ഫലസ്തീനെ ഒറ്റി കമലാ ഹാരിസ്; അന്താരാഷ്ട്ര കോടതിയുടെ ഉത്തരവില്‍ ഇസ്രായേലിന് അമേരിക്കയുടെ പിന്തുണ

ഫലസ്തീനെ ഒറ്റി കമലാ ഹാരിസ്; അന്താരാഷ്ട്ര കോടതിയുടെ ഉത്തരവില്‍ ഇസ്രായേലിന് അമേരിക്കയുടെ പിന്തുണ

വാഷിംഗ്ടണ്‍: ഫലസ്തീനിയന്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധകുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തുമെന്ന അന്തര്‍ദേശീയ ക്രിമിനല്‍ കോടതി (ഐ.സി.സി) യുടെ പ്രഖ്യാപനത്തെ എതിര്‍ക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.

ഐ.സി.സിയുടെ തീരുമാനത്തിനെതിരെ ഇസ്രായേലില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കമല ഹാരിസ് ഐ.സി.സി തീരുമാനത്തിനെതിരെ മുന്നോട്ട് വന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിച്ചായിരുന്നു ഐ.സി.സി ഉത്തരവിനെ യു.എസ് എതിര്‍ക്കുമെന്ന് കമല ഹാരിസ് അറിയിച്ചത്.

അമേരിക്കയില്‍ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് കമല ഹാരിസ് ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിക്കുന്നത്.

ഇസ്രായേല്‍ കയ്യേറിയ ഫലസ്തീന്‍ മേഖല തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണെന്ന് ഫെബ്രുവരിയില്‍ ഐ.സി.സി കോടതി പ്രഖ്യാപിച്ചിരുന്നു. ഫലസ്തീനിയന്‍ മേഖലയില്‍ നടക്കുന്ന യുദ്ധകുറ്റകൃത്യങ്ങളില്‍ പക്ഷഭേദമില്ലാതെ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ ഫത്തൗ ബെന്‍സൗഡയാണ് അറിയിച്ചത്.

ഗാസ മുനമ്പില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് നേരത്തെയും ഐ.സി.സി നിരീക്ഷിച്ചിരുന്നു. ഐ.സി.സി തീരുമാനത്തിനെതിരെ നേരത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും മുന്നോട്ടു വന്നിരുന്നു. അമേരിക്ക തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും കോടതി വിധി നിരാശപ്പെടുത്തുന്നതാണ് എന്നുമായിരുന്നു ബ്ലിങ്കണ്‍ പറഞ്ഞത്.

Share this story