ആത്മിക : ഭാഗം 10

ആത്മിക : ഭാഗം 10

എഴുത്തുകാരി: ശിവ നന്ദ

കാർ തുറന്ന് അമ്മുവിനെ അകത്തേക്ക് തള്ളിയിട്ടപ്പോൾ ആണ് തൊട്ടുമുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ ഹെഡ്‍ലൈറ് ഓൺ ആയത്.അതിന്റെ പ്രകാശം കണ്ണിൽ തട്ടിയതും ക്രിസ്റ്റി ദേഷ്യത്തോടെ കാറിൽ നിന്നിറങ്ങി.ആ അവസരത്തിൽ അമ്മുവും പിടഞ്ഞ് പുറത്തേക്ക് ഇറങ്ങി..ആ ഹെഡ്‍ലൈറ്റിന്റെ വെട്ടത്തിൽ അവൾ കണ്ടു…ബൈക്കിൽ ഇരിക്കുന്നവന്റെ രോമം നിറഞ്ഞ ആ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന പൊൻകുരിശിന്റെ തിളക്കം…. “ഏത്‌ …….. മോനാടാ അത്??” ചോദിച്ചുകൊണ്ട് ക്രിസ്റ്റി ബൈക്കിന്റെ അടുത്തേക്ക് ചെന്നതും പിന്നിലേക്ക് തെറിച്ച് വീണതും ഒരുമിച്ചായിരുന്നു. കൈകുടഞ്ഞുകൊണ്ട് തന്റെ അടുത്തേക്ക് നടന്നുവരുന്ന ആൽബിയെ കണ്ട് ക്രിസ്റ്റി എഴുനേൽക്കുന്നതിന് മുൻപ് തന്നെ ആൽബി അവനെ പിടിച്ചെഴുന്നേല്പിച്ചു. “എങ്ങോട്ട് കൊണ്ടുപോകുവാട നീ ഇവളെ??” “അത് ചോദിക്കാൻ നീയാരാടാ?” ചോദിച്ച് തീർന്നതും അവന്റെ അടിനാഭിയിൽ ആൽബിയുടെ കാൽമുട്ട് പതിഞ്ഞിരുന്നു.പിടച്ചിലോടെ അവൻ നിലത്തേക്ക് ഇരുന്നതും ആൽബി അവന്റെ പെടലിക്ക് പിടിച്ച് പൊക്കി..പലതവണ മുഷ്ടിചുരുട്ടിയ അവന്റെ കൈ ക്രിസ്റ്റിയുടെ നെഞ്ചിൽ ആഞ്ഞുപതിച്ചു കൊണ്ടിരുന്നു.ക്രിസ്റ്റിയുടെ വായിൽ നിന്നും ചോര വന്നിട്ടും ആൽബി അത് നിർത്തിയില്ല. എല്ലാം കണ്ട് പേടിച്ച് നിൽകുവായിരുന്നു അമ്മു.

ആൽബിയുടെ കണ്ണിലെരിയുന്ന അഗ്നിയുടെ ചൂട് അവൾക് അനുഭവപെട്ടു.ഉയർന്നുതാഴുന്ന അവന്റെ നെഞ്ചും ചോരനിറത്താൽ വലിഞ്ഞുമുറുകിയ മുഖവും കാൺകെ അമ്മുവിന് ശരീരം തളരുന്നത് പോലെ തോന്നി. “വേ..ണ്ടാ…” അവ്യക്തമായി അമ്മുവിന്റെ ശബ്ദം കേട്ട് നോക്കിയ ആൽബി കാണുന്നത് കൈരണ്ടും തലയിൽ അമർത്തി ഒരാശ്രയത്തിനായി മതിലിൽ പിടിച്ചുനിൽക്കുന്നവളെ ആണ്. അത് കണ്ടതും ദേഷ്യത്തോടെ ക്രിസ്റ്റിയുടെ തല പിടിച്ച് അടുത്തുള്ള പോസ്റ്റിലേക്ക് ആഞ്ഞ് ഇടിച്ചു.തലയിൽ നിന്നും ചോര ചീന്തി ക്രിസ്റ്റി നിലത്തേക്ക് വീണു.ആൽബി ഓടിച്ചെന്ന് അമ്മുവിനെ പിടിച്ചതും അവൾ അവന്റെ കൈകളിലേക്ക് തളർന്ന് വീണു. “ഹേയ്..ആത്മിക..എടോ…” അവളുടെ കവിളിൽ തട്ടി അവൻ വിളിച്ചെങ്കിലും അവൾ അവ്യക്തമായി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.അവളുമായി കാറിന്റെ അടുത്തേക്ക് നടന്നു കാർഡോർ തുറന്ന് അമ്മുവിനെ അവൻ സീറ്റിലേക്ക് ഇരുത്തി.നെഞ്ചിലേക്ക് അവളുടെ തലചേർത്ത് വെച്ച് അവൻ ആ കാറിൽ ആകെയൊന്ന് തിരഞ്ഞു..ബോട്ടിൽ സ്പേസിൽ നിന്നും മിനറൽ വാട്ടർ കിട്ടിയതും അവന് ആശ്വാസമായി.വെള്ളം അമ്മുവിന്റെ മുഖത്തേക്ക് തളിച്ചുകൊണ്ട് അവൻ അവളുടെ വായിലേക്ക് വെള്ളം ഒഴിച്ചുകൊടുത്തു.

തന്റെ നെഞ്ചിൽ കിടന്നു പരവേശത്തോടെ വെള്ളം കുടിക്കുന്നവളെ കണ്ടതും അവന് വല്ലാത്ത സങ്കടം തോന്നി..ആ സങ്കടം ക്രിസ്റ്റിയോടുള്ള ദേഷ്യമായി മാറാൻ അധികം സമയമെടുത്തില്ല.വീണ്ടും ക്രിസ്റ്റിയുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞ ആൽബിയുടെ കൈയിൽ അമ്മുവിന്റെ പിടിവീണു.”വേണ്ടാ” എന്നവൾ തലയാട്ടിയതും അവൻ കണ്ണിറുക്കി അടച്ച് ശക്തമായി തലകുടഞ്ഞുകൊണ്ട് ദേഷ്യം നിയന്ത്രിച്ചു… ************** താൻ പറഞ്ഞ സ്ഥലത്ത് അമ്മുവുമായി ക്രിസ്റ്റി എത്തിയിട്ടുണ്ടാകും എന്ന സന്തോഷത്തിൽ ആയിരുന്നു ഹർഷൻ. “ഒടുവിൽ ഞാൻ ആഗ്രഹിച്ച ദിവസം എത്തി..ആത്മിക..അവൾ ഇന്ന് എന്റേതാകും..ഈ ക്രിസ്റ്റി എന്താ വിളിക്കാത്തത്?? അവിടെ എത്തേണ്ട സമയം ആയല്ലോ…” ക്രിസ്റ്റിയെ അങ്ങോട്ട് വിളിക്കാനായി ഹർഷൻ ഫോൺ എടുത്തപ്പോൾ തന്നെ കാളിങ് ബെൽ കേട്ടു.ഒരു സംശയത്തോടെ അവൻ ചെന്ന് ഡോർ തുറന്നു. മുന്നിൽ നിൽക്കുന്ന ആൽബിയെയും അവന്റെ പിറകിൽ നിൽക്കുന്ന അമ്മുവിനെയും കണ്ട് ഹർഷൻ ഒന്ന് പകച്ചു.എന്നാൽ അവൻ ശെരിക്കും ഞെട്ടിയത് ശരീരം മുഴുവൻ ചോരയുമായി നിലത്ത് കിടക്കുന്ന ക്രിസ്റ്റിയെ കണ്ടപ്പോഴാണ്. “ഡാ നീ..നീ എന്താടാ ഈ കാണിച്ചത്??” ആൽബിയുടെ നേരെ ആക്രോശിച്ചുകൊണ്ട് ചെന്ന ഹർഷന്റെ കരണത്ത് ആൽബി ആഞ്ഞടിച്ചു.ആ അടിയിൽ വേച്ചുപോയ ഹർഷനെ അവന്റെ ഷർട്ടിൽ കുത്തിപിടിച്ചുകൊണ്ട് ആൽബി തന്റെ നേർക്ക് നിർത്തി. “ഡാ പുന്നാരമോനെ…പെൺപിള്ളേരോട് വേലത്തരം കാണിക്കുന്നത് പോലെ ആൺപിള്ളേരോട് മുട്ടാൻ വരല്ലേ..” “അയ്യോ എന്താ ഇവിടെ??” അകത്തുനിന്നും അമ്മയും അമ്മായിയും ദിയയും പുറത്തേക്ക് വന്നതും ഹർഷന് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായി. “ഡാ വിടടാ എന്റെ മോനേ” അമ്മായി ഹർഷനെ ആൽബിയുടെ കൈയിൽ നിന്നും വിടുവിക്കാൻ ശ്രമിച്ചപ്പോഴേക്കും ആൽബി അവരെ പിടിച്ച് തള്ളി.

“ദേ തള്ളേ…അടങ്ങിനിന്നോണം” “എന്റെ വീട്ടിൽ കയറി നീ എന്നോട് അടങ്ങാൻ പറയുന്നോ..ആരാടാ നീ??” “ഞാൻ ആരാണെന്ന് അറിയുന്നതിലും നല്ലത് നിങ്ങളുടെ മോനേ കുറിച്ച് അറിയുന്നതാ..ചോദിച്ച് നോക്കി ഈ പന്ന …. മോനോട് ഇവന്റെ ബിസിനസ്‌ എന്താണെന്ന്” ആൽബി എന്തെങ്കിലും പറയുമെന്ന് പേടിച്ച് ഹർഷൻ അവന്റെ മുന്നിലേക്ക് കയറിനിന്നു. “നിനക്ക് എന്താ വേണ്ടത്?? എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ നീ ഇടപെടുന്നത്?? ” ഹർഷന്റെ നെഞ്ചിൽ കൈവെച്ച് ആൽബി അവനെ പിറകിലേക്ക് തള്ളി. “നിനക്ക് ഒന്നും അറിയില്ലേടാ?? ഈ കിടക്കുന്നവനെ നീ ഇങ്ങോട്ട് കൊണ്ട് വന്നത് തന്നെ ഇവളെ ലക്ഷ്യം വെച്ചല്ലേ” അമ്മുവിനെ ചൂണ്ടി ആൽബി അത് ചോദിച്ചതും അമ്മായി വീണ്ടും മുന്നിലേക്ക് വന്നു. “ഓഓഓ ഇവൾക്ക് അപ്പോൾ വേറെയും ഉണ്ടായിരുന്നോ ആൾകാർ..ഇതുപോലത്തെ പിഴച്ചവൾക്ക് ആണല്ലോ ദൈവമേ ഞാൻ ഇത്രയും നാളും വെച്ചുണ്ടാക്കി കൊടുത്തത്” അവരുടെ സംസാരം കേട്ടതോടെ ആൽബിയ്ക്ക് അവന്റെ നിയന്ത്രണം നഷ്ടമാകുന്നത് പോലെ തോന്നി.അവരുടെ കഴുത്തിൽ അവൻ കുത്തിപിടിച്ചതും അമ്മു അവനെ തടഞ്ഞു. “പ്ലീസ്..ഇതെന്റെ അമ്മായി ആണ്..” “കണ്ടോ തള്ളേ..ഈ ഇവളെ ആണോ നിങ്ങൾ ഇക്കണ്ട കാലമത്രയും കഷ്ടപെടുത്തിയത്..എന്നിട്ട് ഊരും പേരും അറിയാത്ത ഒരു ചെറ്റയുടെ കൂടെ രാത്രിയിൽ ഇറക്കിവിട്ടിരിക്കുന്നു..ഇനി ഒരുപക്ഷെ ഇവർ തമ്മിൽ പ്രേമത്തിൽ ആണെങ്കിൽ തന്നെയും ഇങ്ങനെ ആണോ ചെയ്യേണ്ടത്..ഒന്നുമല്ലെങ്കിലും നിങ്ങൾ ഒരു സ്ത്രീയല്ലേ” “ഇതൊക്കെ ചോദിക്കാൻ നീയാരാടാ?? ക്രിസ്റ്റിയും ഇവളും തമ്മിലുള്ള ബന്ധം നേരിട്ട് കണ്ടവരാ ഞങ്ങൾ..അതോ ഇവള് നിനക്കും പായവിരിച്ചിട്ടുണ്ടോ??”

ഹർഷൻ അത് ചോദിച്ച് തീർന്നതും ആൽബിയുടെ അടിയിൽ അവൻ നിലത്തേക്ക് വീണു.ഹർഷന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന ആൽബിയെ കണ്ട് എല്ലാവരും പേടിച്ചു. “നിന്റെ പുഴുത്ത നാക്ക് കൊണ്ട് ഇനി ഇമ്മാതിരി എന്തെങ്കിലും പറഞ്ഞാൽ?? പെണ്ണെന്നാൽ നിനക്ക് ഭോഗിക്കാനുള്ള ഒരു വസ്തു മാത്രമായിരിക്കും..പക്ഷെ ആൽബിക്ക് അങ്ങനെ അല്ല” താക്കീത് പോലെ അവന് നേർക്ക് വിരൽ ചൂണ്ടിയിട്ട് ആൽബി അമ്മുവിന്റെ അടുത്തേക്ക് വന്നു. “ഇനിയെങ്കിലും വാ തുറന്ന് ഒന്ന് പറയടി നീയും ആ കിടക്കുന്നവനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ??” അമ്മു ചുറ്റുമുള്ളവരെ ഒന്ന് നോക്കി നില്കുന്നത് കണ്ടതും ആൽബിയ്ക്ക് ദേഷ്യം ഇരച്ചുകയറി. “ചോദിച്ചത് കേട്ടില്ലേടി…..” അവന്റെ ശബ്ദം ഉയർന്നതും ഞെട്ടലോടെ അമ്മു “ഇല്ലെന്ന്” തലയാട്ടി. “എങ്കിൽ നടന്നത് എന്താണെന്ന് വെച്ചാൽ പറയടി” “ഞാൻ മുറിയിൽ കയറിയപ്പോൾ അയാൾ എന്നെ കയറി പിടിച്ചു.” “തെളിവുണ്ടോടി നിന്റെ കൈയിൽ?? നാത്തൂനേ പോലീസിനെ വിളിക്ക്..വീട്ടിൽ കയറി തോന്ന്യവാസം കാണിക്കുന്നോ..” “വേണ്ടാ..അമ്മായി വേണ്ട..പോലീസ് ഒന്നും വേണ്ട” ദിയയുടെ അമ്മ പോലീസിന്റെ കാര്യം പറഞ്ഞതും നെഞ്ചിൽ കൈവെച്ച് ചുമച്ചുകൊണ്ട് ഹർഷൻ എഴുന്നേറ്റു.ആൽബിയുടെ വാക്കുകളും ഹർഷന്റെ പെരുമാറ്റവും ഒക്കെ ദിയയിൽ പല സംശയങ്ങളും ഉണ്ടാക്കി.പക്ഷെ ഒന്നും വിശ്വസിക്കാൻ പറ്റിയില്ല..അത്രക്ക് അവനോടുള്ള പ്രണയം അവളിൽ നിറഞ്ഞിരുന്നു. “ആത്മിക…നിന്നെ ഇനി ഇവിടെ നിർത്തിയിട്ട് പോകാൻ എനിക്ക് പറ്റില്ല..അതുകൊണ്ട് നിനക്ക് ആവശ്യമുള്ളത് എന്താണെന്ന് വെച്ചാൽ എടുത്തിട്ട് വേഗം ഇറങ്ങ്” ആൽബിയുടെ വാക്കുകൾ കേൾക്കേ അമ്മു ഞെട്ടലോടെ അവനെ നോക്കി.

“ആരാ എന്താ എന്നറിയാത്ത ഈ ചെറ്റയുടെ കൂടെ ഇവൾ ഒളിച്ചോടി പോയി എന്ന് നാളെ നിങ്ങൾ ആരോടും പറയാതിരിക്കാൻ വേണ്ടി പറയുവാ..ഇവളെ ഞാൻ കൊണ്ടുപോകുന്നു..കളരിയ്ക്കൽ വീട്ടിലേക്ക്..അവിടെ ആൽബിൻ ജോൺ എന്ന എന്റെ സംരക്ഷണയിൽ കഴിയും ഇവൾ” അവന്റെ ഉറച്ചവാക്കുകൾക്ക് മുന്നിൽ ആർക്കും മറുപടി ഉണ്ടായില്ല.ഇതിനോടകം തന്നെ ആൽബിൻ ആരെന്ന് അവർക്കൊരു ഏകദേശധാരണ കിട്ടിയിരുന്നു.ഹർഷന്റെ നിശബ്ദതയും അത് തന്നെ പറയുന്നുണ്ടായിരുന്നു.ആൽബിന്റെ രൂക്ഷനോട്ടത്തിനു മുന്നിൽ മറുത്തൊന്നും പറയാൻ പറ്റാതെ അമ്മു അകത്തേക്ക് നടന്നു.ഫോൺ എടുത്ത് ആരെയോ വിളിക്കാനായി ആൽബിൻ കുറച്ചപ്പുറത്തേക്ക് മാറിയതും ജീവച്ഛവമായി കിടക്കുന്ന ക്രിസ്റ്റിയുടെ അടുത്തേക്ക് ചെന്ന ഹർഷൻ അവനെ താങ്ങിയെടുത്ത് വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അല്പസമയം കഴിഞ്ഞിട്ടും അമ്മുവിനെ കാണാഞ്ഞിട്ടാണ് ആൽബി അകത്തേക്ക് കയറി നോക്കുന്നത്. അവിടെ ദേവുവിന്റെ മുറിയുടെ മുന്നിൽ ആ അടഞ്ഞവാതിലിൽ മുട്ടികൊണ്ട് നിൽകുവായിരുന്നു അവൾ. “ഒന്ന് തുറക്ക് ദേവു…നീ എങ്കിലും എന്നെയൊന്ന് മനസിലാക്ക് മോളെ…എന്നെ ഇങ്ങനെ ഒറ്റക്കാകല്ലേ ദേവൂ….” അമ്മുവിന്റെ കരച്ചിൽ കണ്ടതും ആൽബിയും ആ വാതിലിൽ തട്ടി. “ദേവു..വാതിൽ തുറക്ക്..ആൽബി ആണ്” വാതിൽ തുറന്ന ദേവുവിനെ കണ്ടതും അമ്മുവിന്റെ കരച്ചിൽ കൂടി.മുടിയാകെ അലങ്കോലമായി കരഞ്ഞ് കലങ്ങിയ കണ്ണുമായി നിൽക്കുന്നവളെ കണ്ടതും ആൽബിയ്ക്കും വല്ലാത്ത സങ്കടം തോന്നി.ഇന്നത്തെ ദിവസം ഏറെസന്തോഷത്തോടെ കഴിയേണ്ടവൾ..തന്റെ കിച്ചൂന്റെ പെണ്ണ്.. എന്നാൽ ദേവു അമ്മുവിനെ ഒന്ന് നോക്കുകകൂടി ചെയ്യാതെ നേരെ ആൽബിയുടെ മുഖത്തേക്ക് നോക്കി.

“ഇച്ചായൻ ഇവളെ കൊണ്ട് പോ..പ്ലീസ്” അത്രമാത്രം പറഞ്ഞ് വാതിൽ അടച്ചവളെ കണ്ടതും അമ്മുവിന് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി.വീണ്ടും ആ വാതിലിൽ മുട്ടാൻ ശ്രമിച്ചപ്പോഴേക്കും ആൽബി അവളുടെ കൈയിൽ പിടിച്ചു. “വാ…” “ഇല്ല..ഞാൻ വരില്ല..” “ഈ വീട്ടിൽ കിടന്നു അനുഭവിച്ചത് മതിയായില്ലേ നിനക്ക്.വരുന്നോ ഇല്ലയോ എന്ന് നിന്നോട് അനുവാദം ചോദിച്ചത് അല്ല ഞാൻ.മര്യാദക് പോയി നിന്റെ സാധനം എടുത്ത് ഇറങ്ങാനാ പറഞ്ഞത്.” അവന്റെ ശബ്ദം മാറിയതും അവൾ നിർവികാരതയോടെ അവളുടെ മുറിയിലേക്ക് കയറി.അപ്പോഴേക്കും അമ്മായിമാരും ദിയയും അങ്ങോട്ടേക്ക് വന്നു.അവരെ കണ്ടതും ആൽബിയുടെ മുഖം ദേഷ്യത്താൽ ചുമന്നു. “ആത്മിക..നീ ഈ വീട്ടിലേക്ക് വന്നപ്പോൾ കൊണ്ട് വന്നത് മാത്രം എടുത്താൽ മതി.. അല്ലെങ്കിൽ അതിന്റെയും കണക്ക് പറയും സ്ത്രീരൂപം കെട്ടിയ ചില നികൃഷ്ടജന്മങ്ങൾ” തങ്ങളെ ഉദ്ദേശിച്ചാണ് അവൻ പറഞ്ഞതെന്ന് മനസ്സിലായതും അവർ മുറിയിലേക്ക് കയറി പോയി.പക്ഷെ ദിയ അവിടെയുള്ള സോഫയിലേക്ക് ഇരുന്നു.നടന്നതൊന്നും അവൾക് ഉൾകൊള്ളാൻ കഴിയുന്നുണ്ടായില്ല.അച്ഛന്റെയും അമ്മയുടെയും ഫോട്ടോ മാത്രം എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങിയ അമ്മു ദിയയെ കണ്ടതും ഒന്ന് നിന്നു. “ഒരു തെറ്റും ചെയ്തിട്ടില്ല ഞാൻ..ചേച്ചി സൂക്ഷിക്കണം..” കൂടുതൽ ഒന്നും പറയാതെ ദേവുവിന്റെ മുറിയിലേക്ക് ഒന്ന് നോക്കി അവൾ ആൽബിയുടെ കൂടെ ഇറങ്ങി..മുന്നോട്ട് ഇനി എന്ത് എന്നൊരു രൂപവും ഇല്ലാതെ… ************ ക്രിസ്റ്റിയെ casualityൽ കിടത്തിയിട്ട് പുറത്തെ കസേരയിൽ വന്നിരുന്ന ഹർഷന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു..

“അവൻ എന്തിനാ ഇതിൽ ഇടപെടുന്നത്?? അവനും അവളും തമ്മിൽ എങ്ങനെയാ പരിചയം?? എന്റെ കാര്യങ്ങൾ ഒക്കെ അവൻ എങ്ങനെയാകും അറിഞ്ഞിട്ടുണ്ടാകുക?? ഇനി അവൻ കിരണിനോട് എല്ലാം പറഞ്ഞ് കാണുമോ?? ഏയ് അതില്ല…പക്ഷെ അവൻ പറയും..അതിന് മുൻപ് എനിക്ക് എന്തെങ്കിലും ചെയ്തേ പറ്റു…” പലതും ഉറപ്പിച്ചുകൊണ്ട് അവൻ വീട്ടിലേക്ക് തിരിച്ചു. ************* ബൈക്കിനു പിറകിൽ ഇരിക്കുന്ന അമ്മുവിനെ ആൽബി മിററിലൂടെ നോക്കി..പെട്ടെന്ന് അവൻ ഒരു കാൾ വന്നു.അതെടുക്കാനായി അവൻ ബൈക്ക് നിർത്തിയപ്പോഴാണ് അമ്മു ബോധത്തിലേക്ക് വന്നത്.ക്ഷേത്രത്തിന് മുന്നിലായിരുന്നു അവർ.അവൾ ബൈക്കിൽ നിന്നിറങ്ങി ക്ഷേത്രമുറ്റത്തേക്ക് നടക്കുന്നതും നോക്കി ആൽബി ഫോണിൽ സംസാരിച്ചു.. ഫോൺ കട്ട്‌ ചെയ്ത് അമ്മുവിന്റെ അടുത്തേക്ക് ആൽബി ചെന്നു.അടഞ്ഞുകിടക്കുന്ന ശ്രീകോവിലിലേക്ക് നോക്കി നിശബ്ദമായി കരയുന്നവളെ കണ്ടതും അവന് അലിവ് തോന്നി.

“ആത്മികാ…” അവന്റെ വിളിയിൽ അവൾ തലയുയർത്തി നോക്കി. “പേടിയുണ്ടോ എന്റെ കൂടെ വരാൻ??” “ഇനി ഞാൻ എന്ത് പേടിക്കാനാ…ഒറ്റക്കായവൾക് കൂട്ടിന് ദൈവം ഉണ്ടാകും..അങ്ങനെ വിശ്വസിക്കുകയാണ് ഞാനിപ്പോൾ” “തന്നെ ഞാൻ എന്റെ വീട്ടിലേക്ക് ആണ് കൊണ്ട് പോകുന്നത്..അവിടെ എന്റെ അമ്മച്ചി ഉണ്ട്.ധൈര്യമായി തനിക് അവിടെ നിൽകാം..നാളെ എന്ത് എന്നെനിക് ഇപ്പോൾ പറയാൻ പറ്റില്ല..തത്കാലം താൻ വാ” അവന്റെ വാക്കുകൾക്ക് ചെറുപുഞ്ചിരി നൽകി അവൾ കൂടെ ചെന്നു.ആ ബൈക്ക് കളരിയ്ക്കൽ വീടിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു… ************ ആൽബിയോടൊപ്പം ഒരു പെൺകുട്ടിയെ..അതും ഈ രാത്രിയിൽ..കണ്ടതിന്റെ പകപ്പിൽ നിൽക്കുവാണ് കത്രീനാമ്മ. “എന്റെ അമ്മച്ചി..ഇവളെ ഞാൻ കെട്ടിക്കൊണ്ട് വന്നതൊന്നും അല്ല” “ഛി പോടാ…അങ്ങനെ ആണെകിൽ പകൽവെട്ടത്തിൽ നാലാളെ അറിയിച്ചേ നീ കൊണ്ടുവരുത്തോളെന്ന് എനിക്ക് അറിയാലോ” ആ അമ്മയുടെയും മകന്റെയും സംസാരം അത്ഭുതത്തോടെ നോക്കിനിൽകുകയായിരുന്നു അമ്മു.

“മോള് കയറി വാ..” ആൽബിയെ അവൾ ഒന്ന് നോക്കി.അവൻ തലയാട്ടിയതും കത്രീനാമ്മയുടെ കൈപിടിച്ച് അവൾ ആ വീട്ടിലേക്ക് കയറി. “അമ്മച്ചി ആദ്യം അവൾക് കഴിക്കാൻ എന്തെങ്കിലും കൊടുക്ക്..അപ്പോഴേക്കും അവൾ തന്നെ എല്ലാ കാര്യങ്ങളും പറയും.ഞാൻ ടീനുനെ ഒന്ന് കണ്ടിട്ട് വരാം” ************ “നീ എന്താ ആൽബി ഈ പറയുന്നത്..ആത്മികയെ വീട്ടിൽ കൊണ്ട് വന്നെന്നോ” ടീനയുടെ വീടിന്റെ ബാൽക്കണിയിൽ ഇരുന്ന് എല്ലാം വിശദമായി പറയുന്നവനെ ഞെട്ടലോടെ അവൾ നോക്കി. “ആ സമയത്ത് വേറെ ഒരു മാർഗവും എന്റെ മുന്നിൽ ഇല്ലായിരുന്നു ടീനു..ആ വീട്ടിൽ അവളെ നിർത്തിയിട്ട് വന്നാൽ പിന്നെ ഞാൻ ആ സമയത്ത് അവിടെ ചെന്നതിന് ഒരു പ്രയോജനവും ഇല്ലാതായി പോകും” “എന്നും പറഞ്ഞ്…ഒരു ബന്ധവും ഇല്ലാത്ത ഒരു പെൺകുട്ടിയെ വീട്ടിൽ താമസിപ്പിക്കുകയെന്ന് വെച്ചാൽ” “അവൾ പ്രായപൂർത്തി ആയ പെണ്ണാണ്.പോരാത്തതിന് എന്റെ അമ്മച്ചി ഉള്ള വീട്ടിലേക്ക് ആണ് ഞാൻ കൊണ്ട് വന്നത്” “പ്രായപൂർത്തി ആയത് തന്നെയാ പ്രശ്നം..

ഈ നാട്ടുകാരുടെ വായടപ്പിക്കാൻ നിനക്ക് പറ്റുമോ?? ഇനി അതിന് വേണ്ടി അവളെ മിന്നുകെട്ടാനും ആൽബിൻ ജോൺ തയാറാണോ??” “ടീനു സ്റ്റോപ്പ്‌ ഇറ്റ്..ഒരു പെൺകുട്ടിയെ സംരക്ഷിക്കാൻ ആൽബിന് അവളെ കെട്ടേണ്ട ആവശ്യമില്ല” “ദേഷ്യപ്പെടാൻ പറഞ്ഞതല്ല ആൽബി..നാളെ ഇതുപോലെ ഒരുപാട് ചോദ്യങ്ങൾ വരും.നമ്മൾ prepared ആയിരിക്കണം” “കിച്ചുനോട് ചോദിച്ചിട്ടാണ് ഞാൻ അവളെ കൊണ്ട് വന്നത്.നിനക്ക് അറിയുമോ ടീനു..ഇന്നവളെ അങ്ങനെ കണ്ടപ്പോൾ നമ്മുടെ ചിക്കുനെയാ എനിക്ക് ഓർമ വന്നത്.ഇന്ന് ഞാൻ ചെന്നത് പോലെ അന്ന് ചിക്കുന്റെ രക്ഷക്ക് ആരെങ്കിലും ചെന്നിരുന്നെങ്കിൽ അവൾ ഇപ്പോഴും നമ്മളോടൊപ്പം ഉണ്ടാകുമായിരുന്നു..ആ കുറുമ്പത്തിയായി” അത് പറഞ്ഞതും ആൽബിയുടെ കണ്ണ് നിറഞ്ഞിരുന്നു.ടീന അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു. “അവളെ അവന്റെ കൈയിൽ നിന്നും സേഫ് ആകണമെന്ന് മാത്രമേ ഞാൻ വിചാരിച്ചോളൂ.. പക്ഷെ സാഹചര്യം അവളെ ഇവിടെ എത്തിച്ചു” “മ്മ്മ് എനിക്ക് മനസിലാകും..നീ വാ..എനിക്ക് ആ കുട്ടിയെ ഒന്ന് കാണണം” “ഇപ്പോൾ വേണ്ട ടീനു..അവൾക്കിപ്പോൾ ആവശ്യം ഒരമ്മയുടെ സാമിപ്യം ആണ്.അത് ആവോളം അമ്മച്ചി കൊടുത്തോളും..” “എങ്കിൽ നീ പോയി ഉറങ്ങ്..ഞാൻ നാളെ രാവിലെ അങ്ങോട്ട് വരാം” “എടി വരുമ്പോൾ അവൾക്ക് കുറച്ച് ഡ്രസ്സ്‌ വാങ്ങിക്കൊണ്ട് വരണേ..ഇട്ടേക്കുന്നത് മാത്രമേ ഉള്ളു.” “മ്മ്മ് ഞാൻ കൊണ്ട് വരാം” പോകാനായി എഴുന്നേറ്റവനെ അവൾ പിടിച്ചുനിർത്തി..പെരുവിരലിൽ ഉയർന്ന് അവന്റെ നെറ്റിയിൽ അവൾ ചുണ്ട് ചേർത്തു. “നീ ഒരു നല്ല കാര്യമാണ് ചെയ്തത്..ലവ് യൂ” തിരികെ അവനും അവളുടെ നെറുകയിൽ ചുംബിച്ചിട്ട് ഇറങ്ങി. കട്ടിലിലേക്ക് വീണ ടീനയുടെ മനസ്സിൽ അപ്പോൾ സ്കൂളിൽ നിന്നും വരുന്ന തന്നെയും കിച്ചുനെയും ആൽബിയെയും കാത്ത് നിൽക്കുന്ന ആ കുറുമ്പതി ആയിരുന്നു..ചിക്കു..അവളുടെ ഓർമ്മകൾ അഞ്ച് വർഷം മുന്നേയുള്ള ആ ദിവസത്തേക്ക് പോയി..

“ടീനൂച്ചി…ഇന്ന് ഞാൻ വരുമ്പോൾ ഒരു സർപ്രൈസ് പറയാട്ടോ” “ഇന്നത്തെ കോമ്പറ്റിഷനിൽ എന്റെ ചിക്കു തന്നെ ഫസ്റ്റ് വാങ്ങും..അതിൽ എന്ത് സർപ്രൈസ്??” “അതല്ല..വേറൊരെണ്ണം..വന്നിട്ട് പറഞ്ഞ് തരാം” അവളുടെ സർപ്രൈസ് കാത്തിരുന്ന തന്നെ തേടിയെത്തിയത് ചിക്കു പോയെന്ന വാർത്ത ആണ്..അപ്പോഴും “ടീനൂച്ചി” എന്ന അവളുടെ ആ വിളി ചെവിയിൽ മുഴങ്ങുന്നത് പോലെ തോന്നി.ചെന്നിയിലൂടെ കണ്ണീർ ചാലിട്ട് ഒഴുകിയതും ടീനു തലയിണയിലേക്ക് മുഖം പൂഴ്ത്തി..ഏങ്ങലടികൾ അവിടമാകെ ഉയർന്നു.. ആൽബി തിരികെ എത്തുമ്പോൾ കത്രീനാമ്മയുടെ നെഞ്ചിലേക്ക് കിടന്ന് കരയുന്ന അമ്മുവിനെയാണ് കണ്ടത്.അമ്മച്ചിയുടെ കണ്ണും നിറഞ്ഞിരുപ്പുണ്ട്.അത് കണ്ടതും ആൽബിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..ഇന്നത്തോടെ നിന്റെ ഈ കരച്ചിൽ മാറും ആത്മിക.ഇനിമുതൽ നിനക്ക് സന്തോഷത്തിന്റെ ദിനങ്ങൾ ആകും.അമ്മയുടെ..സഹോദരങ്ങളുടെ..കൂട്ടുകാരുടെ..അങ്ങനെ ഒരുപാട് പേരുടെ സ്നേഹം നിനക്ക് കിട്ടാൻ പോകുവാണ്……. (തുടരും )

ആത്മിക: : ഭാഗം 9

Share this story