ഷോപ്പിങ് ബട്ടണിനു പിന്നാലെ കാർട്ട് ഫീച്ചർ കൂടി അവതരിപ്പിച്ച് വാട്സ് ആപ്പ്

ഷോപ്പിങ് ബട്ടണിനു പിന്നാലെ കാർട്ട് ഫീച്ചർ കൂടി അവതരിപ്പിച്ച് വാട്സ് ആപ്പ്

വാഷിങ്ടണ്‍: ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് വാട്സ് ആപ്പ്. അതുകൊണ്ട് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പില്‍ ഇടയ്ക്കിടെ പുതിയ ഫീച്ചറുകളും പ്രത്യക്ഷപെടാറുണ്ട്. ഇത്തരത്തില്‍ വാട്‌സ്ആപ്പില്‍ പുതുതായി അവതരിപ്പിച്ച ഒരു ഫീച്ചര്‍ ആണ് കാര്‍ട്ട് ഫീച്ചര്‍.

വാട്സ് ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് ഉപയോക്താക്കളുമായി ഫലപ്രദമായ രീതിയില്‍ സംവദിക്കാനും ഓര്‍ഡറുകള്‍ സ്വീകരിക്കാനുമായി മികച്ച പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി വാട്‌സ് ആപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാട്‌സ് ആപ്പിലൂടെ ഷോപ്പ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനായി പുതിയ ഷോപ്പിങ് ബട്ടണ്‍ ആപ്പില്‍ അവതരിപ്പിച്ചിരുന്നു.

ഷോപ്പിങ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് ഉത്പന്നങ്ങളുടെ നീണ്ട ലിസ്റ്റ് കാണാന്‍ സാധിക്കുകയും കാര്‍ട്ട് എന്ന പുതിയ ഫീച്ചറിലൂടെ അവ ഓരോന്നായി ഉപയോക്താക്കളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കാനും ശേഷം പര്‍ച്ചേസ് ചെയ്യാനും സാധിക്കും. വാട്‌സ് ആപ്പ് ബിസിനസ് ചെയ്യുന്ന കമ്പനികളുടെ ചാറ്റ് വിന്‍ഡോയിലുള്ള ഷോപ്പിങ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് എന്തൊക്കെയാണ് ഓരോ ഉല്‍പന്നങ്ങള്‍ക്കുള്ള ഓഫര്‍ എന്ന് യൂസര്‍മാര്‍ക്ക് മനസിലാക്കാം. അതില്‍ ആവശ്യമുള്ള ഉല്‍പന്നങ്ങള്‍ കാര്‍ട്ടിലേക്ക് ചേര്‍ത്ത് ഒരുമിച്ച് ഒരു സന്ദേശമായി കമ്പനിക്ക് അയച്ചു നല്‍കുകയും പേയ്‌മെന്റ് നടത്തുകയും ചെയ്യാം. നേരത്തെയുള്ളത് പോലെ ഓരോ പ്രൊഡക്ടും വെവ്വേറെ തെരഞ്ഞെടുക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഗുണം.

ഇത്തരം പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കുക വഴി വാട്‌സ്ആപ്പ് അവരുടെ ബിസിനസ് പ്ലാറ്റ്‌ഫോമില്‍ കാര്യമായി ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നാണ് മനസിലാക്കേണ്ടത്. ബിസിനസ് ആപ്പ് ഉപയോഗിക്കുന്നതിന് വൈകാതെ പണമിടാക്കുമെന്ന സൂചന കമ്പനി മുമ്പ് നല്‍കിയിരുന്നു. വാട്‌സ് ആപ്പ് പേ എന്ന ഡിജിറ്റല്‍ പണമിടപാട് സംവിധാനം ആഗോളതലത്തില്‍ എല്ലാവരിലും എത്തുന്നതിനായാണ് നിലവില്‍ കമ്പനി കാത്തിരിക്കുന്നത്. അത് സാധ്യമാകുന്നതോടെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് വലിയ വിപ്ലവമായിരിക്കും നടക്കുക.

Share this story