തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സമാധാനപരമായ അധികാര കൈമാറ്റമുണ്ടാകില്ല; സൂചന നല്‍കി ട്രംപ്

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സമാധാനപരമായ അധികാര കൈമാറ്റമുണ്ടാകില്ല; സൂചന നല്‍കി ട്രംപ്

വാഷിംഗ്ടണ്‍: നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ടാല്‍ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്ന സൂചന നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ട്രംപ് ഉള്ളത്.

തെരഞ്ഞെടുപ്പ് രീതിയെ കഴിഞ്ഞ കുറച്ച് ദിവസമായി ട്രംപ് നിരന്തരം വിമര്‍ശിക്കുന്നുണ്ട്. കൊവിഡ് മൂലം വളരെയധികം പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. പോസ്റ്റല്‍ ബാലറ്റിനെ താന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇവ വലിയ ദുരന്തമാണെന്നും ട്രംപ് പറഞ്ഞു.

പോസ്റ്റല്‍ ബാലറ്റുകളില്‍ വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഡമോക്രാറ്റുകള്‍ പോസ്റ്റല്‍ ബാലറ്റുകളെ പ്രോത്സാഹിപ്പുകയാണെന്നും ട്രംപ് ആരോപിച്ചു. മെയില്‍ ബാലറ്റുകളുടെ എണ്ണം വലിയ രീതിയിലാണെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ സാഹചര്യത്തില്‍ താന്‍ അധികാരത്തില്‍ തുടരുമെന്നും ട്രംപ് പറഞ്ഞു.

Share this story