യുഎസില്‍ കുട്ടികള്‍ക്കിടയിലെ കോവിഡ് ബാധയില്‍ ഈ മാസം 13 ശതമാനം പെരുപ്പം;ഒക്ടോബര്‍ ഒന്നിനും 15നും മധ്യേ 84,319 കുട്ടികളെ കോവിഡ് പിടികൂടി

യുഎസില്‍ കുട്ടികള്‍ക്കിടയിലെ കോവിഡ് ബാധയില്‍ ഈ മാസം 13 ശതമാനം പെരുപ്പം;ഒക്ടോബര്‍ ഒന്നിനും 15നും മധ്യേ 84,319 കുട്ടികളെ കോവിഡ് പിടികൂടി

യുഎസില്‍ കുട്ടികള്‍ക്കിടയിലെ കോവിഡ് ബാധയില്‍ ഈ മാസം 13 ശതമാനം പെരുപ്പമുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്ന അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും(എഎപി), ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അസോസിയേഷന്റെയും സംയുക്ത റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം ഒക്ടോബര്‍ ഒന്നാം തിയതിക്കും 15ാം തിയതിക്കും മധ്യേ ചുരുങ്ങിയത് 84,319 കുട്ടികളെയെങ്കിലും കോവിഡ് പിടികൂടിയിരിക്കുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

ഇത് പ്രകാരം രാജ്യമാകമാനം ഒരു ലക്ഷം കുട്ടികളില്‍ 986 പേരെ കോവിഡ് ബാധിച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.കുട്ടികളിലെ കോവിഡ് കേസുകളില്‍ 0.5 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയിലുള്ളവര്‍ക്ക് ഹോസ്പിറ്റല്‍ ചികിത്സ അനിവാര്യമായിത്തീര്‍ന്നുവെന്നും പ്രസ്തുത റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. എന്നാല്‍ മൊത്തം കോവിഡ് മരണങ്ങളില്‍ 0.24 ശതമാനത്തിലധികം കുട്ടികളുടെ മരണമുണ്ടായിട്ടില്ലെന്നത് മാത്രമാണ് ആശ്വാസകരമായ ഏക കാര്യം.

യുഎസിലെ 14 സ്റ്റേറ്റുകളില്‍ ഇക്കാലത്ത് കുട്ടികളുടെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്റ്റേറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ വെറും 10.9 ശതമാനം മാത്രമായിരുന്നു കുട്ടികളിലെ കോവിഡ് ബാധയെന്നും വെളിപ്പെട്ടിട്ടുണ്ട്. രാജ്യത്ത് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൊത്തം 7,41,000 കുട്ടികളെയാണ് കോവിഡ് ബാധിച്ചിരിക്കുന്നതെന്നും പ്രസ്തുത റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കോവിഡ് കുട്ടികളെ ബാധിക്കില്ലെന്ന മുന്‍ ധാരണകളെ തിരുത്തുന്ന വസ്തുതകളാണ് പുതിയ റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നത് ആശങ്കയേറ്റുന്നു.

Share this story