കൊവിഡിന്റെ പിടിയിലമര്‍ന്ന് അമേരിക്ക; പ്രവര്‍ത്തനം നിലച്ച് 110,000 ഹോട്ടലുകള്‍

കൊവിഡിന്റെ പിടിയിലമര്‍ന്ന് അമേരിക്ക; പ്രവര്‍ത്തനം നിലച്ച് 110,000 ഹോട്ടലുകള്‍

ന്യുയോർക്ക്: ആദ്യകാലങ്ങളില്‍ കൊവിഡിനെ നിസാരമായിക്കണ്ട രാജ്യമായിരുന്നു അമേരിക്ക. ഒടുവില്‍ കൊവിഡ് ഏറ്റവും അധികം നാശം വിതച്ച രാജ്യവും അമേരിക്ക തന്നെ ആയി മാറി. ഇപ്പോഴും രോഗികളുടെ എണ്ണത്തിലും മരണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്ത് അമേരിക്ക തന്നെയാണ്. കൊവിഡ് വ്യാപനം അമേരിക്കയിലെ റസ്റ്റൊറന്റുകളെ മാരകമാംവിധം ബാധിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് വ്യാപനത്തോടെ അമേരിക്കയില്‍ പൂട്ട് വീണത് ഒരുലക്ഷത്തിലേറെ റസ്റ്റൊറന്റുകള്‍ക്കാണ് എന്നാണ് കണക്ക്. കൃത്യമായി പറഞ്ഞാല്‍, 110,000 ഹോട്ടലുകള്‍. നാഷണല്‍ റസ്റ്റൊറന്റ് ആസോസിയേഷന്‍ ആണ് ഈ കണക്ക് പുറത്ത് വിട്ടത്. പൂട്ടിപ്പോയ റസ്റ്റൊറന്റുകളില്‍ അധികവും മുമ്പ് നല്ല രീതിയില്‍ മുന്നോട്ട് പോയിരുന്നവരായിരുന്നു. ശരാശരി പതിനാറ് വര്‍ഷമെങ്കിലും പഴക്കമുണ്ടായിരുന്നു ഓരോ റസ്റ്റൊറന്റുകള്‍ക്കും എന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഇപ്പോള്‍ പൂട്ടിപ്പോയവരില്‍ എത്രപേര്‍ തിരികെ എത്തും എന്നത് നിര്‍ണായകമാ ചോദ്യമാണ്. ആകെ 48 ശതമാനം പേര്‍ മാത്രമാണത്രെ ഏതെങ്കിലും രീതിയില്‍ റസ്റ്റൊറന്റ് ബിസിനസ് മേഖലയിലേക്ക് ഉടന്‍ തിരിച്ചെത്തിയിക്കും എന്ന് പ്രതികരിച്ചത്. അതിനര്‍ത്ഥം, പൂട്ടിപ്പോയവയില്‍ പാതിയിലധികം റസ്റ്റൊറന്റുകളും തുറക്കാനിടയില്ലെന്ന് തന്നെ.

യുഎസ് കോണ്‍ഗ്രസ്സിന് തങ്ങളുടെ മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് കത്തയച്ചിട്ടുണ്ട് നാഷണല്‍ റസ്റ്റൊറന്റ് അസോസിയേഷന്‍. കൃത്യമായ പരിഹാര മാര്‍ഗ്ഗങ്ങളോ ഇടപെടലുകളോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ റസ്റ്റൊറന്റുകള്‍ ഇനിയും പൂട്ടിക്കൊണ്ടിരിക്കും എന്നാണ് അസോസിയേഷന്‍ പറയുന്നത്.

സ്വതന്ത്ര റസ്റ്റൊറന്റുകള്‍ക്കും റസ്റ്റൊറന്റ് ശൃംഖലകള്‍ക്കും അടുത്ത മൂന്ന് മാസത്തേക്ക് വലിയ പ്രതീക്ഷകള്‍ വേണ്ടെന്നാണ് അസോസിയേഷന്‍ തന്നെ കരുതുന്നതത്രെ. ജീവനക്കാരെ പിരിച്ചുവിടുകയോ അവധിയില്‍ വിടുകയോ ചെയ്യേണ്ട സാഹചര്യമായിരിക്കും മിക്കവര്‍ക്കും ഉണ്ടാവുക. വിഷയത്തില്‍ യുഎശ് കോണ്‍ഗ്രസ് ഉടന്‍ ഇടപെടണം എന്ന ആവശ്യവുമായി യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സും രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ പാക്കേജ് കൊണ്ടുവന്നില്ലെങ്കില്‍ ഇരട്ടി മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും ചെറുകിട ബിസിനസ്സുകള്‍ പൂര്‍ണമായും തകര്‍ന്നുപോകും എന്നും ആണ് മുന്നറിയിപ്പ്.

Share this story