ഉക്രൈൻ വിമാനം തകർത്ത സംഭവം: 30 സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാൻ

ഉക്രൈൻ വിമാനം തകർത്ത സംഭവം: 30 സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാൻ

ഉക്രൈൻ വിമാനം തകർത്ത സംഭവത്തിൽ ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാൻ. സംഭവത്തിൽ പങ്കാളികലായ 30 സൈനിക അറസ്റ്റ് ചെയ്തതായാണ് ഇറാൻ അറിയിക്കുന്നത്. അബദ്ധത്തിൽ വിമാനം മിസൈലാക്രമണത്തിൽ തകർക്കുകയായിരുന്നുവെന്നാണ് ഇറാൻ പറയുന്നത്. ആക്രമണത്തിൽ 178 പേർ കൊല്ലപ്പെട്ടിരുന്നു

വിമാനം തകർത്ത സംഭവം അന്വേഷിക്കാൻ പ്രത്യേക കോടതി രൂപീകരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി അറിയിച്ചു. വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും ഇറാൻ അധികൃതർ അറിയിച്ചു.

വിമാനത്തിലെ 167 യാത്രക്കാരിൽ 82 പേർ ഇറാൻ സ്വദേശികളും 57 കാനഡക്കാരും 11 പേർ ഉക്രൈൻ സ്വദേശികളുമാണുണ്ടായിരുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തകർന്നുവെന്നായിരുന്നു ഇറാൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് സമ്മതിക്കുകയായിരുന്നു

ഇറാൻ-യുഎസ് സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ടെഹ്‌റാൻ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതിന് പിന്നാലെ വിമാനം വെടിവെച്ചിട്ടത്. സംഭവത്തിൽ ഇറാനിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇ അടക്കം രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇപ്പോഴും തെരുവിലാണ്

 

Share this story