യുഎസിലെ എച്ച്-1 ബി വിസക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചതിനെതിരെ കോടതി കയറി ഇന്ത്യന്‍ വംശജരുടെ കമ്പനികളുടെ കൂട്ടായ്മ

യുഎസിലെ എച്ച്-1 ബി വിസക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചതിനെതിരെ കോടതി കയറി ഇന്ത്യന്‍ വംശജരുടെ കമ്പനികളുടെ കൂട്ടായ്മ

എച്ച്-1 ബി വിസക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചതിനെതിരെ ആദ്യ ലോ സ്യൂട്ട് യുഎസ് ഡിസ്ട്രിക്ട് കോടതിയില്‍ ഫയല്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഐടി സെര്‍വ് അലയന്‍സും അതിലെ മെമ്പര്‍മാരായ കമ്പനികളുമാണ് ഇത്തരമൊരു നിയമനടപടിക്കിറങ്ങിത്തിരിച്ചത്. ഇത്തരം വിസക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതിനായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബര്‍ (ഡിഒഎല്‍) പുറപ്പെടുവിച്ച ഇന്റെറിം ഫൈനല്‍ റൂളിനെതിരെയാണ് ഇവര്‍ കോടതി കയറിയിരിക്കുന്നത്.

എല്ലാ ഫോര്‍ ടയറുകളിലുമുള്ള എച്ച് 1 ബി തൊഴിലാളികള്‍ക്കും ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. എന്‍ട്രി ലെവല്‍ മുതല്‍ ഉയര്‍ന്ന ക്വാളിഫിക്കേഷനുകളിലുള്ളവര്‍ക്ക് വരെ ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കത്തിനെതിരെയാണീ ലോസ്യൂട്ട്. എച്ച് 1 ബി വിസക്കാരില്‍ മിക്കവരും തൊഴിലെടുക്കുന്ന കമ്പ്യൂട്ടര്‍ ഓപ്പറേഷനുകളില്‍ 24 ശതമാനം മുതല്‍ 50 ശതമാനം വരെ ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

ഇത്തരക്കാര്‍ ഏത് പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് വേതന നിരക്ക് നിശ്ചയിക്കപ്പെടുന്നത്. 1400ല്‍ അധികം മെമ്പര്‍ കമ്പനികള്‍ അടങ്ങിയ കൂട്ടായ്മയാണ് ഐടി സെര്‍വ്. ഇവയില്‍ മിക്കവയും സ്ഥാപിച്ചിരിക്കുന്നത് ഇന്ത്യന്‍ വംശജരാണ്. നിലവിലെ സാഹചര്യത്തില്‍ ഡിഒഎല്‍ നിശ്ചയിച്ചിരിക്കുന്ന വര്‍ധിപ്പിച്ച ശമ്പളം നല്‍കാന്‍ തങ്ങള്‍ക്ക് കെല്‍പ്പില്ലെന്ന് വാദിച്ചാണ് ശമ്പള വര്‍ധനവിനെതിരെ ഇവര്‍ കോടതി കയറിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഐടി വിദഗ്ധരെ നിയമിക്കുന്നതിനാണ് പ്രധാനമായും എച്ച്1 ബി വിസകളെ കമ്പനികള്‍ പ്രയോജനപ്പെടുത്തുന്നത്. അതിനാല്‍ ഐടി സെര്‍വിന്റെ പുതിയ നീക്കം ഇന്ത്യക്കാരായ കുടിയേറ്റക്കാരെയാണ് കൂടുതലായി ബാധിക്കുകയെന്ന ആശങ്കയും ശക്തമാണ്.

Share this story