ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 213 ആയി: 10,000 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 213 ആയി: 10,000 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കൊറോണ പടരുന്ന ചൈനയിൽ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 213 ആയി. ഇതുകൂടാതെ 10,000 പേർക്ക് കൂടി ചൈനയിൽ രോഗ ബാധയേറ്റതായി അധികൃതർ സ്ഥിരീകരിച്ചു.അതേസമയം ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്ക്കെല്ലാം നോട്ടീസ് നൽകുമെന്നും ലോകാരോഗ്യ സംഘടന തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ് അറിയിച്ചു. രാജ്യാതിർത്തികൾ അടയ്ക്കുന്നതും വിമാനങ്ങൾ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ അതാത് രാജ്യങ്ങൾക്ക് തീരുമാനമെടുക്കാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനസർവ്വീസുകൾ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാൾ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാൻ ചൈന ആവശ്യമായ നടപടികളെടുത്തുക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, മോശമായ ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് മൊത്തതിൽ 9700 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പേർ ചൈനയിലാണ്. ചൈനക്ക് പുറത്ത് 20 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത് ഇന്ത്യയിലും ഫിലിപ്പിൻസിലുമാണ്. ലോക ആരോഗ്യ സംഘടനയും രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി.ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാർഥിനിക്കാണ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽകോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ തുടരുന്ന വിദ്യാർഥിനിയുടെ നില ഗുരുതരമല്ല.

Share this story