യു.എ.ഇ.യിലേക്കുള്ള ആയുധ വിൽപ്പന അമേരിക്ക നിർത്തിവെക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്

യു.എ.ഇ.യിലേക്കുള്ള ആയുധ വിൽപ്പന അമേരിക്ക നിർത്തിവെക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്

മൊയ്തീന്‍ പുത്തന്‍‌ചിറ

വാഷിംഗ്ടണ്‍: ലിബിയയ്ക്കും യെമനുമെതിരായ അനധികൃത വ്യോമാക്രമണങ്ങൾ പരിമിതപ്പെടുത്തുകയും, ആയുധങ്ങള്‍ “ദുരുപയോഗം ചെയ്യുന്ന പ്രാദേശിക ശക്തികൾക്ക്” സൈനിക സഹായം നൽകുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്ക് നിർദ്ദിഷ്ട ആയുധ വിൽപ്പന പൂർത്തിയാക്കരുതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്‌ആർ‌ഡബ്ല്യു) ആവശ്യപ്പെട്ടു. കൂടാതെ, ലിബിയയിലും യെമനിലുമായി മുമ്പ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് യുഎഇയോട് ആവശ്യപ്പെടുകയും ചെയ്തു.

23 ബില്യൺ ഡോളർ വിലമതിക്കുന്ന യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ യുഎഇക്ക് വിൽക്കുന്നതിനെ എതിർത്തുകൊണ്ട് 29 മനുഷ്യാവകാശ, ആയുധ നിയന്ത്രണ ഗ്രൂപ്പുകൾ ഒപ്പിട്ട് യുഎസ് നിയമനിർമ്മാതാക്കൾക്കും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനും ഒരു കത്ത് അയച്ചതിന് ശേഷമാണ് അഭിഭാഷക ഗ്രൂപ്പിന്റെ പ്രസ്താവന പുറത്തുവിട്ടത്. ആയുധ വിൽപ്പന സാധാരണക്കാർക്ക് കൂടുതൽ ദോഷം വരുത്തുമെന്നും ലിബിയയിലെയും യെമനിലെയും സംഘർഷങ്ങൾ മൂലമുണ്ടാകുന്ന മാനുഷിക പ്രതിസന്ധികൾ വഷളാക്കുമെന്നും അവർ പറഞ്ഞു.

യുഎഇക്ക് ആയുധങ്ങൾ വിൽക്കാനുള്ള കരാർ തടയണമെന്നും യുഎസ് കോൺഗ്രസിനോട് എച്ച്ആർഡബ്ല്യു ആവശ്യപ്പെട്ടു.

“എമിറേറ്റുകൾക്ക് ആയുധങ്ങൾ വിൽക്കുന്നത് തുടരുന്നതിനിടയിൽ തന്നെ, സൗദിയുടേയും യുഎഇയുടെയും നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ യമനില്‍ നടത്തിയ വ്യോമാക്രമണത്തിന്റെയും മറ്റ് ആക്രമണങ്ങളുടെയും തെളിവുകൾ അവഗണിക്കുകയാണ്. ഇസ്രായേലിനെ അംഗീകരിച്ചതിന് യുഎഇക്ക് പ്രതിഫലം നൽകാനുള്ള യുഎസിന്റെ ആഗ്രഹം ലിബിയയിലും യെമനിലുമുള്ള നിയമവിരുദ്ധ ആക്രമണത്തിന് ഹേതുവാകരുത്,” എച്ച്ആർഡബ്ല്യു വാഷിംഗ്ടൺ ഡയറക്ടർ സാറാ ഹോൾവിൻസ്കി പറഞ്ഞു.

യു‌എസിന്റെ താൽ‌പ്പര്യങ്ങളോടും മൂല്യങ്ങളോടും ചേർന്നു നിൽക്കുന്ന യു‌എഇയുടെ ഉയർന്ന ശേഷിയുള്ള സൈന്യം അക്രമാസക്തമായ തീവ്രവാദത്തിനെതിരെ ഫലപ്രദമായ രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ആയുധ വില്പനയെ ന്യായീകരിച്ച് വാഷിംഗ്ടണിലെ യു എ ഇ എംബസി പ്രതികരിച്ചു.

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായാണ് യുഎസും യുഎഇയും ആയുധ വില്പനക്ക് കരാര്‍ ഒപ്പിട്ടത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനുവരി 20 ന് സ്ഥാനമൊഴിയുന്നതിനുമുമ്പ് 23 ബില്യൺ ഡോളറിലധികം വിലവരുന്ന ഡ്രോണുകളും മറ്റ് ആയുധ സംവിധാനങ്ങളും യുണൈറ്റഡ് അറബ് എമിറേറ്റ്സിന് വിൽക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമം തടയാൻ നിയമനിർമാണം കൊണ്ടുവരുമെന്ന് മൂന്ന് യുഎസ് സെനറ്റർമാർ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ നടപടിക്ക് ആദ്യം സെനറ്റിലും ജനപ്രതിനിധിസഭയിലും മൂന്നിൽ മൂന്ന് ഭൂരിപക്ഷം അംഗീകരിക്കണം.

Share this story