ചരിത്രം കുറിച്ച് അമേരിക്ക: 45 വർഷത്തിന് ശേഷം ക്രൂ ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയെ തൊട്ടു

ചരിത്രം കുറിച്ച് അമേരിക്ക: 45 വർഷത്തിന് ശേഷം ക്രൂ ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയെ തൊട്ടു

വാഷിംഗ്ടണ്‍: നാസയാത്രികരുമായി ബഹിരാകാശ നിലയത്തില്‍ നിന്നും പുറപ്പെട്ട അമേരിക്കയുടെ ആദ്യത്തെ ക്രൂ സ്‌പേസ് ഷിപ്പ് സുരക്ഷിതമായി ഭൂമിയെ തൊട്ടു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.18 ഫ്‌ളോറിഡയ്ക്ക് സമീപമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ലാന്‍ഡ് ചെയ്തത്. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് കമ്പനിയാണ് ക്രൂ ഡ്രാഗണ്‍ പേടകത്തിന് പിന്നില്‍. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്നും നാസയുടെ സഞ്ചാരികളുമായാണ് പേടകം യാത്ര തിരിച്ചത്.

സ്വകാര്യ മേഖലയിലെ റോക്കറ്റും മനുഷ്യപേടകവും ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ ആദ്യത്തെ ബഹിരാകാശ ദൗത്യമാണിത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റില്‍ മേയ് 30നാണ് ക്രൂ ഡ്രാഗണ്‍ പേടകം വിക്ഷേപിച്ചത്. നാസയുടെ ബോബ് ബെന്‍കെനും ഡഗ് ഹാര്‍ലിയുമാണ് ക്രൂ ഡ്രാഗണിലെ സഞ്ചാരികള്‍.

രണ്ട് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷമാണ് ഇവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്.

1975ല്‍ അമേരിക്കയുടെ അപ്പോളോ സോയ്‌സ് മിഷന് ശേഷമുള്ള ആദ്യത്തെ വാട്ടര്‍ലാന്‍ഡിംഗാണ് സ്‌പേസ് ഷിപ്പിന്റേത്. അതായത് 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ദൗത്യം പൂര്‍ത്തിയാക്കിയ ബഹിരാകാശ സഞ്ചാരവാഹനം കടലില്‍ പതിച്ചിരിക്കുന്നത്. ഈ മിഷന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനുണ്ടെന്ന് യാത്രകരില്‍ ഒരാളായ ഡഗ് ഹാര്‍ലി പറഞ്ഞു.രണ്ട് ബഹിരാകാശ സഞ്ചാരികള്‍ക്കൊപ്പം ഏകദേശം 150 കിലോ ഗ്രാം വരുന്ന വസ്തുക്കള്‍ ഭൂമിയിലേക്ക് പതിച്ചെന്നാണ് റിപ്പോര്‍ട്ട്.

Share this story