കോവിഡ്-19: ജോ ബൈഡന്റെ ട്രാന്‍സിഷന്‍ ടീമുമായി ഡോ. ആന്റണി ഫൗചി കൂടിക്കാഴ്ച നടത്തി

കോവിഡ്-19: ജോ ബൈഡന്റെ ട്രാന്‍സിഷന്‍ ടീമുമായി ഡോ. ആന്റണി ഫൗചി കൂടിക്കാഴ്ച നടത്തി

മൊയ്തീന്‍ പുത്തന്‍‌ചിറ

വാഷിംഗ്ടണ്‍: രാജ്യത്തെ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ചും ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് വ്യാപകമായി പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുന്നതിനെക്കുറിച്ചും യുഎസിലെ മുൻനിര പകർച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി ഫൗചി വ്യാഴാഴ്ച നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ട്രാന്‍സിഷന്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജീസ് ആൻഡ് ഇന്‍ഫക്‌ഷ്യസ് ഡിസീസ് ഡയറക്ടറായ ഡോ. ഫൗചി മാസങ്ങളോളം പ്രസിഡന്റ് ട്രം‌പിന്റെ കോവിഡ്-19 റസ്പോണ്‍സ് ടീമിലെ അംഗമായിരുന്നു. എന്നാൽ, വൈറസിന്റെ അപകടകരമായ നീക്കത്തെക്കുറിച്ച് അദ്ദേഹം നല്‍കിയ കടുത്ത മുന്നറിയിപ്പുകൾ ട്രം‌പിനെ ചൊടിപ്പിക്കുകയും അദ്ദേഹത്തെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു.

അമേരിക്കയിൽ ദിനംപ്രതി പതിനായിരക്കണക്കിന് പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഡോ. ഫൗചിയെപ്പോലുള്ള മെഡിക്കൽ വിദഗ്ധരുടെ ഉപദേശം അനിവാര്യമാണെന്ന് ബൈഡന്‍ പറഞ്ഞു. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍, അതായത് 273,000 അമേരിക്കക്കാർ വൈറസ് ബാധിച്ച് കൊല്ലപ്പെട്ടുവെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്യുന്നു.

ബൈഡന്റെ ട്രാന്‍സിഷന്‍ ടീമുമായി തന്റെ ഏജൻസി നടത്തിയ ചർച്ചയില്‍, നിർദ്ദിഷ്ട രണ്ട് വാക്സിനുകൾ സർക്കാർ അംഗീകരിച്ചു കഴിഞ്ഞാല്‍ മുന്‍‌ഗണനാക്രമത്തില്‍ വാക്സിന്‍ കുത്തിവയ്പ്പുകൾ എത്രയും വേഗത്തിൽ ആരംഭിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഡോ. ഫൗചി പറഞ്ഞു.

“ആറ് വൈറ്റ് ഹൗസ് അഡ്‌മിനിസ്‌ട്രേഷനുകളിൽ സേവനമനുഷ്ഠിച്ച ഞാൻ അഞ്ച് ട്രാന്‍സിഷനുകളിലൂടെ കടന്നുപോയി. ഉത്തരവാദിത്വം സുഗമമായി കൈമാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ ട്രാന്‍സിഷന്‍ വളരെ പ്രധാനമാണ്,” ഡോ. ഫൗചി പറഞ്ഞു. താൻ ഇതുവരെ ബൈഡനുമായി സംസാരിച്ചിട്ടില്ലെന്നും, എന്നാൽ ഉടൻ തന്നെ അത് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this story