തിരിച്ചടിച്ച് ഇറാൻ: ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ വ്യോമാക്രമണം, സുലൈമാനിയുടെ വധത്തിന് പ്രതികാരമെന്ന് സ്ഥിരീകരണം

തിരിച്ചടിച്ച് ഇറാൻ: ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ വ്യോമാക്രമണം, സുലൈമാനിയുടെ വധത്തിന് പ്രതികാരമെന്ന് സ്ഥിരീകരണം

സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിന് തിരിച്ചടിച്ച് ഇറാൻ. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു. ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം. ഇർബിൽ, അൽ അസദ് എന്നീ പ്രദേശങ്ങളിലെ സൈനിക ക്യാമ്പുകളാണ് ആക്രമിച്ചത്.

ഏതാണ്ട് പന്ത്രണ്ടോളം മിസൈലുകളാണ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി വിക്ഷേപിച്ചത്. ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ അധികൃതർ അറിയിച്ചു. ഇറാൻ സൈനികരെ അഭിനന്ദിക്കുന്നതായും ഇവർ പറഞ്ഞു. അതേസമയം ആക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല

പെന്റഗണും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. അൽ അസദിൽ അമേരിക്കൻ സൈന്യം തങ്ങുന്ന എയർ ബേസും അമേരിക്കൻ സൈനികർ തങ്ങുന്ന ഇർബിലിലെ സൈനിക താവളവും ലക്ഷ്യമിട്ട് ഒരു ഡസനോളം മിസൈലുകളാണ് വർഷിച്ചതെന്ന് പെന്റഗൺ വക്താവ് ജൊനാഥൻ ഹോഫ്മാൻ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ ഉന്നത കൂടിക്കാഴ്ചകൾ നടക്കുകയാണ്. ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. തിരിച്ചടിക്ക് അമേരിക്ക ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയും കുതിച്ചുയർന്നു. ഇതിനകം 4.5 ശതമാനമാണ് ക്രൂഡ് ഓയിലിന്റെ വില ഉയർന്നത്.

 

Share this story