സൗദികളെ പരിശീലിപ്പിക്കുന്നതില്‍ പെന്‍റഗണ് ‘പെട്ടെന്നുള്ള ഭീഷണി’ ഇല്ല

സൗദികളെ പരിശീലിപ്പിക്കുന്നതില്‍ പെന്‍റഗണ് ‘പെട്ടെന്നുള്ള ഭീഷണി’ ഇല്ല

മൊയ്തീന്‍ പുത്തന്‍‌ചിറ


വാഷിംഗ്ടണ്‍: നിലവില്‍ അമേരിക്കയില്‍ പരിശീലനം നടത്തുന്ന എല്ലാ സൗദി സൈനിക ഉദ്യോഗസ്ഥരുടെയും പശ്ചാത്തല പരിശോധന നടത്തിയതായും ‘പെട്ടെന്നുള്ള ഭീഷണി’ നേരിടേണ്ടിവരികയില്ല എന്നും പെന്‍റഗണ്‍ അറിയിച്ചു.

ഫ്ലോറിഡയിലെ നാവികസേനാ ആസ്ഥാനത്ത് നടന്ന ആക്രമണത്തെത്തുടര്‍ന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷാ അവലോകനം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ സൗദി അറേബ്യന്‍ സൈനിക വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവര്‍ത്തന പരിശീലനം നിര്‍ത്തിവച്ചിരുന്നുവെങ്കിലും ക്ലാസ് റൂം അദ്ധ്യാപനം തുടരും.

നിലവില്‍ യുഎസിലെ സൈനിക താവളങ്ങളില്‍ പരിശീലനം നടത്തുന്ന 850 ഓളം സൗദികളുടെ വ്യക്തിത്വം, മുന്‍കാല പ്രവര്‍ത്തനങ്ങള്‍, സോഷ്യല്‍ മീഡിയ ചരിത്രം എന്നിവ യുഎസ് അധികൃതര്‍ പരിശോധിച്ചതായി പെന്‍റഗണ്‍ പ്രതിരോധ ഇന്‍റലിജന്‍സ് ഡയറക്ടര്‍ ഗാരി റീഡ് പറഞ്ഞു. അടിയന്തര ഭീഷണി സാഹചര്യത്തെ സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഡിസംബര്‍ ആറിന് സൗദി റോയല്‍ എയര്‍ഫോഴ്സിലെ ലെഫ്റ്റനന്‍റ് മുഹമ്മദ് അല്‍ഷമ്രാനി എന്ന 21 കാരന്‍ ഫ്ലോറിഡയിലെ പെന്‍സകോള നേവല്‍ എയര്‍ സ്റ്റേഷനിലെ ക്ലാസ് മുറിയില്‍ വെടിയുതിര്‍ക്കുകയും മൂന്ന് അമേരിക്കന്‍ നാവികര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിയമാനുസൃതമായി വാങ്ങിയ ഗ്ലോക്ക് 9 എംഎം ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ച് ആയുധധാരിയായ അല്‍ഷമ്രാനി ഷൂട്ടിംഗിന് മുമ്പ് ട്വിറ്ററില്‍ ലക്ഷ്യപ്രഖ്യാപനം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

വിദേശ വിദ്യാര്‍ത്ഥികളെ സ്ക്രീനിംഗ് ചെയ്യുന്നതിനുള്ള നയങ്ങള്‍ പെന്‍റഗണ്‍ അവലോകനം ചെയ്തെങ്കിലും പ്രവര്‍ത്തന പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് സൗദി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ബാധകമാകൂവെന്ന് അധികൃതര്‍ പറഞ്ഞു.

സൗദി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവര്‍ത്തന പരിശീലനം സൈദ്ധാന്തികമായി പുനരാരംഭിക്കാന്‍ കഴിയുമെങ്കിലും അവധിക്കാലത്ത് പ്രവര്‍ത്തനങ്ങള്‍ താരതമ്യേന കുറവായിരിക്കുമെന്ന് പെന്‍റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച പറഞ്ഞു.

അയ്യായിരത്തോളം അന്താരാഷ്ട്ര സൈനിക ഉദ്യോഗസ്ഥര്‍ യുഎസില്‍ പരിശീലനം നടത്തുന്നുണ്ട്. ഇതില്‍ എല്ലാ ബ്രാഞ്ചുകളിലും കൂടി 850 സൗദികളും ഉള്‍പ്പെടുന്നു. നാവികസേനയില്‍ മാത്രം 300 സൗദികളുണ്ട്.

Share this story