‘മിഡില്‍ ഈസ്റ്റ് ഇറാന്റെ പിടിയില്‍’; ഇസ്രായേലുമായുള്ള ബന്ധത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ കാത്തിരിക്കുകയാണെന്നും ട്രംപിന്റെ ഉപദേഷ്ടാവ്

‘മിഡില്‍ ഈസ്റ്റ് ഇറാന്റെ പിടിയില്‍’; ഇസ്രായേലുമായുള്ള ബന്ധത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ കാത്തിരിക്കുകയാണെന്നും ട്രംപിന്റെ ഉപദേഷ്ടാവ്

ന്യൂയോര്‍ക്ക്: ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജരെഡ് കുഷ്നര്‍. എന്നിരുന്നാലും സമയപരിധിയുണ്ടെന്നും കുഷ്നര്‍ പറഞ്ഞു.

”ധാരാളം രാജ്യങ്ങള്‍ ഇത് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മേഖലയിലെ യുവതലമുറ ഇസ്രായേലുമായുള്ള ബന്ധത്തെ കുറിച്ച് വളരെ ആവേശത്തിലാണ്. പഴയ തലമുറയിലെ ചിലര്‍ക്ക് ഇപ്പോഴും മറ്റൊരു സമയത്തെ നൊസ്റ്റാള്‍ജിയയുണ്ട്. എന്തായാലും റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്നില്ല.”, കുഷ്നര്‍ ന്യൂസ് വീക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

‘യാതാര്‍ത്ഥ്യം എന്തെന്നാല്‍ ഒട്ടുമിക്ക രാജ്യങ്ങളും തങ്ങളുടെ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അവരെല്ലാം ഇറാന്റെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിനെ തകര്‍ക്കണമെന്നാണ് ഇറാന്റെ ആഗ്രഹം.

ഫലസ്തീന്‍ ജനതയുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഫലസ്തീന്‍ നേതൃത്വത്തിന്റെ ഉദ്ദേശ്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കള്‍ക്കള്‍ക്ക് അശുഭാപ്തിവിശ്വാസമുണ്ടെന്നും കുഷ്നര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് എങ്ങനെ മുന്നോട്ടു പോകണമെന്ന് ഫലസ്തീന് അറിയില്ലെന്നും കുഷ്‌നര്‍ പറഞ്ഞു.

ഓഗസ്റ്റ് 13-ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള സമാധാന കരാര്‍ പ്രഖ്യാപിച്ചത്.

Share this story