ട്രംപിന്റെ പോക്കറ്റില്‍ നിന്ന്‌ ചോരുന്നത്‌ മുഴുവന്‍ ചൈനയിലേക്ക്‌

ട്രംപിന്റെ പോക്കറ്റില്‍ നിന്ന്‌ ചോരുന്നത്‌ മുഴുവന്‍ ചൈനയിലേക്ക്‌

വാഷിംഗ്‌ടണ്‍ ഡിസി: ചൈനയ്‌ക്കെതിരേ വ്യാപാരയുദ്ധം പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്നത്‌ ചൈനയിലെന്ന്‌ റിപ്പോര്‍ട്ട്‌. ട്രംപിന്‌ ചൈനയില്‍ ബാങ്ക്‌ എക്കൗണ്ട്‌ ഉണ്ടെന്നും അവിടെ ഹോട്ടല്‍ വ്യവസായരംഗത്ത്‌ കനത്ത നിക്ഷേപം നടത്തിയിട്ടുള്ള ട്രംപ്‌ ലക്ഷക്കണക്കിന്‌ ഡോളര്‍ നികുതി അടയ്‌ക്കുന്നതായും ന്യൂയോര്‍ക്ക്‌ ടൈംസാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌നുസരിച്ച്‌ ചൈനയിലെ അഞ്ചു കമ്പനികളിലായി 1,92,000 ഡോളറെങ്കിലും നിക്ഷേപിച്ചിട്ടുണ്ട്‌. 2018ലെ റിപ്പോര്‍ട്ടില്‍ 97,400 ഡോളര്‍ നികുതിയിനത്തില്‍ അടച്ചതായാണു റിപ്പോര്‍ട്ട്‌. ഷാങ്‌ഹായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡംബരഹോട്ടല്‍ ശൃംഖല, ട്രംപ്‌ ഇന്റര്‍ നാഷണല്‍ ഹോട്ടല്‍സിന്റെ എക്കൗണ്ടിലൂടെ 2013-15 കാലഘട്ടത്തില്‍ 1,88,561 ഡോളര്‍ നികുതിയടച്ചിട്ടുണ്ട്‌. മാത്രമല്ല, ചൈനീസ്‌ നഗരമായ ഗ്വാങ്‌ഷുവില്‍ സ്റ്റേറ്റ്‌ ഗ്രിഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ചൈനയുമായി 15 വര്‍ഷത്തേക്ക്‌ 150 മില്യണ്‍ ഡോളറിന്റെ നവീകരണ കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്‌.

ഇന്ത്യയിലടക്കം റിയല്‍ എസ്‌റ്റേറ്റ്‌, ഹോസ്‌പിറ്റാലിറ്റി വ്യവസായങ്ങളില്‍ കനത്ത നിക്ഷേപം നടത്തിയിട്ടുള്ള ട്രംപ്‌, യുഎസില്‍ 15 വര്‍ഷത്തിനിടെ ആദായനികുതി അടച്ചിട്ടില്ലെന്നുമുള്ള വാര്‍ത്തയും ന്യൂയോര്‍ക്ക്‌ ടൈംസ്‌ നേരത്തേ പുറത്തുവിട്ടിരുന്നു. 2016നും 2017നുമിടയിലാകട്ടെ ആകെ 750 ഡോളര്‍ മാത്രമാണ്‌ ഇവിടെ നികുതിയിനത്തില്‍ ട്രംപ്‌ നല്‍കിയിട്ടുള്ളത്‌.

ചൈനീസ്‌ കമ്പനികള്‍ അമേരിക്കയ്‌ക്കു ഭീഷണിയാണെന്നു പ്രചരിപ്പിക്കുന്ന ട്രംപിന്റെ നിലപാടുകള്‍ക്ക്‌ വലിയ തിരിച്ചടിയാകുന്ന റിപ്പോര്‍ട്ടാണിത്‌. യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പു പ്രചാരണവേദിയില്‍ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ചൈനീസ്‌ പക്ഷപാതിയാണെന്നും, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക്‌ അദ്ദേഹത്തിന്റെ വിജയം ഗുണകരമല്ലെന്നുമുള്ള പ്രചാരണങ്ങള്‍ ട്രംപ്‌ ക്യാംപ്‌ അഴിച്ചു വിടുന്ന സാഹചര്യത്തിലാണ്‌ റിപ്പോര്‍ട്ട്‌ പുറത്തു വരുന്നത്‌. കൊവിഡ്‌ വ്യാപനത്തിലടക്കം ചൈനയെ കുറ്റപ്പെടുത്തിയ ട്രംപ്‌, ചൈനീസ്‌ വൈറസ്‌ എന്ന്‌ ആക്ഷേപിച്ചത്‌ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Share this story