ട്രംപിനെ അധികാരത്തിൽ നിന്ന് ഉടന്‍ നീക്കം ചെയ്യണം: ചക് ഷൂമര്‍ – നാന്‍സി പെലോസി

ട്രംപിനെ അധികാരത്തിൽ നിന്ന് ഉടന്‍ നീക്കം ചെയ്യണം: ചക് ഷൂമര്‍ – നാന്‍സി പെലോസി

മൊയ്തീന്‍ പുത്തന്‍‌ചിറ

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അധികാരത്തിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയും സെനറ്റ് ഡമോക്രാറ്റിക് നേതാവ് ചക് ഷൂമറും ആവശ്യപ്പെട്ടു.

“ഇത് ഏറ്റവും ഗൗരവമേറിയ അടിയന്തരാവസ്ഥയാണ്,” ബുധനാഴ്ച യുഎസ് ക്യാപിറ്റലിൽ നടന്ന അക്രമത്തെ ഉദ്ധരിച്ച് പെലോസി പറഞ്ഞു. “ട്രം‌പ് വളരെ അപകടകാരിയായ വ്യക്തിയാണ്. അധികാരത്തില്‍ ഇനിയും തുടരുന്നത് അമേരിക്കയുടെ സല്പേരിന് കളങ്കമുണ്ടാക്കുമെന്നു മാത്രമല്ല, ജനങ്ങളുടെ ജീവന്‍ അപകടപ്പെടുത്തുകയും ചെയ്യും,” അവര്‍ പറഞ്ഞു.

തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയില്ലെന്ന് കരുതുന്ന ഒരു പ്രസിഡന്റിനെ നീക്കം ചെയ്യാൻ കോണ്‍ഗ്രസ്സിനെ അനുവദിക്കുന്ന യു എസ് ഭരണഘടനയുടെ 25-ാം ഭേദഗതി നടപ്പാക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോടും ട്രംപിന്റെ ക്യാബിനറ്റ് അംഗങ്ങളോടും അവർ ആവശ്യപ്പെട്ടു.

“വൈസ് പ്രസിഡന്റും ക്യാബിനറ്റും പ്രവർത്തിച്ചില്ലെങ്കിൽ, ഇംപീച്ച്‌മെന്റുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തയ്യാറായേക്കാം,” നാന്‍സി പെലോസി പറഞ്ഞു. പ്രസിഡന്റ് നമ്മുടെ രാജ്യത്തിനും നമ്മുടെ ജനങ്ങൾക്കും നേരെ പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള ആക്രമണമാണ് നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ട്രംപിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമറും ആവശ്യപ്പെട്ടു. നിലവിലെ പ്രസിഡന്റ് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

“അധികാര ദുർവിനിയോഗം, അമേരിക്കൻ ഐക്യനാടുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി സംഘത്തിനെതിരെ ആക്രമിക്കാന്‍ ഒരു ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത്, സര്‍ക്കാര്‍ സം‌വിധാനങ്ങളെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയത്, ഗവണ്മെന്റ് മന്ദിരങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചത് എന്നിവ മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

അതേസമയം, ട്രംപ് “നമ്മുടെ ജനാധിപത്യത്തോടും ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള പുച്ഛമാണ് തന്റെ പ്രവര്‍ത്തികളിലൂടെ പ്രകടമാക്കിയതെന്ന് ബൈഡന്‍ വ്യാഴാഴ്ച പറഞ്ഞു.

ഡെലവെയറിലെ വിൽമിംഗ്ടണിൽ സംസാരിച്ച അദ്ദേഹം, ട്രംപ് “തുടക്കം മുതൽ തന്നെ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങൾക്കെതിരെ സമഗ്രമായ ആക്രമണം അഴിച്ചുവിട്ടിരുന്നു എന്നും ബുധനാഴ്ച നടന്നത് ആ നിരന്തരമായ ആക്രമണത്തിന്റെ പര്യവസാനം മാത്രമാണെന്നും” പറഞ്ഞു.

Share this story