ഇറാൻ സൈനിക മേധാവിയുടെ വധം: ഇല്ലാതാക്കിയത് നമ്പർ വൺ ഭീകരനെയെന്ന് ട്രംപ്; ഇന്ത്യയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും യുഎസ്

ഇറാൻ സൈനിക മേധാവിയുടെ വധം: ഇല്ലാതാക്കിയത് നമ്പർ വൺ ഭീകരനെയെന്ന് ട്രംപ്; ഇന്ത്യയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും യുഎസ്

ബാഗ്ദാദിലെ വ്യോമാക്രമണത്തിലൂടെ അമേരിക്ക വധിച്ച ഇറാൻ സൈനിക മേധാവി ഖാസേം സുലൈമാനി ഇന്ത്യയിലടക്കം ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് വെളിപ്പെടുത്തൽ നടത്തിയത്. നമ്പർ വൺ ഭീകരനെയാണ് വധിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു

ഭീകരവാദത്തിന്റെ ആധിപത്യം അവസാനിച്ചു. ന്യൂഡൽഹിയിലും ലണ്ടനിലുമടക്കം ഭീകരാക്രമണത്തിന് സുലൈമാനി പദ്ധതിയിട്ടിരുന്നു. ഇറാഖിൽ റോക്കറ്റ് ആക്രമണത്തിൽ അമേരിക്കൻ പൗരൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബാഗ്ദാദിലെ യു എസ് എംബസിക്ക് നേരെയും ആക്രമണമുണ്ടായി. ഇതെല്ലാം സുലൈമാനിയുടെ നിർദേശമനുസരിച്ചായിരുന്നുവെന്നും ട്രംപ് പറഞ്ഞു

അമേരിക്കൻ നയതന്ത്ര, സൈനിക ഉദ്യോഗസ്ഥരെ വധിക്കാനായിരുന്നു സുലൈമാനി പദ്ധതിയിട്ടിരുന്നത്. എന്നാൽ അയാളെ ഞങ്ങൾ പിടികൂടി ഇല്ലാതാക്കി. ലോകത്തിലെ ഏറ്റവും മികച്ച രഹസ്യാന്വേഷണ വിഭാഗമാണ് അമേരിക്കക്കുള്ളത്. എവിടെയെങ്കിലും അമേരിക്കക്കാരൻ ഭീഷണി നേരിട്ടാൽ എന്ത് നടപടി സ്വീകരിക്കാനും തയ്യാറാണെന്നും ട്രംപ് പറഞ്ഞു

 

Share this story