ട്രംപ് മാസ്‌ക് പോലും ധരിക്കാതെ റാലികളില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് മുതിര്‍ന്ന ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റ്

ട്രംപ് മാസ്‌ക് പോലും ധരിക്കാതെ റാലികളില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് മുതിര്‍ന്ന ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റ്

വാഷിംഗ്ടൺ: യുഎസില്‍ കോവിഡ് കേസുകള്‍ പെരുകിക്കൊണ്ടിരിക്കുമ്പോഴും ജനനിബിഡമായ തെരഞ്ഞെടു റാലികളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാസ്‌ക് പോലും ധരിക്കാതെ പ്രത്യക്ഷപ്പെടുന്നതിനെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്ത് രാജ്യത്തെ മുതിര്‍ന്ന ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റായ ഡോ. അന്തോണി ഫൗസി രംഗത്തെത്തി. വളരെ പരസ്യമായിട്ടാണ് ഫൗസി ഇക്കാര്യത്തില്‍ ട്രംപിന്റെ നിരുത്തവാദിത്വത്തെ ചോദ്യം ചെയ്തിരിക്കുന്നത്.

സര്‍ക്കാരിന്റെ കോവിഡ്-19 പ്രോട്ടോക്കോളുകള്‍ ലംഘിച്ചാണ് ട്രംപ് ഇത്തരത്തില്‍ റാലികളില്‍ ഭാഗഭാക്കാകുന്നതെന്നും ഫൗസി ആരോപിക്കുന്നു. ഇതിന് മുമ്പും ട്രംപിന്റെ കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ ഫൗസി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും അതിനോട് ട്രംപ് കടുത്ത രീതിയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതുവരെ 2,19,000 അമേരിക്കക്കാരുടെ ജീവനാണ് കോവിഡ് കവര്‍ന്നിരിക്കുന്നത്. ഇതിന് പുറമെ ലക്ഷക്കണക്കിന് അമേരിക്കക്കാരെ കൊറോണ വേട്ടയാടുകയും ചെയ്തിരുന്നു.

എന്നിട്ടും രാജ്യത്തിന്റെ തലവനായ ട്രംപ് ഇക്കാര്യത്തില്‍ തികച്ചും നിരുത്തവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ഫൗസി കുറ്റപ്പെടുത്തുന്നത്. മഹാമാരിയുടെ തുടക്കത്തില്‍ ട്രംപ് അതിനെ പ്രതിരോധിക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കാത്തതാണ് രാജ്യത്ത് കോവിഡ് ഇത്രയും വഷളാകാന്‍ കാരണമെന്ന് ഫൗസി അടക്കമുള്ള നിരവധി മുതിര്‍ന്ന സയന്റിസ്റ്റുകള്‍ കുറ്റപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ മാസ്‌ക് ധരിക്കുന്നതിനെ വരെ പരിഹസിച്ച ട്രംപിന് കോവിഡ് ബാധിച്ചിട്ടും ഇദ്ദേഹം ഇക്കാര്യത്തില്‍ നിലപാട് മാറ്റം വരുത്തിയിട്ടില്ലെന്നും റാലികളില്‍ മാസ്‌ക് പോലും ധരിക്കാതെ ട്രംപ് ഇപ്പോഴും പങ്കെടുക്കുന്നത് അതിന്റെ പ്രതിഫലനമാണെന്നും ഫൗസി ആരോപിക്കുന്നു.

Share this story