യുഎസില്‍ ഏവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കും; വ്യാപകമായതും സൗജന്യമായതുമായ കോവിഡ് 19 ടെസ്റ്റ് പ്രദാനം ചെയ്യും

യുഎസില്‍ ഏവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കും; വ്യാപകമായതും സൗജന്യമായതുമായ കോവിഡ് 19 ടെസ്റ്റ് പ്രദാനം ചെയ്യും

വാഷിംങ്ടൺ: പുതിയ യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുക്കാനൊരുങ്ങുന്ന ജോയ് ബിഡെന്‍ തന്റെ നൂറ് ദിവസത്തെ കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു. കോവിഡിനെതിരെ കടുത്ത പോരാട്ടം നടത്തി രാജ്യത്തെ മഹാമാരിയില്‍ നിന്ന് മോചിപ്പിക്കുന്നതിനും പാരീസ് ക്ലൈമറ്റ് എഗ്രിമെന്റില്‍ നിന്നും പിന്മാറിയ ട്രംപിന്റെ വിവാദ നീക്കം റദ്ദാക്കുമെന്നും ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നുമാണ് തന്റെ 100 ദിവസത്തെ അജണ്ട പ്രഖ്യാപിക്കവേ ബിഡെന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ട്രംപിന്റെ ഭരണത്തില്‍ താറുമാറായ പലതും തിരുത്തുന്നതിനാണ് ആദ്യത്തെ നൂറ് ദിവസങ്ങളില്‍ താന്‍ മുന്‍ഗണനയേകുന്നതെന്നും ബിഡെന്‍ പറയുന്നു. ട്രംപ് വരുത്തി വച്ച തകര്‍ച്ചകള്‍ പരിഹരിക്കുകയെന്ന ഭഗീരഥ പ്രയത്നമാണ് തന്റെ ഭരണകൂടത്തെ കാത്തിരിക്കുന്നതെന്നാണ് ബിഡെന്‍ പറയുന്നത്. കോവിഡിനെ അതിജീവിക്കുന്നതിനായി താന്‍ അധികാരമേറ്റയുടന്‍ ഒരു നാഷണല്‍ സ്ട്രാറ്റജി അനുവര്‍ത്തിക്കുമെന്നാണ് ബിഡെന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് തീര്‍ത്ത വിവിധ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയും ചെയ്യും.

ഇതിന്റെ ഭാഗമായി ദേശീയവ്യാപകമായി മാസ്‌ക് നിര്‍ബന്ധമാക്കും. കൂടാതെ വ്യാപകമായും സൗജന്യമായും കോവിഡ് 19 ടെസ്റ്റും ലഭ്യമാക്കുമെന്നും ബിഡെന്‍ പറയുന്നു. വാക്സിന്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇന്‍ഷൂര്‍ ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും ഒരു പോലെ വാക്സിന്‍ സൗജന്യമായി പ്രദാനം ചെയ്യുമെന്നും ബിഡെന്‍ വാഗ്ദാനം ചെയ്യുന്നു. ട്രംപ് തന്റേതായ ഹെല്‍ത്ത് എക്സ്പര്‍ട്ടുകളുടെ ഉപദേശം മാത്രം പരിഗണിച്ച് കോവിഡിനെ ഉത്തരവാദിത്വമില്ലാതെ കൈകാര്യം ചെയ്തതാണ് രാജ്യത്ത് കോവിഡ് ഇത്രയും വഷളാകുന്നതിന് കാരണമായതെന്നും താന്‍ വൈറ്റ് ഹൗസ് കോവിഡ് വൈറസ് ടാസ്‌ക് ഫോഴ്സ് അംഗമായ അന്തോണി ഫൗസിയെ ബോര്‍ഡില്‍ നിലനിര്‍ത്തുമെന്നും ബിഡെന്‍ പറയുന്നു.

Share this story