ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ ഫലസ്തീനുമായുള്ള ബന്ധം അമേരിക്ക പുനസ്ഥാപിക്കും, ദ്വിരാഷ്ട്ര പരിഹാരം, സൗദിയ്ക്ക് താക്കീത്

ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ ഫലസ്തീനുമായുള്ള ബന്ധം അമേരിക്ക പുനസ്ഥാപിക്കും, ദ്വിരാഷ്ട്ര പരിഹാരം, സൗദിയ്ക്ക് താക്കീത്

വാഷിംഗ്ടന്‍: ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ ഫലസ്തീന്‍ നയങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ്. ഫലസ്തീനും മിഡില്‍ ഈസ്റ്റും സംബന്ധിച്ച ട്രംപിന്റെ വിവാദ വിദേശ നയങ്ങളില്‍ മാറ്റം വരുത്തും എന്നാണ് കമലാ ഹാരിസ് പറഞ്ഞത്.

അറബ് അമേരിക്കന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കമല ഇക്കാര്യം പറഞ്ഞത്. ‘ജോയും ഞാനും ഓരോ ഫലസ്തീനിയുടെയും ഇസ്രായേലിയുടെയും മൂല്യത്തിന് വിലകല്‍പ്പിക്കുന്നുണ്ട്. ഫലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം, സുരക്ഷ, സമൃദ്ധി, ജനാധിപത്യം എന്നിവ ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.’, കമല പറഞ്ഞു.

”ഞങ്ങള്‍ ഒരു ദ്വിരാഷ്ട്ര പരിഹാരത്തിന് പ്രതിജ്ഞാബദ്ധരാണ്. ആ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഏകപക്ഷീയമായ ഏത് നടപടികളെയും ഞങ്ങള്‍ എതിര്‍ക്കും. ഇസ്രായേലിന്റെ കൂട്ടിച്ചേര്‍ക്കലിനെയും സെറ്റില്‍മെന്റ് വിപുലീകരണത്തെയും ഞങ്ങള്‍ എതിര്‍ക്കും.’, കമല വ്യക്തമാക്കി.

ഫലസ്തീനികള്‍ക്ക് സഹായം നല്‍കുന്ന സംഘടനകളെ തിരിച്ചയക്കാനുള്ള ട്രംപിന്റെ തീരുമാനം മാറ്റുമെന്നും ഹാരിസ് പറഞ്ഞു. ”ഫലസ്തീന്‍ ജനതയ്ക്ക് സാമ്പത്തികവും മാനുഷികവുമായ സഹായം പുനസ്ഥാപിക്കുന്നതിനും ഗാസയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും കിഴക്കന്‍ ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് വീണ്ടും തുറക്കുന്നതിനും വാഷിംഗ്ടണിലെ പി.എല്‍.ഒ ദൗത്യം പുനസ്ഥാപിക്കുന്നതിനും ഉടനടി നടപടിയെടുക്കും.’, കമല കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിറിയയിലെ സിവില്‍ സൊസൈറ്റി, ജനാധിപത്യ അനുകൂല പങ്കാളികള്‍ എന്നിവരോടൊപ്പം നിലനില്‍ക്കുമെന്നും സിറിയന്‍ ജനതയ്ക്ക് രാഷ്ട്രീയ ഒത്തുതീര്‍പ്പിന് സഹായിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഈ മേഖലയില്‍ സൗദി അറേബ്യ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളെ കണ്ടില്ലെന്നു നടിക്കില്ലെന്നും അവര്‍ പറഞ്ഞു. യെമനില്‍ സൗദിയുടെ ആക്രമണം തുടര്‍ന്നാല്‍ സൗദിയുമായുള്ള അമേരിക്കയുടെ ബന്ധം വിലയിരുത്തുമെന്നും കമല കൂട്ടിച്ചേര്‍ത്തു.

”വിവേചനത്തിനും വര്‍ഗീയതയ്ക്കും ബൈഡന്‍-ഹാരിസ് ഭരണത്തില്‍ സ്ഥാനമില്ല. മുസ്ലീങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം എടുത്തുകളയുകയും അഭയാര്‍ഥി നിരോധനങ്ങള്‍ റദ്ദാക്കുകയും അമേരിക്കയെ വീണ്ടും കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും വേണ്ടി തുറന്നു കൊടുക്കുകയും ചെയ്യും.”, അവര്‍ കൂട്ടിച്ചേര്‍ത്തു.

Share this story