യുഎസില്‍ അസ്ട്രാസെനക കോവിഡ് 19 വാക്‌സിന് മേലുള്ള വിശ്വാസം നശിച്ചു; കാരണം കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ തുടര്‍ച്ചയായ പിഴവുകള്‍

യുഎസില്‍ അസ്ട്രാസെനക കോവിഡ് 19 വാക്‌സിന് മേലുള്ള വിശ്വാസം നശിച്ചു; കാരണം കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ തുടര്‍ച്ചയായ പിഴവുകള്‍

അസ്ട്രാസെനക കമ്പനി വരുത്തിയ പിഴവുകള്‍ കാരണം യുഎസില്‍ കമ്പനിയുടെ കോവിഡ് 19 വാക്‌സിന് മേലുള്ള വിശ്വാസത്തിന് ഇടിവ് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈ അടുത്ത കാലം വരെ അസ്ട്രാസെനകയുടെ വാക്‌സിനെ ഏറ്റവും ശക്തമായി പിന്തുണച്ചിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു യുഎസ്. എന്നാല്‍ സമീപകാലത്തായി കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളുടെ പരമ്പരയാല്‍ അസ്ട്രാസെനകയുടെ കോവിഡ് വാക്‌സിന് മേല്‍ യുഎസ് അധികൃതര്‍ക്കുള്ള വിശ്വാസത്തിന് ഇടിവ് സംഭവിച്ചിരിക്കുകയാണ്.

തല്‍ഫലമായി ഈ വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യുന്നത് അധികൃതര്‍ വൈകിപ്പിച്ചിരിക്കുകയുമാണ്. യുഎസില്‍ പ്രസ്തുത വാക്‌സിന്റെ ട്രയലുകളുമായി ബന്ധപ്പെട്ട ഫലങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് (എന്‍ഐഎഐഡി) രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് സംഭവിച്ച പിഴവുകള്‍ തിരുത്തി വിശ്വാസം തിരിച്ച് പിടിക്കാനുള്ള ത്വരിതനീക്കത്തിലാണ് കമ്പനിയിപ്പോള്‍.

ഇതിനായി വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതല്‍ ഡാറ്റകള്‍ 48 മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്ത് വിടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അസ്ട്രാസെനകയുടെ വാക്‌സിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം നിരവധി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇതിന്റെ വിതരണം നിര്‍ത്തി വച്ചിട്ടുണ്ട്. ഈ വാക്‌സിനെടുക്കുന്നവര്‍ക്ക് രക്തം കട്ട പിടിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണിത് വിതരണം ചെയ്യുന്നത് നിര്‍ത്തി വച്ചിരിക്കുന്നത്.

Share this story