ഡൊണാള്‍ഡ് ട്രംപിന്റെ വിവാദപരമായ കുടിയേറ്റ നിയമങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ വ്യാപിപ്പിച്ച് ബൈഡന്‍

ഡൊണാള്‍ഡ് ട്രംപിന്റെ വിവാദപരമായ കുടിയേറ്റ നിയമങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ വ്യാപിപ്പിച്ച് ബൈഡന്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദപരമായ കുടിയേറ്റ നിയമങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ വ്യാപിപ്പിക്കാന്‍ പുതിയ പ്രസിഡന്റ് ജോയ് ബൈഡന്‍ തീരുമാനിച്ചു. ഇത് പ്രകാരം ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കാരണം മെക്‌സിക്കോ – അമേരിക്കന്‍ അതിര്‍ത്തിയില്‍ വേര്‍തിരിക്കപ്പെട്ട കുടിയേറ്റ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ബൈഡന്‍ ഭരണകൂടം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ കര്‍ക്കശമായ കുടിയേറ്റ നയങ്ങള്‍ കാരണം കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി പ്രയാസം നേരിടുന്ന നിരവധി കുടിയേറ്റ കുടുംബങ്ങള്‍ക്ക് ഇതിലൂടെ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്.

ഫാമിലി സെപ്പറേഷന്‍, ബോര്‍ഡര്‍ സെക്യൂരിറ്റി ആന്‍ഡ് ലീഗല്‍ ഇമിഗ്രേഷന്‍, ഇമിഗ്രേഷനുമായി ബന്ധപ്പെട്ട നിരവധി എക്‌സിക്യൂട്ടീവ് ആക്ഷനുകള്‍ തുടങ്ങിയവയില്‍ ഒപ്പ് വയ്ക്കാന്‍ ബൈഡന്‍ തയ്യാറെടുക്കുകയാണ്. ഇമിഗ്രേഷന്‍ പോളിസികള്‍ പൊളിച്ചെഴുതാന്‍ ബൈഡന്‍ എന്തൊക്കെ നീക്കങ്ങളാണ് നടത്താനൊരുങ്ങുന്നതെന്ന വിശദാംശങ്ങള്‍ ഇനിയും വെളിച്ചത്ത് വന്നിട്ടില്ല. എന്നാല്‍ അമേരിക്കയിലേക്കുള്ള നിയമപരമായതും അല്ലാത്തതുമായ കുടിയേറ്റത്തെ വെട്ടിക്കുറയ്ക്കുന്നതിന് മുന്‍ പ്രസിഡന്റ് ട്രംപ് കൈക്കൊണ്ട നടപടികള്‍ റദ്ദാക്കാന്‍ ബൈഡന്‍ അരയും തലയും മുറുക്കി രംഗത്തെത്തിയെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഫാമിലി സെപ്പറേഷന് പരിഹാരം കാണുന്നതിനുള്ള ടാസ്‌ക് ഫോഴ്‌സിനെ നയിക്കാനായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലെജാന്‍ഡ്രോ മയോര്‍കാസിനെ നിയമിച്ചത് ഇക്കാര്യത്തിലുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മെക്‌സിക്കോ-അമേരിക്കന്‍ അതിര്‍ത്തിയില്‍ വേര്‍തിരിക്കപ്പെട്ട മാതാപിതാക്കളെയും കുട്ടികളെയും ഒന്നിപ്പിക്കാനാണ് ഈ ടാക്‌സ്‌ഫോഴ്‌സ് മുന്‍ഗണനയേകുന്നത്. ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ ഏതാണ്ട് 5500 കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടെന്ന് കോടതി രേഖകളിലൂടെ തിരിച്ചറിയപ്പെട്ടിരുന്നു.

Share this story