ജൂഹി ചൗളയുടെ ഹർജിക്കിടെ സിനിമാപാട്ടു പാടി; കോടതിയലക്ഷ്യക്കുറ്റം ചുമത്തി ഡൽഹി ഹൈക്കോടതി

Share with your friends

ഡൽഹി: 5ജി സാങ്കേതിക വിദ്യ ഇന്ത്യയിൽ ഉടൻ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ജൂഹി ചൗള നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ. കേസിന്റെ വിർച്വൽ ഹിയറിങ്ങിനിടെ ഒരു ആരാധകൻ തുടർച്ചയായി നടിയുടെ സിനിമയിലെ പാട്ടു പാടിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.

ഹിയറിങ്ങിന്റെ തുടക്കത്തിൽ തന്നെ ഏതോ സന്ദർശകൻ ‘ജൂഹി മാഡം എവിടെ എനിക്ക് കാണാൻ ആകുന്നില്ലല്ലോ’ എന്ന് ചോദിച്ചു കൊണ്ടിരുന്നു. പിന്നീട് ഇവർ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ ഹിയറിങ്ങിനിടെ കേൾക്കുകയായിരുന്നു.

കേസ് പരിഗണിച്ച ജെആർ മിധ തുടക്കത്തിൽ ഇദ്ദേഹത്തെ മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീടും അൺമ്യൂട്ട് ചെയ്ത് ഇയാൾ പാട്ടുപാടി. ഇതോടെ കോടതി ഇയാൾക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി കേസെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

‘ഇയാൾ ആരാണെന്ന് കണ്ടെത്തി കോടതിയലക്ഷ്യ നോട്ടീസ് നൽകണം. ഡൽഹി പൊലീസിന്റെ ഐടി സെല്ലുമായി ബന്ധപ്പെടൂ. ഞങ്ങൾ നോട്ടീസ് ഇഷ്യൂ ചെയ്യാം’ – ജസ്റ്റിസ് മിധ പറഞ്ഞു.

നേരത്തെ, തന്റെ കേസ് കോടതി പരിഗണിക്കുന്നുണ്ട് എന്നും ഹിയറിങ്ങിൽ വിർച്വലായി പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് ജൂഹി ചൗള സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. ഇൻസ്റ്റഗ്രാമിൽ ഹിയറിങ്ങിന്റെ ലിങ്കും നൽകിയിരുന്നു.

സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് 5ജി സാങ്കേതിക വിദ്യ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണ് എന്നും ഹർജിയിൽ അവർ പറയുന്നു. സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണ് എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മൊബൈൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കുകളിലെ ഏറ്റവും നൂതനമായ സേവനമാണ് 5 ജി. പ്രധാനമായും ലോ, മിഡ്, ഹൈ-ഫ്രീക്വൻസി എന്നിങ്ങനെ മൂന്ന് ബാൻഡുകളിലാണ് 5 ജി പ്രവർത്തിക്കുന്നത്. മികച്ച നെറ്റ് വർക്ക് വേഗതയും കരുത്തും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2018-ൽ തന്നെ ഇന്ത്യ 5 ജി സേവനങ്ങൾ എത്രയും വേഗം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇതുവരെ സേവനങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ടില്ല.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-