കോവിഡില്‍ മരിക്കുന്നത് വെളുത്ത യുവത്വത്തേക്കാള്‍ ഹിസ്പാനിക്ക്, കറുത്ത വംശജരെന്ന് പഠനം

കോവിഡില്‍ മരിക്കുന്നത് വെളുത്ത യുവത്വത്തേക്കാള്‍ ഹിസ്പാനിക്ക്, കറുത്ത വംശജരെന്ന് പഠനം

വാഷിംഗ്ടൺ: കോവിഡിനെ തുടര്‍ന്ന് മരിക്കുന്നവ യുവാക്കളില്‍ വെളുത്ത വംശജരേക്കാള്‍ കൂടുതല്‍ ഹിസ്പാനിക്ക്, കറുത്ത വംശജര്‍, അമേരിക്കന്‍- ഇന്ത്യക്കാരെന്ന് പഠനം. തങ്ങളുടെ വെള്ളക്കാരായ സഹപാഠികളേക്കാള്‍ വളരെ ഉയര്‍ന്ന അളവിലാണ് ഇത്തരം വര്‍ഗ്ഗങ്ങളിലെ വിദ്യാര്‍ഥികള്‍ മരിക്കുന്നതെന്ന് ഫെഡറല്‍ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിക്കും ജൂലൈ മാസത്തിനുമിടയില്‍ 21 വയസ്സിന് താഴെയുള്ളവരില്‍ 391,814 പേര്‍ക്കാണ് കോവിഡ് രോഗം പിടിപെട്ടത്. ഇതില്‍ 121 പേരാണ് മരിച്ചത്. മരണസംഖ്യയുടെ 75 ശതമാനവും പ്രതിനിധീകരിക്കുന്നത് ഹിസ്പാനിക്, കറുത്ത, അമേരിക്കന്‍ ഇന്ത്യന്‍ കുട്ടികളാണെന്ന് ഫെഡറല്‍ ഏജന്‍സിയുടെ ആരോഗ്യ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങളിലാണുള്ളത്.

യു എസ് ജനസംഖ്യയുടെ 41 ശതമാനമാണ് ഇവരുടെ എണ്ണം. യുവാക്കള്‍ക്കിടയിലെ ജനസംഖ്യാനുപാതികമല്ലാത്ത മരണങ്ങള്‍ മുതിര്‍ന്നവരിലെ കോവിഡ് വ്യാപന അസമത്വമാണ് രേഖപ്പെടുത്തുന്നത്. നേരത്തെ നടത്തിയ പഠനങ്ങളില്‍ 65 വയസ്സിന് താഴെ പ്രായമുള്ളവരില്‍ വെളുത്ത അമേരിക്കക്കാരേക്കാള്‍ കോവിഡ് മരണ സംഖ്യ ഇരട്ടിയോളം അധികമാണ് മറ്റു വര്‍ഗ്ഗങ്ങളിലെന്ന് കണ്ടെത്തിയിരുന്നു. കൊറോണ വൈറസ് ബാധിച്ചിട്ടും രോഗനിര്‍ണയം നടത്താതെ മരിക്കുന്നവരുമുണ്ട്. കോവിഡിനെ തുടര്‍ന്ന് മരിച്ച കുട്ടികളില്‍ ഹിസ്പാനിക്കുകള്‍ 45 ശതമാനവും കറുത്തവര്‍ 29 ശതമാനവും അമേരിക്കന്‍ ഇന്ത്യക്കാര്‍ നാല് ശതമാനവുമാണ്. മുതിര്‍ന്നവരിലെന്ന പോലെ കുട്ടികളിലും വംശീയ അസമത്വം ഉണ്ടെന്നതിന്റെ ശക്തമായ തെളിവാണിതെന്ന് പിറ്റ്സ്ബര്‍ഗിലെ യു പി എം സി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ പീഡിയാട്രിക് പകര്‍ച്ചവ്യാധി തലവന്‍ ജോണ്‍ വില്യംസ് പറഞ്ഞു.

മാസ്‌കുകള്‍ ധരിക്കുന്നതിലൂടെ നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും സംരക്ഷിക്കുക മാത്രമല്ല വംശീയ സമത്വവുമുണ്ടാക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ആരോഗ്യ അസമത്വവുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മരിച്ചവരില്‍ 75 ശതമാനത്തിനും ആരോഗ്യകരമായ ചില പ്രശ്നങ്ങളെങ്കിലുമുണ്ടെന്നും അദ്ദേഹം പറയുന്നു. ആസ്തമയും അമിതവണ്ണവുമാണ് ഇവര്‍ക്കിടയിലെ പ്രധാന പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുവശത്ത് കുട്ടികളുടെ മരണ എണ്ണം വളരെ ആശ്വാസം നല്കുന്നത്രയും ചെറുതാണെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ മരിക്കുന്ന അനുപാതം അവഗണിക്കാനാവില്ലെന്ന് ക്ലീവ്ലാന്റ് ക്ലിനിക്ക് ചില്‍ഡ്രന്‍സിലെ പീഡിയാട്രിക് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഫ്രാങ്ക് എസ്പര്‍ പറഞ്ഞു. ലക്ഷക്കണക്കിന് കുട്ടികളില്‍ 121 പേര്‍ മാത്രമാണ് മരിച്ചതെന്നത് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. വെളുത്ത വര്‍ഗ്ഗക്കാരായ തങ്ങളുടെ സഹപാഠികളേക്കാള്‍ ന്യൂനപക്ഷ വര്‍ഗ്ഗങ്ങളിലെ കുട്ടികള്‍ക്ക് കൂടുതല്‍ അനുഭവങ്ങളുണ്ടാകാന്‍ സാധ്യതയുള്ള സാമൂഹിക അന്തരീക്ഷമാണുള്ളതെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തിരക്കേറിയ ജീവിത സാഹചര്യങ്ങള്‍, ഭക്ഷണം, ഭവന സുരക്ഷ തുടങ്ങിയ കാര്യങ്ങളെല്ലാം ഇവരെ ബാധിക്കുന്നുണ്ട്. അവശ്യ തൊഴിലാളികളായ മാതാപിതാക്കള്‍, വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ കഴിയാത്ത മാതാപിതാക്കള്‍, സമ്പത്ത്, വിദ്യാഭ്യാസ വിടവുകള്‍, ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ട്, ഇന്‍ഷൂറന്‍സ്, ശിശുപരിപാലനം, ഗതാഗതം, അസുഖ അവധി തുടങ്ങിയവ ഉള്‍പ്പെടെ കുടുംബ വിഭവങ്ങളുടെ അഭാവവും ഇവര്‍ നേരിടുന്നുണ്ട്.

ആരോഗ്യ അസമത്വത്തിന് കാരണമാകുന്ന വ്യവസ്ഥാപരമായ തടസ്സങ്ങള്‍ നീക്കാന്‍ അണിനിരക്കണമെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ആരോഗ്യ വകുപ്പുകളോടും മെഡിക്കല്‍ ദാതാക്കളോടും സമൂഹത്തോടും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സാമൂഹിക അസമത്വത്തിന് പുറമേ ജനിതകമോ ജീവശാസ്ത്രപരമോ ആയ ഘടകങ്ങള്‍ കൂടി മരണങ്ങളിലെ വംശീയ വ്യത്യാസത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നാണ് ജോണ്‍ വില്യംസിന്റെ അഭിപ്രായം. ചില രോഗങ്ങള്‍ ചില വംശങ്ങളെ കൂടുതല്‍ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ന്യൂമോകോക്കല്‍ മെനഞ്ചൈറ്റസിന് വാക്സിന്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികളെയാണ് അനുപാതമില്ലാതെ ബാധിച്ചിരുന്നതെന്നും ജോണ്‍ വില്യംസ് ചൂണ്ടിക്കാട്ടി.

ഹീമോഫിലസ് ഇന്‍ഫ്ളുവന്‍സ ടൈപ്പ് ബി തദ്ദേശിയരായ അമേരിക്കക്കാരെ അനുപാതമില്ലാതെ ബാധിക്കുമെന്നും കണ്ടെത്തിയിരുന്നു. സ്‌കൂളുകളില്‍ ഭൂരിപക്ഷവും അടച്ചതിനാല്‍ കുട്ടികളിലെ മരണനിരക്ക് താരതമ്യേന കുറവാണെന്നും സെന്റേഴ്സ് ഫോര്‍ ഡിസീസ് ആന്റ് കണ്‍ട്രോണ്‍ പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കളുകള്‍ വീണ്ടും തുറക്കുന്നതോടെ രോഗബാധ കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യം അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായവ്യത്യാസത്തിനനുസരിച്ച് മരണ നിരക്കിലും വ്യത്യാസമുണ്ടെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് ആന്റ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

കുട്ടികളുടെ മരണങ്ങളില്‍ ഒരു വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ മരണം 10 ശതമാനം മാത്രമാണ്. ശിശുരോഗ കേസുകളില്‍ 20 ശതമാനവും ഒരു വയസ്സിനും ഒന്‍പതിനും ഇടയില്‍ പ്രായമുള്ളവരാണ്. ബാക്കിയുള്ളവരെല്ലാം പത്തിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവരാണ്. വൈറസ് വ്യാപനമുണ്ടായപ്പോള്‍ മുതിര്‍ന്നവരെ ശക്തമായി ബാധിക്കുകയും കുട്ടികളില്‍ താരതമ്യേന കുറയുകയും ചെയ്തത് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. മറ്റു പകര്‍ച്ചവ്യാധികളില്‍ നിന്നും വ്യത്യസ്തമായാണ് കൊറോണ പകരുന്നതെന്നാണ് കണ്ടെത്തല്‍. മറ്റെല്ലാ പകര്‍ച്ചവ്യാധി വൈറസുകളും പ്രായം കുറഞ്ഞവരേയും കൂടിയവരേയും ഒരുപോലെ അപകടകരമായി ബാധിക്കാറുണ്ട്

Share this story