മകന്റെ ബേസ്‌ബോൾ ഗ്രൂപ്പ് ഫണ്ടിൽ നിന്ന് മൂന്നു ലക്ഷം ഡോളർ മോഷ്ടിച്ച അമ്മയ്ക്ക് എട്ട് വർഷം തടവ്

മകന്റെ ബേസ്‌ബോൾ ഗ്രൂപ്പ് ഫണ്ടിൽ നിന്ന് മൂന്നു ലക്ഷം ഡോളർ മോഷ്ടിച്ച അമ്മയ്ക്ക് എട്ട് വർഷം തടവ്

മൊയ്തീൻ പുത്തൻചിറ

ഹ്യൂസ്റ്റൺ: യൂത്ത് ബേസ്‌ബോൾ ഗ്രൂപ്പിൽ സന്നദ്ധപ്രവർത്തനം നടത്തുന്നതിനിടെ 300,000 ഡോളർ മോഷ്ടിച്ച ടെക്‌സസ് വനിതയെ എട്ട് വർഷം തടവിന് ശിക്ഷിച്ച് ജയിലിലടച്ചു. ആർലിംഗ്ടണിലെ ജെന്നിഫർ സ്യൂ വിറ്റീവീൻ (52) മാൻസ്ഫീൽഡ് യൂത്ത് ബേസ്‌ബോൾ അസോസിയേഷനിൽ (എംവൈഎബി) സന്നദ്ധപ്രവർത്തനം നടത്തവേയാണ് പണാപഹരണം നടത്തിയത്.

വ്യാജ ചെക്കുകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി പണം പിൻവലിക്കാൻ വിറ്റീവീൻ അസോസിയേഷൻറെ ട്രഷറർ സ്ഥാനം ദുരുപയോഗപ്പെടുത്തി. 2012 ജനുവരി മുതൽ 2018 ജൂലൈ വരെ, വിറ്റീവീൻ ഏകദേശം 295,000 ഡോളറിൽ കൂടുതൽ മോഷ്ടിച്ചതായി കണക്കാക്കപ്പെടുന്നുവെന്ന് ടാരൻറ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് പറയുന്നു.

പിടിക്കപ്പെട്ടപ്പോൾ കുടുംബ മെഡിക്കൽ ബില്ലുകൾ അടയ്ക്കാനാണ് പണം മോഷ്ടിച്ചതെന്ന് വിറ്റീവീൻ അവകാശപ്പെട്ടു.

എന്നാൽ മോഷ്ടിച്ച പണത്തിൻറെ രണ്ട് ശതമാനം മാത്രമാണ് ബില്ലുകൾക്കായി ചെലവഴിച്ചതെന്ന് പ്രൊസിക്യൂട്ടർമാർ തെളിവു സഹിതം കോടതിയിൽ പറഞ്ഞു. ഫോറൻസിക് അക്കൗണ്ടിംഗ് വിശകലനം ചെയ്തപ്പോൾ ആമസോണിൽ നിന്ന് 22,000 ഡോളറിന്റെ സാധനങ്ങൾ വാങ്ങിയതായും 50,000 ഡോളർ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകളിൽ ചിലവഴിച്ചതായും കണ്ടെത്തി.

കുട്ടികളെ സഹായിക്കുന്നതിനും, മാൻസ്ഫീൽഡ് നഗരം കുട്ടികൾക്ക് വളരുന്നതിനുള്ള മികച്ച സ്ഥലമാക്കി മാറ്റുന്നതിനും വേണ്ടിയായിരുന്നു എംവൈഎബി രൂപീകരിച്ചത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടനയിലെ തൻറെ നേതൃസ്ഥാനം മുതലെടുത്ത് അവർ സ്വന്തം ആവശ്യങ്ങൾക്കായി പണം മോഷ്ടിച്ചു എന്ന് പ്രൊസിക്യൂട്ടർ ജോണി ന്യൂബെർൻ പ്രസ്താവനയിൽ പറഞ്ഞു.

150,000 മുതൽ 300,000 ഡോളർ വരെ മോഷ്ടിച്ചെന്ന് വിറ്റ്വീൻ സമ്മതിച്ചു. ഇത്തരം കേസുകളിൽ സാധാരണയായി ഒരു രണ്ടാം ഡിഗ്രി കുറ്റവാളിയായി കാണേണ്ടതായിരുന്നു. എന്നാൽ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ നിന്ന് മോഷ്ടിച്ചതിനാൽ കുറ്റം ഒന്നാം ഡിഗ്രിയിലേക്ക് ഉയർത്തി. അതുകൊണ്ടുതന്നെ എട്ടു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തുവെന്ന് പ്രൊസിക്യൂട്ടർ പറഞ്ഞു.

അസോസിയേഷന് തിരിച്ചടവ് നൽകുന്നതിന് വിറ്റീവീൻറെ പരോൾ സോപാധികമാക്കണമെന്ന പ്രൊസിക്യൂഷന്റെ ശുപാർശയും ജഡ്ജി എലിസബത്ത് ബീച്ച് അംഗീകരിച്ചു

Share this story