഷക്കാലത്തെ ഉറക്കത്തിന് ഒരു പ്രത്യേക സുഖമാണ്…. അതുവരെ അനുഭവിക്കാത്ത ഒരു അനുഭൂതിയാണ്….. ചിരിയോടെ അവൾ ഓർത്തു….. എഴുന്നേറ്റ് ഇരുന്നതും തൻറെ മേൽ വച്ചിരുന്ന അമ്മുവിൻറെ കാലിലെകാണ് നോട്ടം എത്തിയത് അല്ലെങ്കിലും അവൾക്ക് ഇത് പതിവാണ്…. എപ്പോൾ തന്നെ ഒപ്പം കിടന്നാലും കാലെടുത്തു തന്റെ മുകളിൽ വയ്ക്കുന്നത് ഒരു പതിവ് സ്വഭാവമാണ്…. അവളുടെ ഉറക്കം തടസ്സപ്പെടുത്താതെ കാലുകൾ എടുത്ത് മാറ്റി ലൈറ്റിട്ടു……

ലൈറ്റ് ഇട്ടതും അമ്മു മേല്ലേ ഉറക്കത്തിൽ നിന്നും കണ്ണുകൾ തുറന്നു നോക്കിയതും പുതപ്പെടുത്ത് തലവഴി മൂടി…… അതിനുശേഷം ഒന്ന് കമന്നു കിടന്നു….. അതുകൊണ്ട് ചിരിയാണ് വന്നത്…. ഒപ്പം അല്പം കുശുമ്പും… തണുപ്പുള്ള പ്രഭാതത്തിൽ അവൾക്ക് മൂടി പുതച്ചു കിടന്നുറങ്ങാല്ലോ…. സാരമില്ല പ്ലസ് ടു എക്സാം തുടങ്ങുന്ന സമയം ആകുമ്പോൾ ഈ ഉറക്കം പോകും….. അപ്പോൾ താനും അവളോട് പ്രതികാരം ചെയ്യും….. ചിരിയോടെ അപർണ ഓർത്തു….. ഉച്ചയിൽ ബാന്റ് ഇട്ട് കെട്ടിയ മുറുകിയ തലമുടി ഉലഞ്ഞിരുന്നു…. അത്‌ നേരെ എടുത്ത് കെട്ടിയതിനു ശേഷം നേരെ അടുക്കളയിലേക്ക് ചെന്നു….. 3 മണി മുതൽ അടുക്കള ഓപ്പൺ ആണ്….

അച്ഛൻ രാവിലെ ടാപ്പിംഗിന് പോകേണ്ടത് ഉള്ളതുകൊണ്ട് തന്നെ അമ്മ രാവിലെ എഴുന്നേൽക്കുമ്പോഴുള്ള കാപ്പിയും തങ്ങൾക്ക് കോളേജിലും സ്കൂളിലും കൊണ്ടുപോകാനുള്ള ഭക്ഷണവും കാലത്ത് 8 മണിക്ക് മുൻപ് തന്നെ തയ്യാറായിരിക്കും….. നേരത്തെ ഉണരുന്ന സമയങ്ങളിൽ അമ്മയെ പലപ്പോഴും താൻ സഹായിക്കാറുണ്ട്…. അടുക്കളയിലേക്കു ചെല്ലുമ്പോൾ ചൂടുള്ള കട്ടൻ കാപ്പി കുടിച്ചു കൊണ്ട് ഹെഡ്ലൈറ്റ് തിരയുന്ന അച്ഛനെയാണ് കണ്ടത്….. അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്…. അല്ലെങ്കിലും രണ്ടുമൂന്ന് വാക്കുകൾ മാത്രമേ സംസാരിക്കാറുള്ളൂ… ഉള്ളിൽ സ്നേഹം ഇല്ലാഞ്ഞിട്ടല്ല അത് പുറത്ത് പ്രകടിപ്പിക്കാൻ അറിയില്ല അതുകൊണ്ടാണ്…..

പക്ഷേ ആ ഉള്ളിൽ ഞങ്ങൾ മാത്രമേ ഉള്ളൂ എന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്…. ഒരു സ്വഭാവ ദൂഷ്യങ്ങളും പറയാൻ ഇല്ലാത്ത ഒരു മനുഷ്യനാണ് അച്ഛൻ…. ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു മനുഷ്യൻ….. കേതാരത്തകാരുടെ റബർ എസ്റ്റേറ്റിലെ ടാപ്പിംഗ് ജോലിയും ഒപ്പം ചെറിയ ഒരു പലചരക്ക് കടയും ആണ് ഈ കുടുംബത്തിന് ആകെ ഉള്ള വരുമാനം… തൻറെ കയ്യിൽ ഉള്ള ചെറിയ സമ്പാദ്യങ്ങൾ വച്ചു അച്ഛൻ തുടങ്ങിയതാണ് ആ പലചരക്ക്കട….. ഒരുപാടൊന്നും ഇല്ലെങ്കിലും ഇത്രകാലം തങ്ങളുടെ കാര്യങ്ങൾ പട്ടിണിയില്ലാതെ നടന്നുപോയത് ആ കടയുടെ വരുമാനവും അച്ഛൻ ടാപ്പിംഗ് ജോലിയും കൊണ്ടായിരുന്നു….. പിന്നെ അമ്മയുടെ സ്വന്തം അമ്മിണി പശുവും…..

വർഷങ്ങൾ ആയി വീട്ടിൽ പശു കറവ ഉണ്ട്…. അത്‌ അമ്മയുടെ സന്തോഷം ആണ്… പണ്ട് കുറേ വീടുകളിൽ കൊടുകുമരുന്ന് പാൽ…. ഇപ്പോൾ അമ്മ അടുത്തുള്ള കുറച്ച് വീടുകളിൽ മാത്രം ആയി അത്‌ ഒതുക്കി…. എന്നെപ്പറ്റി പറഞ്ഞില്ലല്ലോ ഞാൻ അപർണ്ണ അശോക്….. ഇപ്പോൾ പറഞ്ഞ അശോകന്റെയും അംബികയുടെയും മൂത്തമകൾ അപർണ്ണ…. ബി സി മാത്‍സ് ഫൈനൽ ഇയർ വിദ്യാർധി.. എനിക്ക് താഴെ മൂന്നു പേരുണ്ട് ഇരട്ടകളായ അമ്മു എന്ന അമൃതയും അക്കു എന്ന അക്ഷയും … പിന്നെ അച്ചു എന്ന ഞങ്ങളുടെ കുഞ്ഞു അശ്വതി…. അവൾക്ക് 15 വയസ്സ് ഉള്ളൂ… തന്നെ കണ്ടതും അച്ഛൻ മുഖമുയർത്തി ഒന്നു നോക്കി… ” എന്താ പഠിക്കാൻ ഒന്നുമില്ലേ…? പരീക്ഷ ആണെന്നാണല്ലോ അമ്മ പറഞ്ഞത്….. ” പഠിക്കാനുണ്ട്….

ഞാൻ കാപ്പി എടുക്കാൻ വേണ്ടി വന്നതാ…. ” അംബികേ അവൾക്ക് കാപ്പി കൊടുക്ക്….. ഉറക്കം വരാതെ ഇരുന്ന് പഠിക്കട്ടെ…. ജോലി ഒന്നും ചെയ്യാൻ നിൽക്കേണ്ട പോയി പഠിച്ചു നല്ല മാർക്ക് വാങ്ങാൻ നോക്ക്…. അച്ഛൻ പറഞ്ഞു…. അല്ലെങ്കിലും അതിൽ കൂടുതൽ സ്നേഹത്തോടെ സംസാരിക്കാൻ ഒന്നും അച്ഛന് അറിയില്ല… പക്ഷേ അച്ഛൻറെ സ്നേഹം എല്ലാം പലപ്പോഴും ഞങ്ങൾക്ക് പറയാതെ അറിയാൻ സാധിക്കാറുണ്ട്…. വൈകുന്നേരം വാങ്ങി കൊണ്ടു വരുന്ന എണ്ണ പലഹാരങ്ങളിൽ പൈസ കയ്യിൽ ഇല്ലെങ്കിൽ അച്ഛനും അമ്മയ്ക്കും കുറയുമ്പോഴും…. ഞങ്ങൾക്കെല്ലാവർക്കും തികയാൻ ഉള്ളതും വാങ്ങി വരുമ്പോഴും….

എന്തെങ്കിലും പ്രത്യേകിച്ച് ഉണ്ടാകുമ്പോൾ ഞങ്ങൾക്ക് ആവശ്യമുള്ളത് മുഴുവൻ തന്നതിന് എനിക്ക് അത്‌ ഇഷ്ട്ടം അല്ല എന്ന് പറഞ്ഞു മാറ്റി വെക്കുമ്പോഴും ഒക്കെ അച്ഛൻറെ സ്നേഹം ഞങ്ങൾ കാണാറുണ്ട്…… ഓണക്കോടി എടുക്കുമ്പോൾ എല്ലാവർക്കും വാങ്ങുമ്പോൾ എനിക്കിതൊക്കെ മതിയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ നിൽക്കുമ്പോഴും ആ വാത്സല്യം ഞങ്ങൾ അറിയാറുണ്ട്…. ഒന്നും പറയാറില്ല എങ്കിലും ആ ഹൃദയത്തിൽ ഞങ്ങളോടുള്ള സ്നേഹവും അമ്മയോടുള്ള സ്ഥാനവും ഒക്കെ എത്രത്തോളമാണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയുകയുള്ളൂ….. കാര്യങ്ങൾ കഴിഞ്ഞു പോകുന്നേ ഉള്ളൂ എങ്കിലും സമ്പാദ്യം എന്ന് പറയാൻ മെച്ചപ്പെട്ടതായി ഒന്നുമില്ലെങ്കിലും ഈ വീട് ഞങ്ങളുടെ സ്വർഗ്ഗമാണ്….. ”

അപ്പു….. അച്ഛൻറെ ആ വിളി ആണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്…. ഇനി ഒരു വിളിക്ക് അവസരം നൽകാതെ വേഗം അച്ഛൻ പറഞ്ഞതുപോലെ പെട്ടെന്ന് അടുക്കളയിലേക്ക് ചെന്നു…. അച്ഛൻ പറഞ്ഞത് കേട്ടിട്ടാവണം അപ്പോൾ തന്നെ ഗ്ലാസിൽ അമ്മ കാപ്പി എടുത്തു വെച്ചിട്ടുണ്ടായിരുന്നു…. ” എന്തെങ്കിലും ഒരു സഹായത്തിന് നിൽക്കണോ എന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് കേട്ടില്ലേ എന്ന് മാത്രമായിരുന്നു അമ്മയുടെ മറുപടി…… കാപ്പി കുടിച്ചു മുറിയിലേക്ക് ചെന്നപ്പോഴേക്കും അമ്മു ലൈറ്റ് കെടുത്തിട്ടുണ്ടായിരുന്നു…. അവളെ ദേഷ്യം പിടിപ്പിക്കാൻ പുതപ്പ് വലിച്ചു മാറ്റി ഒന്ന് വഴക്ക് പറഞ്ഞതിന് ശേഷം വീണ്ടും ലൈറ്റിട്ടു…. “നിനക്ക് എന്താടി ചേച്ചി…. എന്നോട് അത്രയും പറഞ്ഞു എന്നോടുള്ള ദേഷ്യത്തിൽ അവൾ പിണങ്ങി പുതപ്പുമായി അച്ചുവിൻറെ മുറിയിലേക്ക് നടന്നു…..

അല്ലെങ്കിലും അച്ചുവിനോട് പിണങ്ങുന്ന ദിവസങ്ങളിൽ മാത്രമേ അവൾ തന്റെ ഒപ്പം വന്നു കിടക്കാറുള്ളൂ….. ഇന്നലെ രാത്രി അവളുമായി എന്തോ ചെറിയ കശപിശ ഉള്ളതുകൊണ്ടാണ് തന്നെ തേടി അവൾ വന്നത്….. പുതപ്പും എടുത്ത് ഉറക്കച്ചടവോടെ പോകുന്ന അവളെ കണ്ടപ്പോൾ ചിരിയാണ് വന്നത്….. അപ്പുറത്തെ മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ്… അവൾ അച്ഛനെ കണ്ടത്…. തലയിൽ ഹെഡ്‌ലൈറ് വച്ച് അവളെ ഒന്നു നോക്കി നിൽക്കുകയായിരുന്നു അച്ഛൻ….. ” നിനക്ക് ഒന്നും പഠിക്കാനില്ലേ…. പന്ത്രണ്ടാം തരമാണ് തോറ്റാൽ എൻറെ വിധം മാറും…. അച്ഛൻറെ ശാസന മുറിക്കകത്തു ഇരുന്നു കേട്ടു… ” ഞാൻ പഠിക്കാൻ ആയിട്ട് അങ്ങോട്ട് പോയത് ആണ് അച്ഛാ… ബുക്ക്‌ ഒക്കെ ആ മുറിയിൽ ആണ്…

ഇന്നലെ ചേച്ചിയുടെ കൂടെ ആണ് കിടന്നത്…. പേടിയോടെയുള്ള അമ്മുവിൻറെ സംസാരം കേട്ടപ്പോൾ ചിരിയാണ് വന്നത്….. മഹാകള്ളി ആണ് മടിപിടിച്ചു കിടന്നു ഉറങ്ങാൻ പോകുന്ന ആളാണ്…. അച്ഛനെ പേടിച്ചു പറയുന്നതാണ്…. ” എങ്കിൽ എത്രയും പെട്ടെന്ന് മുഖം കഴുകി ഇരുന്നു പഠിക്കാൻ നോക്ക്….. നീ മുറിയിൽ ഇരിക്കണ്ട… ഇവിടെ ഇരുന്നു പഠിച്ചാൽ മതി… ഊണ് മേശ ചൂണ്ടി അച്ഛൻ പറയുന്നത് കേട്ടപ്പോൾ തന്നെ ഒന്ന് തുമ്മി അമ്മു നന്നായി എന്നെ ഒന്ന് മനസ്സിൽ സ്മരിച്ചു കാണും എന്ന് ഉറപ്പായിരുന്നു അപ്പോൾ…. പഠിച്ചില്ലെങ്കിൽ അവൾക്ക് അറിയാം വൈകുന്നേരം അച്ഛന്റെ പുളിവടിയുടെ ഇര ആകേണ്ടി വരും എന്ന്…. ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ഒരു പുളി വടിയാണ് അച്ഛൻ വെട്ടി വെച്ചിരിക്കുന്നത്….

തനിക്ക് അതിൽ നിന്നും ഒരുപാട് ലഭിച്ചിട്ടില്ല…. ഏറിയാൽ ഒന്ന് രണ്ടു….. കൂടുതൽ വാങ്ങിക്കൂട്ടിയത് അമ്മുവും അക്കുവും ആയിരുന്നു… അച്ചുവും തന്നെ പോലെ ആയിരുന്നു…. അച്ഛന് അവളോട് വാത്സല്യം ഉണ്ടെങ്കിലും കുരുത്തക്കേട് കാട്ടിയാൽ അപ്പോൾ തന്നെ പുളി വടി എടുക്കും…. ഇപ്പോൾ തന്റെ നേരെ അത് എടുക്കാറില്ല….. വലിയ കുട്ടിയായി എന്ന് അച്ഛന് തോന്നിയത് കൊണ്ട് ആയിരിക്കും…. കോളേജിൽ പോയതിനുശേഷം അച്ഛൻ തന്നെ കൂടുതൽ ശാസിക്കാറില്ല….. താൻ അതിന് അവസരം ഒരുക്കാറും ഇല്ല…. എല്ലാം മനസ്സിലാക്കാനുള്ള പ്രായം ആയി എന്ന തോന്നൽ അച്ഛൻ ഉണ്ടായത് ആയിരിക്കും അതിനു കാരണം….. ചിന്തകളെ മറന്ന് വീണ്ടും പുസ്തകത്തിലേക്ക് മിഴികളൂന്നുമ്പോൾ… ഓരോ വാക്കുകൾ വായിക്കുമ്പോഴും പഠിക്കുമ്പോഴും… മനസ്സിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ……

എങ്ങനെയെങ്കിലും നല്ല മാർക്കോട് ഡിഗ്രി പാസാകണം….. എന്തെങ്കിലും ഒരു ചെറിയ ജോലിയെങ്കിലും ചെയ്ത അച്ഛനെ സഹായിക്കണം….. മറ്റൊരു ചിന്തയും മനസ്സിലേക്ക് കടന്നു വന്നിട്ടില്ല…. അല്ലെങ്കിലും അന്നന്നത്തെ കാര്യങ്ങൾ മാത്രം സുരക്ഷിതമായി നടക്കുന്ന ആ വീട്ടിൽ അതിനുമപ്പുറം ഒരു സ്വപ്നം തനിക്ക് കാണാൻ കഴിയുന്നതായിരുന്നില്ല…… പഠിക്കാൻ നല്ല കഴിവ് ഉണ്ടെങ്കിലും തുടർപഠനം ബലികേറാമല ആണ് എന്ന് അറിയാമായിരുന്നു…. അതുകൊണ്ട് ആണ് പ്ലസ്ടുവിനു സയൻസ് ഗ്രൂപ്പ് എടുത്തു നല്ല മാർക്ക്‌ വാങ്ങിയപ്പോഴും കൂട്ടുകാർ ഒക്കെ എൻജിനീറിങ്ങിനും മെഡിസിനും ഒക്കെ പോയപ്പോൾ താൻ ഡിഗ്രി തിരഞ്ഞെടുത്തത്….. അച്ഛനെ കൊണ്ട് കൂട്ടിയാൽ കൂടുന്നത് അല്ല മറ്റൊന്നും എന്ന് അറിയാരുന്നു…

നേരെ നിന്ന് അച്ഛനെ കൂടി സഹായിക്കാൻ കഴിഞ്ഞത് അച്ഛന് കിട്ടുന്ന ഒരു സഹായം ആയിരിക്കും അത്‌ എന്ന് അറിയാരുന്നു…. മാത്രമല്ല കടയിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനത്തിൽ ചിട്ടിയും മറ്റും തീർക്കാനായി മാസാവസാനം ഓടുന്ന അച്ഛനെ കാണുമ്പോൾ പലപ്പോഴും സങ്കടം തോന്നാറുണ്ട്….. ഒരു രൂപ പോലും അച്ഛൻ വെറുതെ കളയാറില്ല….. ആവശ്യമില്ലാതെ ചിലവാക്കാറും ഇല്ല….. എല്ലാം തങ്ങൾക്ക് വേണ്ടിയാണ്….. മൂന്നു പെൺകുട്ടികൾ ഉണ്ട് എന്ന് ബോധം അച്ഛന് എന്നുമുണ്ടായിരുന്നു….. ഞങ്ങൾക്ക് വേണ്ടി ചെറിയ രീതിയിലാണെങ്കിലും ചിട്ടി തുടങ്ങാനും സ്വർണ്ണ മേടിക്കാനും ഒന്നും അച്ഛൻ മറന്നിരുന്നില്ല…..

ചിട്ടിയോ മറ്റോ ഒരുമിച്ചു കിട്ടിയാൽ അന്നേരം സ്വർണം വല്ലോം വാങ്ങി എനിക്കോ അമ്മുവിനോ നൽകും…. തങ്ങളുടെ ജീവിതം സുരക്ഷിതം ആക്കണം എന്ന് അച്ഛൻ എപ്പോഴും ഉണ്ടായിരുന്നു….. ഒരു പക്ഷേ ഞങ്ങൾ അനാഥരായി പോകുമെന്ന് കരുതി ആയിരിക്കും….. ഒരിക്കൽപോലും അച്ഛൻ മദ്യപിക്കുന്നതും താൻ കണ്ടിട്ടില്ല…. ആവിശ്യം ഇല്ലാത്ത കൂട്ടുകെട്ടുകൾ ഇല്ല…. എല്ലാരോടും ഒരു മിതമായ അകലം സൂക്ഷിക്കാറുണ്ട്….. ആകെപ്പാടെ അച്ഛൻറെ ഒരു പോരായ്മ ആയി തോന്നിയിട്ടുള്ളത് ഞങ്ങളോടും അമ്മയോടുമുള്ള മിതമായ സംഭാഷണമാണ്….. അമ്മയോട് പോലും അച്ഛൻ അധികം സംസാരിക്കാറില്ല എന്ന് തോന്നിയിട്ടുണ്ട്….. കുട്ടിക്കാലത്ത് കൊതിച്ചിട്ടുണ്ട് അച്ഛൻ ഒരുപാട് സംസാരിക്കാൻ…..

അച്ഛൻറെ കൈപിടിച്ച് കവലയിലൂടെ നടക്കാൻ…. ഒക്കെ ആഗ്രഹങ്ങൾ മാത്രം ആയിരുന്നു….. ഒരിക്കൽ പോലും അത് സാധിച്ചിട്ടില്ല…. അച്ഛൻ ഞങ്ങളുടെ ഒപ്പം ഇരുന്നു ഭക്ഷണം പോലും കഴിച്ചിട്ടില്ല…. ഞങ്ങൾ കഴിച്ചശേഷം മിച്ചമുണ്ടോ എന്ന് നോക്കിട്ട് മാത്രം കഴിക്കും… ഭക്ഷണം കുറവാണേൽ വിശപ്പില്ല എന്ന് പറഞ്ഞു പോയി കിടക്കും…. ഒരുപാട് ആഗ്രഹമായിരുന്നു അച്ഛൻ പേരൻസ് മീറ്റിങ്ങ് സ്കൂളിൽ വരണമെന്ന് പക്ഷേ ഒരിക്കൽ പോലും അച്ഛൻ വന്നിട്ടില്ല…. പക്ഷേ മാർക്ക് കിട്ടുമ്പോൾ ഒരു വിഷയത്തിന് മാർക്ക് കുറയുമ്പോൾ വഴക്കു പറയുന്ന അമ്മയെക്കാൾ സാരമില്ല അടുത്ത പ്രാവശ്യം അത് ശരിയാക്കിയാൽ മതി എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ വരുന്ന അച്ഛനെ ആയിരുന്നു എനിക്ക് ഏറെ ഇഷ്ടം…..

അച്ഛനെ കഷ്ടപ്പാടുകൾ മനസ്സിലാക്കി വളർന്നതുകൊണ്ട് തന്നെ ഞങ്ങൾ നാലുപേരും ഒരു കൂട്ടുകെട്ടിലും പെടാൻ പോയിട്ടില്ല….. അക്കു പോലും…. വേണ്ടാത്ത കൂട്ടുകെട്ടുകൾ അവനും ഇല്ല…. ആദ്യകാലങ്ങളിൽ ഒക്കെ കൂട്ടുകാർ നടക്കുന്നതുപോലെ നടക്കണമെന്നും പുതിയ ഷർട്ടും ജീൻസും ഒക്കെ വേണം എന്നൊക്കെ അവൻ പറയാറുണ്ടായിരുന്നു….. വീട്ടിലെ കഷ്ടപ്പാടുകൾ കണ്ടിട്ടാവും അവൻ തന്നെ സ്വയം അത് വേണ്ടെന്ന് വച്ചത്….. ഇപ്പോഴും മറ്റു കുട്ടികളെപ്പോലെ അപേക്ഷിച്ച് അങ്ങനെ ഒന്നും ആഗ്രഹിക്കാറില്ല ആവശ്യപ്പെടാറില്ല….. കുറച്ചുകൂടി മുതിർന്നപ്പോൾ ആവശ്യങ്ങൾ പറയാൻ പോലും അവന് മടി ആണെന്ന് തോന്നിയിട്ടുണ്ട്….. പക്ഷേ അച്ഛൻ അറിഞ്ഞു ചെയ്യാറുമുണ്ട്…..

ഞങ്ങൾ മൂന്നു പെൺകുട്ടികൾ ആയതുകൊണ്ടുതന്നെ പ്രായമായപ്പോൾ മുതൽ അമ്മ പറഞ്ഞു തരുന്ന ഒരു വാക്ക് ആണ്… ഒരിക്കലും ചീത്തപ്പേര് കേൾപ്പിക്കരുത് എന്നായിരുന്നു…. നമ്മൾക്ക് ഉള്ളത് അഭിമാനം മാത്രമാണ് അത് നഷ്ടപ്പെട്ടാൽ നമുക്ക് പിന്നെ ജീവിക്കാൻ കഴിയില്ല…. അച്ഛൻ തകർന്നു പോകും…. അച്ഛനോട് ചെയ്യുന്ന വലിയ ദ്രോഹം ആയി പോകും…. മൂന്നുപേരും അത് മനസ്സിൽ വിചാരിച്ചു വേണം ജീവിക്കാൻ…. അമ്മ എന്നും ഒരു മന്ത്രം പോലെ എന്നും പറഞ്ഞു തരുമായിരുന്നു….. അത്‌ മനസ്സിൽ കിടക്കുന്നത് കൊണ്ടായിരിക്കും ഒരിക്കൽ പോലും ഒരു മോശമായ രീതിയിൽ ഒന്നും ആരെയും നോക്കാൻ പോലും തനിക്കൊ അനുജത്തിമാർക്കൊ കഴിഞ്ഞിട്ടില്ല…..

എന്ന് എപ്പോഴും തോന്നാറുണ്ട് താനും അനുജത്തിമാരും ഒക്കെ ആകെപ്പാടെ സംസാരിക്കുന്ന ഒരേയൊരാൾ ഹരിയേട്ടൻ ആയിരുന്നു… അച്ഛന്റെ സഹോദരിയുടെ മകൻ…. “ശ്രീ ഹരി ” എന്ന ഞങ്ങളുടെ ഹരിയേട്ടൻ…. ഞങ്ങൾക്ക് മുറച്ചെറുക്കൻ എന്ന് പറയാമെങ്കിലും അച്ഛൻ എന്നും ഞങ്ങളുടെ ആങ്ങളയുടെ സ്ഥാനത്താണ് ഹരിയേട്ടനെ കണ്ടിട്ടുള്ളത്…. ആളും അങ്ങനെ തന്നെ ആണ്… കുട്ടിക്കാലത്ത് സ്കൂളിൽ പോകുമ്പോൾ അമ്മ പറയാറുണ്ടായിരുന്നു “നിന്റെ മൂന്നു സഹോദരിമാരെയും നീ നന്നായി നോക്കികൊണം എന്ന്…. ആ ഓർമ്മയാണ് പലപ്പോഴും മനസ്സിൽ അലയടിക്കുന്നത്…. ഞങ്ങൾ കുറച്ചെങ്കിലും അധികാരം ഏതെങ്കിലും ഒരു പുരുഷനോട് കാണിച്ചിട്ടുണ്ട് അത് ഹരിയേട്ടനോട് മാത്രമായിരിക്കും….

പഠിത്തം കഴിഞ്ഞപ്പോഴേക്കും സമയം ഏകദേശം ആറര ആയിരുന്നു…. അപ്പോഴേക്കും എഴുന്നേറ്റ് പോയി കുളിച്ചു….. രാവിലെ കുളിക്കാതെ കോളേജിലോ സ്കൂളിലോ പോകുന്നത് ഒന്നും അമ്മയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല…. അതുകൊണ്ടുതന്നെ അച്ചുവും അമ്മുവും നേരത്തെ എഴുന്നേറ്റ് കുളിച്ച് മുടി ഉണക്കും…. അവർക്ക് സ്കൂളിൽ മുടി പിന്നീ കൊണ്ട് തന്നെ പോകണം…. നിർബന്ധമാണ്…. എഴുന്നേറ്റ് കുളിച്ച് പെട്ടെന്ന് തന്നെ അലമാരിയിൽനിന്നും ഒരു ചുരിദാർ തപ്പിയെടുത്തു…. പെട്ടെന്ന് നീളൻ മുടി സ്വാതന്ത്രം ആക്കി…. കുളി പിന്നൽ ഇട്ടു… അലമാരി തുറന്നപ്പോൾ പൗഡർ തീർന്നിരിക്കുന്നു….. ആകപ്പാടെ താൻ ഉപയോഗിക്കുന്ന ഒരു വസ്തു അത് മാത്രമാണ്….. പിന്നെ ഒരു ചെറിയ കറുത്ത പൊട്ടും…..

രണ്ടുമില്ല അത് വാങ്ങണം എന്ന് വിചാരിച്ചതാണ് മറന്നു പോയി….. പെട്ടെന്ന് അമ്മുവിൻറെ മുറിയിലേക്ക് ഓടി….. സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഒരു കലവറ തന്നെയാണ് അത്…… അവളുടെ കയ്യിൽ ഇല്ലാത്ത സാധനങ്ങൾ ഒന്നുമില്ല….. പലപ്പോഴും ചിന്തിക്കാറുണ്ട് എങ്ങനെയാണിതൊക്കെ വാങ്ങുന്നത് എന്ന്…. ഒരിക്കൽ അവളോട് ചോദിച്ചു…. അപ്പോൾ അതിനു കിട്ടിയ മറുപടിയായിരുന്നു വിചിത്രം…. പഠിക്കാൻ ഉള്ള സാധനങ്ങൾ വാങ്ങാൻ വരുന്ന കാശിൽ നിന്നും മിച്ചം പിടിച്ച് അത് വാങ്ങുന്നത്….. കേട്ടപ്പോൾ ചിരിയാണ് വന്നത്…. എന്ത് അത്യാവശ്യമുള്ള കാര്യമാണ്…. പെട്ടെന്ന് അവളുടെ മുറിയിലേക്ക് ചെന്ന് അതിൽ നിന്നും അവളുടെ പൗഡർ നിന്നും അല്പം എടുത്ത് മുഖത്ത് ഇട്ടു….

ഒരു വട്ട പൊട്ടും തൊട്ട് പുറത്തേക്ക് ഓടുകയായിരുന്നു…. പെട്ടന്ന് ഭക്ഷണം കഴിച്ചു എന്ന് വരുത്തി…. “നീ ഒന്ന് ഇരുന്നു കഴിക്ക് അപ്പു…. അമ്മ ശാസനത്തോടെ പറഞ്ഞു…. ” സമയം പോകുന്നു…. പരീക്ഷ ഉണ്ട്…. സമയത്ത് എത്തിയില്ലേൽ കഴിഞ്ഞു… ഇവിടെ നിന്നും രണ്ടു ബസ് മാറിയാൽ മാത്രമേ കോളേജിൽ എത്തുക ഉള്ളു…. അപ്പോഴേക്കും സാരീതലപ്പു കൊണ്ട് ഒരു സ്റ്റീൽ പത്രം തുടച്ചു അമ്മ ബാഗിൽ വച്ചത്…. “വെള്ളം മേശപ്പുറത്തു ഉണ്ട്… വേഗത്തിൽ പിള്ളേരോട് ഒക്കെ യാത്ര പറഞ്ഞു വെള്ളവും എടുത്തു അമ്മയുടെ കവിളിൽ ഒരു ഉമ്മയും നൽകി ഓടി…. കവലയിലേക്ക് ഇറങ്ങിയതും നേരെ പോയത് അച്ഛൻറെ പലചരക്ക് കടയിലേയ്ക്ക് ആയിരുന്നു …

അത് പതിവാണ് അവിടെ ചെല്ലുമ്പോഴാണ് അച്ഛൻ വണ്ടിക്കൂലിക്ക് ഉള്ള കാശ് തരുന്നത്…. അത് കറക്റ്റ് ആയിട്ടുള്ള പൈസ ആയിരിക്കും തരുന്നത്…. ചിലപ്പോഴൊക്കെ എന്തെങ്കിലും വാങ്ങി കഴിച്ചോ എന്നു പറഞ്ഞു കുറച്ചു രൂപ കൂടുതൽ തരും…. എങ്കിലും അച്ഛൻറെ ബുദ്ധിമുട്ടുകൾ ഓർത്ത് അത് വാങ്ങാറില്ല… വാങ്ങിയാൽ തന്നെ അത് ബാഗിൽ സൂക്ഷിക്കുകയുള്ളൂ അതിനുപകരം ആയിട്ട് സഹോദരങ്ങൾക്ക് എന്തെങ്കിലും പിറന്നാളിന് സമ്മാനം അല്ലെങ്കിൽ അച്ഛൻറെ അമ്മയുടെയും വെഡിങ് ആനിവേഴ്സറി ചെറിയ സമ്മാനങ്ങൾ വാങ്ങി നൽകാൻ ആണ് പതിവ്…. അല്ലാതെ അച്ഛനെപ്പോലെ അധികമായി ഒന്നും താനും ചിലവാകില്ല…. അച്ഛനോട് കാശും വാങ്ങി തിരികെ ബസ്റ്റോപ്പിൽ എത്തുമ്പോൾ ശാലുവിനെ ആയിരുന്നു തിരഞ്ഞത്……

അവൾ സാധാരണ നേരത്തെ വരുന്നതാണ്…. ഇന്ന് കണ്ടില്ല….. ഓർമ്മ വെച്ചപ്പോൾ മുതൽ തുടങ്ങിയ സൗഹൃദമാണ് അവളോട്….. പഠിച്ച ക്ലാസ്സുകളിലും ഇപ്പോൾ കോളേജിൽ വരെ തങ്ങൾ ഒരുമിച്ചാണ്….. വല്ലാത്തൊരു ആത്മബന്ധമാണ് ആ സൗഹൃദത്തിന്…. സൗഹൃദത്തിനും അപ്പുറം ഒരു സാഹോദര്യമാണ് അവളോട് ഉള്ളത്….. രണ്ടുപേരുടെയും വഴികൾ രണ്ട് ഭാഗത്തായിട്ടാണ്…. അതുകൊണ്ടുതന്നെ വീട്ടിൽ ചെല്ലുന്നത് പലപ്പോഴും അവധിദിവസങ്ങളിൽ മാത്രമായിരിക്കും… മെയിൻ റോഡിൽ നിന്നും അല്പം നടന്ന ചെയ്യുമ്പോൾ ഒരു ചെമ്മൺ പാത കാണാം…. അത് കയറി കടന്നുചെല്ലുന്നത് ഒരു പാലത്തിലേക്ക് ആണ്…. പാലത്തിനു താഴെ ഒരു കനാൽ ആണ് …. ചെമ്മൺപാത വരെ തങ്ങൾ ഒരുമിച്ച് സംസാരിച്ചാണ് പോകുന്നത്…..

അവിടെ എത്തുമ്പോൾ താൻ നേരെ പാലത്തിന് അടുത്തേക്ക് പോകും…. ചെറിയ ഒരു ഒറ്റ വരി പാത ഉള്ള കുഞ്ഞു പാലമാണ് അതിനുതാഴെ ചെറിയ ഒരു കനാൽ….. അതിനപ്പുറം കേതരത്തുകാരുടെ ഷീറ്റ് പുര ആണ്… അതുവഴി ഒരു ഊടുവഴി ഉണ്ട് കേതാരത്ത് എത്താൻ… പണ്ട് അച്ഛന് രാവിലത്തെ കാപ്പി കൊണ്ടു കൊടുക്കാൻ താൻ അതിലെ ആരുന്നു പോകുന്നത്…. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ഓടിത്തളർന്ന ശാലു വന്നു…. ” സോറി ഡീ…… ഒരുപാട് താമസിച്ചു പോയി ആഹാരം പോലും കഴിച്ചില്ല…. ഇന്ന് പരീക്ഷ അല്ലേ…. ” പഠിക്കുകയായിരുന്നോ ഇത്രയും സമയം….. “പഠിച്ച് രക്ഷപ്പെടാനുള്ള വിശ്വാസമൊന്നും എനിക്കില്ല എന്ന് നിനക്കറിയാമല്ലോ….

അത് പ്ലസ്ടുവിന് പഠിക്കുമ്പോൾ തന്നെ തീർന്നതാ…. രണ്ടാമത് എഴുതിയെടുത്ത് ജയിച്ചത് അല്ലേ…. പിന്നെ നീ ഇത്ര നേരം എന്ത് ചെയ്യുകയായിരുന്നു….. ഞാൻ നോക്കി കോപ്പി എഴുതി എടുക്കുവാരുന്നു മുഖത്തേക്ക് ഒരു കൂസലും ഇല്ലാതെ നോക്കി അവൾ പറഞ്ഞു…. അപ്പോഴാണ് ഇട്ടിരുന്ന ചെരുപ്പിലും ഫുൾകൈ ഉള്ള ചുരിദാറിനെ മറവിലും ഒക്കെ അവൾ എഴുതി വച്ചിരിക്കുന്ന ഇക്വേഷൻസ് മറ്റും കണ്ടത്…. അവളെ തറപ്പിച്ചു നോക്കി…. “എന്ത് പണിയാ നീ കാണിച്ചത്…. ആരെങ്കിലും കണ്ടു പിടിച്ചാൽ ഉണ്ടല്ലോ…. ആര് കണ്ടുപിടിക്കാൻ ആ ഇതൊക്കെ ഞാൻ എല്ലാ പരീക്ഷയ്ക്കും ചെയ്യുന്നത് ആണ്…. ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല….. ” പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാ…..

അത് സാരമില്ല ഇതെല്ലാം കൂടെ എങ്ങനെ മനസ്സിൽ ഓർത്തുവയ്ക്കാൻ ആണ്…. എനിക്ക് നിന്നെ പോലെ അത്ര വലിയ ഐ ക്യു പവർ ഒന്നുമില്ല…. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ രക്ഷപ്പെട്ടു…. അല്ലെങ്കിൽ കെട്ടിച്ചുവിടും എന്നുള്ളത് ഉറപ്പ് ആണ്… “അപ്പോൾ ജോലിക്ക് പോകാൻ വേണ്ടിയാണോ നീ ഈ കാണിക്കുന്നത്…. ” അങ്ങനെയല്ല ഞാൻ പറഞ്ഞത്…. ഡിഗ്രി ജയിച്ചില്ലെങ്കിൽ അച്ഛൻ കെട്ടിച്ചു വിടില്ല എന്നാ പറയുന്നത്….. അതുകൊണ്ട് എന്തെങ്കിലും ചെയ്യേണ്ടേ…. അവളുടെ മറുപടി കേട്ടപ്പോൾ ചിരിയാണ് വന്നത്….. അവൾ പകുതി തമാശയായും പകുതി കാര്യമായും ആണ് പറഞ്ഞത്….. ചിരിയോടെ അവളെ നോക്കി…..

അപ്പോഴേക്കും ബസ് വന്നിരുന്നു….. ബസിനകത്തേക്ക് കയറുമ്പോൾ ശരീരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടിരുന്നു….. കുറച്ചുദിവസങ്ങളായി അങ്ങനെയാണ് അകത്തേക്ക് കയറിയപ്പോൾ ചുറ്റും കണ്ണോടിച്ചു….. ” ഇല്ല….. ആശ്വാസപൂർവ്വം ദീർഘശ്വാസം വിട്ടു…. അപ്പോഴാണ് ഏറ്റവും പുറകിലത്തെ സീറ്റിൽ ഗൗരവത്തോടെ ഇരുന്ന മുഖത്ത് പെട്ടന്ന് ചിരി വിടർന്നത്….. നുണകുഴി കവിളുകളോട് തന്നെ നോക്കുന്ന ആ മുഖം കണ്ടത്……. പെട്ടെന്ന് ഇടനെഞ്ച് വിലങ്ങി…. കാത്തിരിക്കൂ…..🥀 ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

Share this story